ന്യൂഡൽഹി: ഇത്തവണത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ബോളിവുഡ് നടനും നിർമ്മാതാവുമായ ശശി കപൂറിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം സമ്മാനിക്കുന്നത്.

ഇന്നലെകളിലെ സൂപ്പർ താരമായിരുന്ന ശശി കപൂർ ബാലതാരമായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1961ൽ യശ് ചോപ്രയുടെ ധരം പുത്ര് എന്നി ചിത്രത്തിലൂടെ നായകനായി. 1980ലാണ് ശശി കപൂർ ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമാകുന്നത്. ഫിലിം വാലാസ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി ശശി കപൂറിന്റേതാണ്. 1998 ൽ ഇറങ്ങിയ ജിന്നയാണ് അവസാനം അഭിനയിച്ച ചിത്രം. 2011ൽ അദ്ദേഹത്തിന് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

1940കളിലായിരുന്നു ബാലതാരമായി ശശി കപൂർ സിനിമയിലെത്തിയത്. 100ലധികം ചിത്രങ്ങളിൽ അഭിനയിച്ച ശശി കപൂറിന്റെ ശ്രദ്ധേയ ചിത്രങ്ങൾ ദീവാർ, ദോ ഓർ ദോ പാഞ്ച്, നമക് ഹലാൽ തുടങ്ങിയവയാണ്. മൂന്ന് തവണ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം ശശി കപൂറിന് ലഭിച്ചിട്ടുണ്ട്.

ന്യൂഡൽഹി ടൈംസ് (1986) എന്ന ചിത്രത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ അദ്ദേഹം 1993ലെ മുഹാഫിസ് എന്ന ചിത്രത്തിൽ പ്രത്യേക ജൂറി പരാമർശവും കരസ്ഥമാക്കി. ഹിന്ദിയിലെ മികച്ച ചിത്രമായി ദേശീയ പുരസ്‌കാര സമിതി 1979ൽ ശശി കപൂർ നിർമ്മിച്ച ജുനൂൻ എന്ന ചിത്രം തെരഞ്ഞെടുത്തിരുന്നു.

ഈ മാസം 18നാണ് അദ്ദേഹം 77-ാം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞവർഷം പ്രമുഖ പാട്ടെഴുത്തുകാരനും സംവിധായകനുമായ ഗുൽസാറിനായിരുന്നു ഫാൽക്കെ പുരസ്‌കാരം.