ന്യൂഡൽഹി: സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യില്ല. അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച കേസിൽ ശശി തരൂരിന് വിചാരണയ്ക്ക് പൊലീസ് അവസരമൊരുക്കുമെന്നാണ് സൂചന. ഇന്നാണ് സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച് ഡൽഹി പൊലീസ് പാട്യാല കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.

പതിമൂന്ന് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ, സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയിരുന്ന മുറിവുകൾ തനിയെ എൽപ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡൽഹി പൊലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ മാസം 24ന് പട്യാല കോടതിയിൽ കേസ് പരിഗണിക്കും. അതിന് മുമ്പ് തരൂരിന് കോടതി സമൻസ് അയക്കും. തരൂരിന് കോടതിയിൽ ഹാജരായി ജാമ്യം എടുക്കാൻ അവസരമുണ്ടാകും. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണെങ്കിലും തരൂരിനെ വിചാരണ തടവുകാരനാക്കാൻ പ്രോസിക്യൂഷൻ തുനിയില്ലെന്നാണ് സൂചന. അതിനിടെ കുറ്റപത്രം വന്ന സാഹചര്യത്തിൽ ശശി തരൂർ നിയമവൃത്തങ്ങളുമായി ചർച്ച നടത്തി.

സുനന്ദാ പുഷ്‌കറിന്റേതുകൊലപാതകമാണോ ആത്മഹത്യയാണോ സ്വാഭാവിക മരണമാണോ എന്നൊന്നും ഉറപ്പിക്കാൻ ഡൽഹി പൊലീസിന് ശാസ്ത്രീയമായി ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ചുമത്തിയ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. കുറ്റപത്രം റദ്ദാക്കാൻ തരൂർ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സുനന്ദ പുഷ്‌കർ കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിനെതിരേ രൂക്ഷവിമർശനവുമായി ശശി തരൂർ രംഗത്ത് വന്നത്. നാല് വർഷത്തിലധികം അന്വേഷണം നടത്തി കണ്ടെത്തിയത് ഇക്കാര്യമാണെങ്കിൽ അന്വേഷണ രീതിയും ഇത്തരം കുറ്റപത്രത്തിലും ദുരൂഹതയുണ്ടെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു.

സമാന്യബുദ്ധിക്ക് നിരക്കാത്ത കുറ്റപത്രമാണ് ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിനെ ശക്തമായി തന്നെ നേരിടും. സുനന്ദയുടെ ആത്മഹത്യക്ക് പിന്നിൽ താനാണെന്ന് ഞങ്ങളെ അടുത്തറിയുന്ന ആരും വിശ്വസിക്കില്ലെന്നും, ഇക്കാര്യത്തിൽ പൊലീസിന്റെ നടപടി അവിശ്വസനീയമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നാല് വർഷത്തെ അന്വേഷണം ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസിനെ എത്തിച്ചത്. ഡൽഹി പൊലീസിന്റെ അന്വേഷണ രീതിയെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആളല്ല. സുനന്ദയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് ഒക്ടോബർ 17ന് ഡൽഹി ഹൈക്കോടതിയെ അറിയിച്ച പൊലീസ് ആറ് മാസത്തിന് ശേഷം ആത്മഹത്യയാണെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എഫ് ഐ ആർ പോലും ഇടാതെയാണ് തരൂരിനെതിരെ നേരിട്ട് കുറ്റപത്രം നൽകിയിരിക്കുന്നത്. കേസ് 24ന് പട്യാല കോടതി പരിഗണിക്കുമെങ്കിലും സെഷൻസ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും സ്വീകരിക്കുക. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരേ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഡൽഹി പൊലീസ് ഈക്കര്യം നീട്ടികൊണ്ടു പോകുകയായിരുന്നു. ഇത് കോടതിയുടെ വിമർശനത്തിനും വഴി വച്ചു. ഈ സാഹചര്യത്തിലാണ് വിവാദം ഒഴിവാക്കാൻ കുറ്റപത്രം നൽകിയതെന്നാണ് ഉയരുന്ന വിവാദം.

2014 ജനുവരി 17ന് ഡൽഹിയിലെ ഹോട്ടൽ ലീലാ പാലസിലാണ് സുനന്ദാ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വീട് സന്ദർശിച്ച ശേഷം ഡൽഹിയിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് സുനന്ദയുടെ മരണം. അതിനിടെ കുറ്റപത്രത്തിൽ പ്രതിചേർത്ത സാഹചര്യത്തിൽ ശശി തൂരൂർ ഉടൻ എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അധികാരമുപയോഗിച്ച് നേതാക്കളെ അടിച്ചമർത്താനാണ് ബിജെപി ശ്രമമെന്ന് കോൺഗ്രസും പ്രതികരിച്ചു

ശശീതരൂരിനെതിരെ കേസെടുത്തത് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ബിജെപി. എംപി . സ്ഥാനത്തുനിന്ന് തരൂർ മാറിനിൽക്കണം. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എംപി പ്രതികരിച്ചു. തരൂർ രാജിവയ്ക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. ഡൽഹി പൊലീസിന്റെ നടപടി തികച്ചും രാഷ്ട്രീയ പകപോക്കലാണെന്ന നിലപാടിലാണ് കോൺഗ്രസ്.

അധികാരമുപയോഗിച്ച് അപമാനിക്കാനുള്ള ശ്രമം ജനം തള്ളിക്കളയുമെന്ന് രമേശ് ചെന്നിത്തല ഫേസ്‌ബുക്കിൽ കുറിച്ചു. ലോക്‌സഭാ സീറ്റിൽ കണ്ണുവച്ച് തരൂരിനെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.