കൊച്ചി: സംഘടനാ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഹൈക്കമാണ്ടിന് കത്തെഴുതിയത് ഇരുപതിൽ അധികം നേതാക്കളാണ്. ഇതിൽ കേരളത്തിൽ നിന്ന് ശശി തരൂരും പിജെ കുര്യനും. എന്നിട്ടും വിമർശനം ശശി തരൂരിന് മാത്രം. ഇതിന് പിന്നിൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശശി തരൂർ ശ്രദ്ധ കേന്ദ്രീകരിക്കുമോ എന്ന നേതാക്കളുടെ ഭയമാണെന്ന വിലയിരുത്തലും സജീവമാകുന്നു. പാർലമെന്റ് അംഗമെന്നതിലുപരി നിയമസഭയിലേക്ക് മത്സരിക്കാൻ തരൂർ കരുക്കൾ നീക്കുന്നുവെന്ന സംശയമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

അതിനിടെ യുവ നേതാക്കൾ തരൂരിനെ പിന്തുണയ്ക്കുന്നത് ഗ്രൂപ്പ് മാനേജർമാരെ ഞെട്ടിച്ചിട്ടുണ്ട്. ഗ്രൂപ്പുകൾക്ക് അതീതനായി തരൂർ വളരുമോ എന്ന ആശങ്ക കെപിസിസിയിലെ ചിലർക്കും ഉയർന്നിട്ടുണ്ട്. അതിനിടെ തരൂരിനെ പിന്തുണച്ച് യുവ എംഎൽഎ റോജി ജോണും പരസ്യമായി രംഗത്തു വന്നു. നേരത്തെ ശബരിനാഥനും തരൂരിനെ പിന്തുണച്ചിരുന്നു. പിടി തോമസും പരസ്യമായി രംഗത്ത് വന്നു. ഇതോടെ വിവാദ പ്രസ്താവനകൾ പാടില്ലെന്ന വിലക്ക് കെപിസിസി പുറത്തിറക്കി. ഇതിന് പിന്നിൽ തരൂർ അനുകൂല പ്രതികരണങ്ങൾ തുടരുന്നതു കാരണമാണെന്ന വിലയിരുത്തൽ സജീവമാണ്.

തരൂർ വിഷയത്തിൽ ആദ്യ പരസ്യ പ്രതികരണം വന്നത് മുല്ലപ്പള്ളിയുടെ ഭാഗത്തു നിന്നാണ്. തരൂരിന്റെ ഡൽഹിയിലെ വീട്ടിൽ ഡിന്നറുകൾ നടക്കാറുണ്ട്. ഇതിലൊന്നും തനിക്ക് താൽപ്പര്യമില്ല. പങ്കെടുക്കാറുമില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോവിഡിന് ശേഷം തിരുവനന്തപുരത്തേ വന്നിട്ടില്ലെന്ന വിർശനവും ഉയർത്തി. ഇതിന് ശേഷം കെ മുരളീധരൻ പരസ്യമായി രംഗത്തു വന്നു. കൊടിക്കുന്നിൽ സുരേഷ് ഗസ്റ്റ് ആർട്ടിസ്റ്റ് എന്ന് വിളിച്ചു കളിയാക്കി. അപ്പോഴൊന്നും പരസ്യ പ്രസ്താവനയെ ആരും വിലക്കിയില്ല. എന്നാൽ ശബരിനാഥനും പിടി തോമസും റോജി ജോണുമെല്ലാം തരൂരിന് അനുകൂലമായി എത്തിയതോടെ പ്രസ്താവന വിലക്കും വന്നു.

ഏകദേശം 10 വർഷങ്ങൾക്ക് മുമ്പ് ഒന്നിച്ചുള്ള ഒരു യാത്രയിൽ ശ്രീ ശശി തരൂർ എന്നോട് പറഞ്ഞത് രാഷ്ട്രീയത്തിൽ കണ്ടുവരുന്ന സ്ഥിരം കാഴ്ചകൾക്കപ്പുറം വ്യത്യസ്തമായി ഈ രാജ്യത്ത് എന്തെങ്കിലും ചെയ്യുവാനാണ് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നത് എന്നാണ്. എന്നെ വളരെ സ്വാധീനിച്ച ഒരു സന്ദേശമായിരുന്നു അത്. സങ്കുചിതമായ ചിന്താഗതികൾക്കപ്പുറം വിശാലമായ കാഴ്ചപ്പാടോടുകൂടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം മറ്റ് രാഷ്രീയക്കാരിൽ നിന്നും തരൂരിനെ വ്യത്യസ്തനാക്കുന്നു. അക്ഷരാർത്ഥത്തിൽ ഒരു വിശ്വപൗരനായ അദ്ദേഹത്തിന്റെ ഒരു ജനപ്രതിനിധി എന്ന നിലയിലെ പ്രവർത്തനങ്ങൾ രാഷ്ട്രീയത്തിലേക്ക് കടന്ന് വരാൻ ആഗ്രഹിക്കുന്ന അഭ്യസ്തവിദ്യരായ യുവതലമുറക്ക് ഒരു മാതൃകയാണ്-ഇങ്ങനെയാണ് അങ്കമാലി എംഎൽഎയായ റോജി ജോൺ കുറിച്ചത്.

തരൂരിന്റെ മതേതര നിലപാട് തിരുവനന്തപുരം മണ്ഡലത്തിൽ വർഗീയ ശക്തികളെ ചെറുക്കുന്നതിൽ മാത്രമല്ല, രാജ്യത്തിനകത്തും പുറത്തും അദ്ദേഹം നടത്തിയിട്ടുള്ള നൂറുകണക്കിന് പ്രഭാഷണങ്ങളിലും വ്യക്തമാണ്.. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഒരു ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസ്സിൽ എന്നും ഉണ്ടായിട്ടുണ്ട്. അത് ഇനിയും തുടരും. തരൂരിനെ പോലുള്ള നേതാക്കൾ കോൺഗ്രസ്സിനും ഈ രാജ്യത്തിനും ആവശ്യമാണ്. കോൺഗ്രസ് ശക്തമായി തിരിച്ചുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് നാം ഒറ്റക്കെട്ടായി നിൽക്കണം...-എന്നും റോജി അഭിപ്രായപ്പെട്ടു. ഇതിന് സമാനമായി യുവ നേതാക്കൾ തരൂരിന് പിന്നിൽ പരസ്യമായി അണിനിരക്കാൻ സാധ്യത ഏറെയായിരുന്നു. ഇതിനെയാണ് പരസ്യ പ്രസ്താവന വിലക്കലിലൂടെ കെപിസിസി ഇല്ലായ്മ ചെയ്യുന്നത്.

സംഘടനാപരമായ കാര്യങ്ങളിൽ പരസ്യപ്രസ്താവന നടത്തരുതെന്ന എ.ഐ.സി.സിയുടെ നിർദ്ദേശം എല്ലാവരും പാലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഉൾപ്പാർട്ടി ജനാധിപത്യം പൂർണ്ണമായും അനുവദിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ പാർട്ടി വേദികളിൽ അഭിപ്രായം രേഖപ്പെടുത്താൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പാർട്ടിയെ സ്നേഹിക്കുന്നവരാരും പരസ്യപ്രസ്താവന നടത്തരുതെന്നും മുല്ലപ്പള്ളി അറിയിച്ചു.

കോൺഗ്രസ് പാർട്ടിക്ക് ശക്തമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ടു സോണിയ ഗാന്ധിക്ക് കത്തെഴുതിയതിന്റെ പേരിൽ സംസ്ഥാനത്തോ കോൺഗ്രസ് നേതാക്കളിൽ ചിലർ ശശി തരൂരിനെതിരെ തുറന്നടിച്ചു രംഗത്തുവന്നതോടെ പ്രതിരോധം തീർത്ത് കോൺഗ്രസിലെ യുവ നേതാക്കൾ എത്തിയത് കെപിസിസിയേയും ഞെട്ടിച്ചിരുന്നു. തരൂരിനെ പോലൊരു നേതാവിനെ ചില നേതാക്കളുടെ ഈഗോയുടെ പേരിൽ അവഹേളിക്കാൻ അനുവദിക്കില്ലെന്ന നിലിപാടിലാണ് ഗ്രൂപ്പ് നോക്കാതെ കോൺഗ്രസിനെ സ്നേഹിക്കുന്ന നേതാക്കൾ.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം അടക്കമുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകളുടെ പേരിൽ വിമർശനം നേരിടുമ്പോഴാണ് തരൂരിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയത്. കോൺഗ്രസിന് ദേശീയ രാഷ്ട്രീയത്തിൽ അടക്കം ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്ന നേതാവിനെ മുല്ലപ്പള്ളിയും കെ മുരളീധരനും പോലുള്ള നേതാക്കൾ വ്യക്തിവൈരാഗ്യം തീർക്കുന്നതിലാണ് കോൺഗ്രസ് അണികൾക്കിടയിൽ അമർഷം ഉടലെടുത്തിരിക്കുന്നത്. ഇന്ന് ഗസ്റ്റ് റോളാണ് തരൂരിനെന്ന് ആക്ഷേപിച്ചു കൊടിക്കുന്നിൽ സുരേഷ് കൂടി എത്തിയതോടെ കടുത്ത അമർഷമാണ് ഈ നേതാക്കൾക്കെതിരെ ഉടലെടുത്തിരിക്കുന്നത്. സൈബർ ലോകത്തും ഇവർക്കെതിരെ പ്രതിഷേധം അലയടിക്കുന്നുണ്ട്. കോൺഗ്രസ് അനുകൂലികളായ സൈബർ അണികൾ തരൂരിനെ കോൺഗ്രസിന് ആവശ്യമുണ്ടെന്ന് ആവർത്തിച്ചു വ്യക്തമാക്കി രംഗത്തുവന്നു.

അതിനിടെ ശശി തരൂരിനെ പിന്തുണച്ച് കെ എസ് ശബരീനാഥൻ എംഎൽഎ പരസ്യമായി തന്നെ രംഗത്തുണ്ട്. പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തിനെതിരെ നിരന്തരം അപവാദ പ്രചരണങ്ങൾ നടത്തുമ്പോൾ, അദ്ദേഹത്തിന് വേണ്ടി സംസാരിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് ശബരീനാഥൻ ഫേസ്‌ബുക്കിൽ കുറിച്ചു. എയർപോർട്ട് സ്വകാര്യവത്കരണ വിവാദത്തിന് പിന്നാലെ കോൺഗ്രസിൽ സമൂല മാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളിലും തരൂർ ഉൾപ്പെട്ടത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമായിരുന്നു.കെ മുരളീധരനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കൊടിക്കുന്നിൽ സുരേഷും പരസ്യമായി ശശി തരൂരിനെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ശബരീനാഥന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.