തിരുവനന്തപുരം: വീണ്ടും കോൺഗ്രസ് രാഷ്ട്രീയത്തിൽ 'തരൂർ' ചർച്ചകൾ. ശശി തരൂർ കേരള രാഷ്ട്രീയത്തിൽ സജീവമാകണമെന്ന നിർദ്ദേശം മുമ്പോട്ട് വയ്ക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. തരൂരിനെ പോലുള്ള നേതാക്കളെ മുന്നിൽ നിർത്തി ബിജെപിയുടെ കേരളത്തിലെ വളർച്ച തടയുകയാണ് ലക്ഷ്യം. നേമത്തെ കെ മുരളീധരന്റെ വിജയവും തരൂരിന്റെ സംസ്ഥാന രാഷ്ട്രീയത്തിലെ സജീവതയും ബിജെപി ഭീതിയിൽ നിന്ന് കോൺഗ്രസിനെ രക്ഷിക്കുമെന്നാണ് വിലയിരുത്തൽ.

സർവേകൾ തുടർഭരണം പ്രവചിക്കുമ്പോൾ ആവനാഴിയിലെ അവസാന വജ്രായുധവും പുറത്തെടുക്കാൻ കോൺഗ്രസ് തയ്യാറെടുക്കുകയാണ്. ഇതിന് വേണ്ടി ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകും. ഈ ഹൈക്കമാണ്ട് നിർദ്ദേശത്തിന് സമ്മതം മൂളി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഗ്രൂപ്പിന് അതീതമായ നിലപാട് എടുത്തു കഴിഞ്ഞു. നേമത്ത് വിജയിച്ചാൽ കെ മുരളീധരനും സുപ്രധാന പദവി നൽകും. തെരഞ്ഞെടുപ്പിന് ശേഷം തലമുറ മാറ്റത്തിനൊപ്പം നേതൃത്വതലത്തിലും സമൂല അഴിച്ചുപണി വരുമെന്നാണ് സൂചന.

നേമത്തിന് സമാനമായ ഇടെപടുലകളാണ് ഇനി കേരളത്തിൽ ഉണ്ടാകേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയുന്നു. ഇതിന്റെ ഭാഗമായാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും തരൂർ ഫാക്ടർ ചർച്ചയാക്കുന്നത്. നിഷ്പക്ഷ വോട്ടുകളെ കോൺഗ്രസിലേക്ക അടുപ്പിക്കാൻ തരൂരിനെ പോലുള്ളവരെ കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ശശി തരൂരിനെ കെപിസിസി അധ്യക്ഷനാക്കണമെന്ന അഭിപ്രായം പോലും കോൺഗ്രസിൽ സജീവമാണ്. ഗ്രൂപ്പു താൽപ്പര്യങ്ങൾക്ക് അപ്പുറത്തേക്ക് പുതിയ മുഖങ്ങൾ നേതൃനിരയിൽ ഉയർന്നു വരണമെന്നാണ് ആവശ്യം. നേമത്ത് മുരളീധരന്റെ വിജമാകും ഇനി കാര്യങ്ങൾ നിശ്ചയിക്കുക.

എല്ലാ സമുദായ നേതൃത്വവുമായും തരൂരിന് അടുത്ത ബന്ധമുണ്ട്. തിരുവനന്തപുരത്ത് ആദ്യം മത്സരിക്കുമ്പോൾ ഡൽഹി നായരെന്ന വിശേഷണം എൻ എസ് എസ് ചർച്ചയാക്കിയെങ്കിലും പതിയെ മഞ്ഞുരുകി. എന്ന് എൻഎസ് എസുമായി ഏറെ അടുത്തു നിൽക്കുന്ന നേതാവ്. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായും ആത്മബന്ധമുണ്ട് തരൂരിന്. ക്രൈസ്തവ സഭയ്ക്കും പ്രിയങ്കരൻ. മുസ്ലീമിനും താൽപ്പര്യം. ഇത്തരത്തിലൊരു നേതാവിനെ കേരളത്തിൽ സജീവമാക്കുന്നത് കോൺഗ്രസിന് ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് തിരിച്ചറിവ്. യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണ്ണായക സ്വാധീനം തരൂരിന് ഉണ്ടാകും. അർഹമായ പരിഗണന നൽകും.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ പുനഃസംഘടനയുണ്ടാകുമെന്ന് സൂചനയുണ്ട്. മികച്ച ജയം നേടിയാൽ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് മാറ്റുന്നത് നീതികേടാണ്. നിയമസഭയിലേക്ക് മത്സരിക്കാൻ മുല്ലപ്പള്ളിക്ക് താൽപ്പര്യമുണ്ടായിരുന്നു. എന്നാൽ നേതൃത്വം അനുവദിച്ചില്ല. ഈ സാഹചര്യത്തിലാകും ജയിച്ചാൽ മുല്ലപ്പള്ളിയെ തുടരാൻ അനുവദിക്കുക. അങ്ങനെ വന്നാൽ യുഡിഎഫ് കൺവീനർ സ്ഥാനം തരൂരിന് കിട്ടും. പിണറായി തുടർഭരണം ഉറപ്പിച്ചാൽ തരൂരിനെ കെപിസിസി നേതൃത്വം ഏൽപ്പിക്കുമെന്നും ഉറപ്പാണ്.

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും തരൂരിന് നിർണ്ണായക റോളുണ്ടായിരുന്നു. വിജയ സാധ്യത ഇല്ലാത്ത പലർക്കും സീറ്റ് നിഷേധിച്ചു. ക്രിയാത്മകമായ പ്രകടന പത്രിക തയ്യാറാക്കി. വൈദ്യുതി സൗജന്യം അടക്കമുള്ള നിർദ്ദേശങ്ങൾക്ക് പിന്നിൽ തരൂരാണെന്നാണ് സൂചന. കോൺഗ്രസിന്റെ പ്രകടന പത്രിക സമ്പൂർണ്ണമാണെന്ന് വിദഗ്ധരും പറയുന്നു. പ്രചരണ പത്രികയ്ക്ക് വേണ്ടത്ര പ്രചാരണം കിട്ടിയിട്ടില്ല. മാധ്യമങ്ങൾ അത് ചർച്ചയാക്കിയുതമില്ല. അതുകൊണ്ട് തരൂരിനെ ഇറക്കി ഇത് കൂടുതൽ ചർച്ചയാക്കും. അവസാന ഘട്ടത്തിൽ കേരളത്തിൽ ഉടനീളം പ്രചരണത്തിന് തരൂരിനെ ഇറക്കും.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും ഹരിപ്പാട് രമേശ് ചെന്നിത്തലയും കടുത്ത മത്സരത്തെ നേരിടുന്നു. അതുകൊണ്ട് തന്നെ അവസാന ഘട്ടത്തിൽ സംസ്ഥാനമാകെ തരൂരിനെ ഇറക്കാനാണ് തീരുമാനം. അതിനിടെ യു.ഡി.എഫിന് അധികാരം ലഭിച്ചാൽ കെ മുരളീധരനെ മന്ത്രിയാക്കുമെന്ന് ശശി തരൂർ പറയുന്നു. കേരളത്തിൽ ബിജെപി വേണ്ടെന്ന സന്ദേശം നൽകുന്ന റിസൽട്ടായിരിക്കും മുരളീധരന്റെ വിജയത്തോടെ ഉണ്ടാവുക.അടുത്ത പന്ത്രണ്ട് ദിവസം യു.ഡി.എഫിന് നിർണ്ണായകമാണെന്ന് പറഞ്ഞ തരൂർ യു.ഡി.എഫ് ഭരണത്തിൽ കയറുമെന്നും അവകാശപ്പെട്ടു.

നേമത്ത് കടുത്ത മത്സരമാണ് ഉള്ളത്. പക്ഷേ ആളുകളുടെ ആവേശമൊക്കെ കാണുമ്പോൾ വിജയപ്രതീക്ഷയാണ് ഉള്ളത്. ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു പാട് സ്ഥാനാർത്ഥികളുണ്ട്. അവരെക്കുറിച്ച് കൂടുതലറിയുമ്പോൾ ആവേശം കൂടുകയാണ്. നേമത്തെ ബിജെപി അവരുടെ സ്വന്തം ഗുജറാത്താക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഗുജറാത്ത് നമുക്ക് വേണ്ട. ഗുജറാത്ത് ഗുജറാത്തിൽ തന്നെയിരുന്നോട്ടെ. ഞങ്ങൾ നേമം വിട്ടുകൊടുക്കുകയില്ല-തരൂർ പറയുന്നു.

അതു കൊണ്ടാണ് ഇത്ര ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് തരൂർ പറഞ്ഞു. മുരളീധരന്റെ സ്ഥാനാർത്ഥിത്വം നേമത്ത് ഗുണം ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.