ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച് തിരുവനന്തപുരം എംപി ശശി തരൂർ രംഗത്ത്. രാഹുൽ അവധിയെടുത്തത് അനവസരത്തിലെന്ന് തരൂർ പറഞ്ഞു.

എതിർ പാർട്ടികൾക്ക് വിമർശിക്കാൻ അനാവശ്യ അവസരമാണ് രാഹുൽ ഗാന്ധി അവധി എടുത്തതിലൂടെ ലഭ്യമായതെന്ന് തരൂർ ആരോപിച്ചു.

അതിനിടെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഇഷ്ടത്തിനനുസരിച്ച് പാർട്ടിയെ പുനഃസംഘടിപ്പിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനായി മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രധാന പദവികളിൽ നിന്ന് രാജിവയ്ക്കുമെന്നാണു സൂചന. മുതിർന്ന ചില നേതാക്കളെ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ രാഹുലിന് എതിർപ്പുണ്ടായിരുന്നു. ഇതെത്തുടർന്ന് സോണിയ ഗാന്ധിയോട് പിണങ്ങിയാണ് രാഹുൽ അവധിക്ക് പോയതെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രത്യേക എഐസിസി സമ്മേളനം ഏപ്രിലിൽ ചേരുമ്പോൾ രാഹുലിനെ പാർട്ടി അധ്യക്ഷനാക്കാനുള്ള ശ്രമമുണ്ടെന്നും ഇതിനായാണ് മുതിർന്ന നേതാക്കൾ മാറി നിൽക്കാൻ തീരുമാനിച്ചതെന്നും ചില കോണുകളിൽ നിന്നു പ്രചാരണമുണ്ട്. രാഹുൽ നേതൃസ്ഥാനത്ത് എത്തുന്നതോടെ യുവാക്കൾക്ക് പാർട്ടിയിൽ മുൻനിരയിൽ സ്ഥാനം ലഭിച്ചേക്കും. മുതിർന്ന നേതാക്കൾ പ്രധാനസ്ഥാനങ്ങൾ വിട്ടുനിന്ന് പിന്തുണ നൽകുകയും ചെയ്യും. ഇത്തരത്തിലുള്ള ചർച്ചകളാണ് നടക്കുന്നത്.

ജനാർദൻ ദ്വിവേദി, അഹമ്മദ് പട്ടേൽ എന്നിവരെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. രാഹുലിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ചില കോൺഗ്രസ് നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുലിന് അധ്യക്ഷപദവി നൽകുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.