- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കള്ളപ്പണ വിഷയത്തിൽ കോൺഗ്രസ് ഉയർത്തിയ പ്രതിഷേധത്തിൽ പങ്കാളിയാകാതെ ഇറങ്ങിപ്പോയി; തരൂരിന്റെ മോദി പ്രേമത്തിന് മറ്റൊരു ഉദാഹരണം ചൂണ്ടി കോൺഗ്രസ് നേതാക്കൾ; സോണിയക്ക് പരാതി
ന്യൂഡൽഹി: കോൺഗ്രസ് ടിക്കറ്റിൽ തിരുവനന്തപുരത്തു നിന്നും മത്സരിച്ച് വിജയിച്ച ശശി തരൂർ എംപി ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ടോ? ഈ സംശയം ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് കോൺഗ്രസുകാർക്ക് തന്നെയാണ്. കോൺഗ്രസുകാരുടെ വികാരങ്ങൾ മാനിക്കാതെ മോദിയുടെ പ്രശംസ പിടിച്ചുപറ്റാനാണ് തരൂർ ശ്രമിക്കുന്നതെന്ന ആക്ഷേപം സ്വന്തം പാർട്ടിക്കാർക്കിടയിൽ തന്നെ ശ
ന്യൂഡൽഹി: കോൺഗ്രസ് ടിക്കറ്റിൽ തിരുവനന്തപുരത്തു നിന്നും മത്സരിച്ച് വിജയിച്ച ശശി തരൂർ എംപി ഇപ്പോഴും കോൺഗ്രസിൽ തന്നെയുണ്ടോ? ഈ സംശയം ഇപ്പോൾ ഉടലെടുത്തിരിക്കുന്നത് കോൺഗ്രസുകാർക്ക് തന്നെയാണ്. കോൺഗ്രസുകാരുടെ വികാരങ്ങൾ മാനിക്കാതെ മോദിയുടെ പ്രശംസ പിടിച്ചുപറ്റാനാണ് തരൂർ ശ്രമിക്കുന്നതെന്ന ആക്ഷേപം സ്വന്തം പാർട്ടിക്കാർക്കിടയിൽ തന്നെ ശക്തമായിട്ടുണ്ട്. എം പി യായ ശേഷം മോദിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച തരൂർ ഏറ്റവും ഒടുവിൽ വിവാദത്തിൽ ചാടിയിരിക്കുന്നത് ലോക്‌സഭയിൽ കോൺഗ്രസ് എം പിമാർക്കൊപ്പം ബിജെപിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിലാണ്. ബിജെപിക്കെതിരായ പ്രതിഷേധത്തിൽ പങ്കാളിയാകാൻ വിസമ്മതിച്ച തരൂർ ലോക്‌സഭയിൽ നിന്നും ഇറങ്ങിപ്പോകുകയുമായിയിരുന്നു.
ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ശശിതരൂരിനെതിരെ ചീഫ് വിപ്പ് ജോതിരാദിത്യ സിന്ധ്യ പരാതി നൽകി. ലോക് സഭയിൽ കള്ളപ്പണ വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി എഴുന്നേറ്റ് നിന്നിരുന്ന കോൺഗ്രസ് എംപിമാർക്കൊപ്പം ചേരാൻ വിസമ്മതിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു ശശിതരൂർ. കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള എംപിമാർ ശശിതരൂരിനെ പ്രതിഷേധത്തിൽ ചേരാൻ ക്ഷണിച്ചുവെങ്കിലും അത് കൂട്ടാക്കാതെ അദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു.
നേരത്തെ ബിജെപി സർക്കാറിന്റെ സ്വച്ഛ് ഭാരത് പ്രചരണത്തെ പിന്തുണച്ച ശശിതരൂരിന്റെ നിലപാടും വിവാദമായിരുന്നു. സ്വച്ഛ് ഭാരത് പദ്ധതിയെ പിന്തുണച്ച് തരൂർ നടത്തിയ പ്രസ്താവനകളും പ്രവൃത്തിയും കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അച്ചടക്ക നടപടിയെയും തരൂർ പരിഹസിക്കുകയുണ്ടായി. കോൺഗ്രസിന്റെ ദേശീയ വക്താവ് സ്ഥാനത്തു നിന്നാണ് തരൂരിനെ നീക്കം ചെയ്തിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടായിരുന്ന എതിർപ്പായിരുന്നു തരൂരിന്റെ സ്ഥാനം തെറിപ്പിച്ചത്.
അതേസമയം ലോക്‌സഭയിൽ ബിജെപിക്ക് എതിരായ പ്രതിഷേധത്തിൽ തരൂർ പങ്കെടുക്കാതിരുന്നത് അനാവശ്യമായ ബഹളങ്ങളുടെ ഭാഗമാകാൻ തൽപ്പര്യമില്ലാത്തതു കൊണ്ടാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭയിൽ കോൺഗ്രസ് അധികാരത്തിലിരുന്ന വേളയിൽ അനാവശ്യമായി പ്രതിഷേധം ഉയർത്തിയുള്ള ശീലം തരൂരിന് ഇല്ല. ഇത്തവണ പ്രതിപക്ഷത്താണ് കോൺഗ്രസിന്റെ സ്ഥാനം. അതുകൊണ്ട് പ്രതിഷേധം എന്നു പറഞ്ഞ് ലോക്‌സഭയിൽ വെറുതേ ബഹളം വെക്കേണ്ടെന്ന നിലപാടിലാണ് തരൂർ. ഇത്തരം പ്രതിഷേധങ്ങളോട് തരൂരിന് യോജിപ്പുമില്ല. ഇത് മേന്മയുള്ള രാഷ്ട്രീയമായോ പ്രതിഷേധ മാർഗ്ഗമായോ കാണ്ടേന്നാണ് അദ്ദേഹത്തിന്റെ നിലപാടത്രേ. അതുകൊണ്ടു തന്നെ കേവലം 'തറരാഷ്ട്രീയം' കളിക്കാൻ താനില്ലെന്ന നിലപാടിലാണ് തരൂർ.
മാത്രമല്ല, മോദിയുടെ കാര്യങ്ങളിൽ പ്രതിഷേധമുയർത്താൻ സമയമായില്ലെന്ന പക്ഷക്കാരനാണ് തരൂർ. പത്ത് വർഷം അധികാരത്തിൽ ഇരുന്നിട്ടും കള്ളപ്പണ വിഷയത്തിൽ കാര്യമായൊന്നു ചെയ്യാൻ സാധിക്കാത്ത യുപിഎ സർക്കാർ മോദി നടത്തുന്ന ശ്രമങ്ങളെ എങ്ങനെ എതിർക്കുമെന്നാണ് തരൂരിന്റെ പക്ഷം. കൂടാതെ വാഗ്ദാനങ്ങൾ പാലിക്കാൻ മോദിക്ക് അൽപ്പംകൂടി സമയം നൽകാമെന്നും തരൂർ കരുതുന്നു. നേരത്തെ പാർലമെന്റ് സമ്മേളിക്കും മുമ്പ് തന്നെ പ്രതിപക്ഷ പാർട്ടികളുടെ സഹകരണം മോദി അഭ്യർത്ഥിച്ചിരുന്നു. യുപിഎ സർക്കാറിന്റെ കാലത്ത് പ്രതിപക്ഷ പ്രക്ഷോഭത്തെ തുടർന്ന് പലതവണ സഭാസ്തംഭനം ഉണ്ടായിരുന്നു. അന്ന് ബിജെപിയാണ് സഭ സ്തംഭിപ്പിക്കാൻ മുന്നിൽ നിന്നത്. ആ ബിജെപിയുടെ പാതയിൽ എന്തിന് നീങ്ങണമെന്നാണ് തരൂർ ചോദിക്കുന്നത്.
നേരത്തെ മോദിയുടെ വിദേശകാര്യ നയതന്ത്രത്തെ പലതവണ പുകഴ്‌ത്തിക്കൊണ്ട് തരൂർ രംഗത്തെത്തിയിരുന്നു. മോദിയിൽ പ്രതീക്ഷയുണ്ടെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പുകഴ്‌ത്തലുകൾ. അതേസമയം തരൂരിന്റെ മോദി പ്രേമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോക്‌സഭയിൽ കണ്ടതെന്ന വിമർശനം കോൺഗ്രസ് നേതാക്കൾ തന്നെ ഉന്നയിച്ചിട്ടുണ്ട്. തരൂർ ബിജെപിയെ പുകഴ്‌ത്തുന്നത് സുനന്ദ പുഷ്‌ക്കറിന്റെ മരണക്കേസിൽ നിന്നും രക്ഷപെടാനാണെന്ന് നേരത്തെ ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ തന്നെ ആരോപിച്ചിരുന്നു. എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ വകവെക്കാതെ മുന്നോട്ട് പോകാനാണ് തരൂരിന്റെ നീക്കം.