ന്യൂഡൽഹി: ഷേവിങ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ച ഷാരൂഖ് ഖാനും എട്ടിന്റെ പണി കൊടുത്ത് ഭോപ്പാലുകാരനായ യുവാവ്. ഷാരുഖ് ഖാൻ സാക്ഷ്യപ്പെടുത്തിയ വിഐ ജോൺ എന്ന ഷേവിങ് ക്രീം ഉപയോഗിച്ച യുവാവിനാണ് പണി കിട്ടിയത്. കിട്ടിയ പണി തിരിച്ച് കൊടുക്കാനും കക്ഷി മറന്നില്ല.

ക്രീം ഉപയോഗിച്ച് മുഖത്ത് മുഴുവൻ പാടുകളും അസ്വസ്ഥതകളും അനുഭവപ്പെട്ട രാജ്കുമാർ പാണ്ഡെ ആണ് ഉപഭോക്തൃ പരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തത്. പരസ്യത്തിൽ 'ഇന്ത്യയിലെ നമ്പർവൺ'ഷേവിങ് ക്രീം' എന്ന തെറ്റിദ്ധാരണാ ജനകമായ പരസ്യം നൽകി ജനങ്ങളെ കബളിപ്പിച്ചുവെന്നാണ് കേസ്. 

പരാതി ലഭിച്ചതിനെത്തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് പരസ്യത്തിൽ അഭിനയിച്ച നടൻ ഷാരൂഖ് ഖാനും ഉത്പന്നം നിർമ്മിച്ച കമ്പനിക്കും വിറ്റ കട ഉടമയ്ക്കും നോട്ടീസയക്കാൻ ഉത്തരവിട്ടു. ഷാരൂഖ് ഖാൻ പരസ്യ മോഡലായ വിഐ ജോൺ എന്ന ഷേവിങ് ക്രീം ഗുണമേന്മ ഇല്ലാത്തതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.