ന്യൂഡൽഹി: പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇന്ത്യക്കെതിരെ നടത്തിയ ട്വീറ്റ് ലൈക്ക് ചെയ്‌തെന്ന് പേരിൽ വിവാദത്തിൽ പെട്ടിരിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ. കരസേന മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്ക് പാക് വിദേശകാര്യ മന്ത്രി ഖാജ എം ആസിഫ് നൽകിയ മറുപടിക്കാണ് തരൂർ ലൈക്ക് ചെയതെന്ന ആരോപണവുമായി ബിജെപിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തിയത്. സ്‌ക്രീൻ ഷോട്ട് സഹിതമാണ് മാളവ്യ രംഗത്തെത്തിയത്.

 

എന്നാൽ പിന്നീട് എടുക്കാൻ ആവശ്യമായ ട്വീറ്റുകൾ എളുപ്പത്തിൽ എടുക്കുന്നതിന് ബുക്ക് മാർക്ക് സംവിധാനമായാണ് താൻ ലൈക്ക് ഉപയോഗിച്ചതെന്ന് വ്യക്തമാക്കി തരൂർ ആരോപണം നിഷേധിച്ചു.ലൈക്ക് ഖാജ എം ആസിഫിന്റെ പ്രസ്താവനയ്ക്കുള്ള അംഗീകാരമല്ല എന്നും ബുക്ക് മാർക്ക് സംവിധാനമായി ലൈക്ക് ഉപയോഗിക്കുന്നതിന് തെളിവായി 2013ലെ തന്റെ ഒരു ട്വീറ്റ് കണ്ടെത്തി അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തു.

തുടർന്ന് പാക് വിദേശകാര്യ മന്ത്രി ഖാജ എം ആസിഫിന്റെ പ്രസ്താവന അസംബന്ധവും വിദേശകാര്യ മന്ത്രിക്ക് യോജിക്കാത്തതുമാണെന്ന് തരൂർ ട്വീറ്റ് ചെയ്യുകയും ചെയ്തു