'തും പാസ് ആയേ...' എന്ന സൂപ്പർ ഹിറ്റ് ഗാനം പാടിയ റിമി ടോമിയെ ബോളിവുഡ് രാജാവ് ഷാരൂഖ് ഖാൻ കൈകളിൽ കോരിയെടുത്ത കാഴ്ച ആരും മറന്നുകാണില്ല. ഏഷ്യാനെറ്റിന്റെ അവാർഡ് നിശയിൽ അതിഥിയായി എത്തിയപ്പോഴാണ് കിങ് ഖാൻ അവതാരകയും ഗായികയുമായ റിമി ടോമിയെ കൈകളിൽ കോരിയെടുത്തത്.

വീണ്ടുമിതാ ഷാരൂഖുമായി ഒന്നിക്കാൻ റിമി ടോമിക്ക് വീണ്ടും അവസരം. മഴവിൽ മനോരമയിൽ റിമി ടോമി അവതാരകയായ 'ഒന്നും ഒന്നും മൂന്ന്' എന്ന പരിപാടിയിലാണ് ഷാരൂഖ് അതിഥിയായി എത്തുന്നത്. ഒപ്പം ബോളിവുഡ് താരറാണി ദീപിക പദുക്കോണുമുണ്ട്.

ദീപാവലി ദിനത്തിൽ രാത്രി ഒമ്പതിന് സംപ്രേഷണം ചെയ്യുന്ന പ്രത്യേക എപ്പിസോഡിലാണ് ഇരുവരും അതിഥികളായി എത്തുന്നത്. മലയാളം മിനിസ്‌ക്രീനിൽ ആദ്യമായാണ് ഷാരൂഖും ദീപിക പദുക്കോണും ഒന്നിച്ച് അതിഥികളായി എത്തുന്നത്. ആരെയും ആകർഷിക്കുന്ന റിമിയുടെ അവതരണശൈലിക്കൊപ്പം ഒരു ചിരിയോ നോട്ടമോ കൊണ്ടുപോലും ആരാധകലക്ഷങ്ങളെ കോരിത്തരിപ്പിക്കുന്ന ഖാൻ മാജിക് ചേരുന്ന അപൂർവ നിമിഷങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

റിമി ടോമിയുടെ ഹാസ്യാത്മക അവതരണം ബോളിവുഡ് താരങ്ങളുടെ മനംകുളിർപ്പിച്ചു എന്നാണ് സൂചനകൾ. റിമിയെ അഭിനന്ദിക്കാനും ദീപിക മറന്നില്ല. ഇരുവർക്കും കേരളത്തിന്റെ വക ഒരു ചുണ്ടൻവള്ളം സമ്മാനമായി നൽകുകയും ചെയ്തു. ഷാരൂഖും ദീപികയും പ്രധാനവേഷത്തിലെത്തുന്ന ദീപാവലി റിലീസായ 'ഹാപ്പി ന്യൂ ഇയർ' എന്ന ചിത്രത്തിന്റെ പ്രചാരണവും ലക്ഷ്യമിട്ടാണ് ചാനലിന് താരങ്ങൾ പ്രത്യേക അഭിമുഖത്തിന് അനുമതി നൽകിയത്.