തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂരിൽ അടിയന്തര സഹായമെത്തിക്കണമെന്ന് ശശി തരൂർ എംപി. സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു.

ചുഴലിക്കാറ്റു മൂലമുണ്ടായ ശക്തമായ കടലാക്രമണത്തിൽ പൊഴിയൂർ തെക്കൻ കൊല്ലംകോടിലെ കേരള-തമിഴ്‌നാട് അതിർത്തിയിലെ വീടുകളാകെ തകരുകയും റോഡ് പൂർണമായും കടലെടുക്കുകയും ചെയ്തിരുന്നു.

തകർന്ന റോഡിന് സമാന്തര പാതകളില്ലാത്തതിനാൽ റോഡിന്റെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ഇതിനുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് എംപി അറിയിച്ചു. വീടുകൾ നഷ്ടപ്പെട്ടവർ ഇപ്പോൾ ക്യാംപുകളിലാണ്. ഇവരുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണ ക്രമീകരണത്തിലും പ്രത്യേക ശ്രദ്ധ വേണം.

കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. തീരദേശവാസികൾക്കായി നിർമ്മിച്ച വീടുകൾ അടിയന്തരമായി ഗുണഭോക്താക്കൾക്ക് അനുവദിച്ച് നൽകണം. കോവിഡാനന്തര പ്രശ്‌നങ്ങൾക്കായുള്ള ചികിത്സ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്താൽ ഉടനെ താൻ പൊഴിയൂർ സന്ദർശിക്കുമെന്നും തരൂർ അറിയിച്ചു.