ദോഹ: അത്യാവശ്യമരുന്നുകൾ അടക്കം 280 ഓളം മരുന്നുകൾക്ക് വൻ വിലക്കുറവ് ഏർപ്പെടുത്തുന്നു. സെപ്റ്റംബർ 22 മുതൽ രാജ്യത്ത് മരുന്നുകളുടെ വിലക്കുറവ് പ്രാബല്യത്തിലാകുമെന്നാണ് അധികൃതർ പറയുന്നത്. ആസ്പിരിൻ, പനഡോൾ തുടങ്ങിയ മരുന്നുകൾക്കും വിലക്കുറവ് ബാധകമാക്കും. അഞ്ചു മുതൽ 60 ശതമാനം വരെ വിലക്കുറവാണ് നടപ്പിൽ വരുത്തുകയെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്‌സിഎച്ച) പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

ജിസിസി രാജ്യങ്ങളിൽ 2500ഓളം മരുന്നുകളുടെ വിലയിൽ ഏകീകരണം വരുത്തണമെന്നുള്ള പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് ഖത്തറിൽ വിലക്കുറവ് ഏർപ്പെടുത്തുന്നത്. മരുന്നുകൾക്ക് വില കുറയുമെന്ന് നേരത്തെ തന്നെ എസ്‌സിഎച്ച് വ്യക്തമാക്കിയിരുന്നു. മരുന്നുകളുടെ വില കുറയ്ക്കണമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫാർമസികൾ, ഹോൾ സെയിൽ ഡ്രഗ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് തുടങ്ങിയവയ്ക്ക് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് കത്തയച്ചു കഴിഞ്ഞു. 280 ഓളം മരുന്നുകളുടെ പുതിയ വിലയും പഴയ വിലയും വ്യക്തമാക്കുന്ന ലിസ്റ്റും ഇതിനൊപ്പം നൽകിയിട്ടുണ്ട്.

അഞ്ചു വിഭാഗങ്ങളിൽ പെട്ട മരുന്നുകളുടെ വിലയാണ് പ്രാരംഭ ഘട്ടത്തിൽ കുറയ്ക്കുന്നത്. കാർഡിയോ വാസ്‌ക്കുലാർ സിസ്റ്റം, എൻഡോക്രൈൻ സിസ്റ്റം, ഗസ്സ്‌ട്രോ ഇന്റസ്‌റ്റൈനല് സിസ്റ്റം, മസ്‌ക്കുലോ സ്‌കെലിറ്റൽ ഡ്രഗ്‌സ്, സ്‌കിൻ ഗ്രഗ്‌സ് എന്നിവയ്ക്കാണ് ആദ്യം വില കുറയ്ക്കുക. ജിസിസി തീരുമാനപ്രകാരമുള്ള മറ്റു മരുന്നുകളുടെ വില അടുത്ത ഘട്ടത്തിലായി കുറയ്ക്കും. ചില മരുന്നുകൾക്ക് 40 ഉം 60ഉം ശതമാനത്തിൽ കൂടുതൽ വില കുറയുമെന്നതാണ് മറ്റൊരു പ്രത്യേകത. ഉദാഹരണത്തിന് 100 മില്ലി ഗ്രാം 30 ആസ്പിരിൻ ഗുളികയ്ക്ക് 10 റിയാൽ എന്നുള്ളത് 3.75 റിയാലായി കുറയും.