തിരുവനന്തപുരം: താൻ കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരുകയാണെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി തിരുവനന്തപുരം എംപി ശശി തൂരൂർ. നേരത്തേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് തരൂർ ബിജെപിയിൽ ചേരാൻ പോകുകയാണെന്നു പറഞ്ഞത്.

ഇതെല്ലാം വെറും പ്രചരണങ്ങൾ മാത്രമാണെന്നു വ്യക്തമാക്കി തരൂർ ഫേസ്‌ബുക്കിൽ കുറിപ്പ് ഇടുകയായിരുന്നു. താൻ ബിജെപിയിൽ ചേരുകയാണെന്ന കിംവദന്തികൾ ഇടയ്ക്കിടെ ഉയരാറുണ്ടെന്നും ഇതിന് അടിസ്ഥാനമൊന്നുമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. എല്ലാ വിഭാഗത്തിലുംപെട്ട പൗരന്മാർക്കും തുല്യ അവകാശമുള്ള ബഹുസ്വര ഇന്ത്യയ്ക്കു വേണ്ടിയാണ് താൻ കഴിഞ്ഞ 40 വർഷമായി സംസാരിക്കുന്നതും എഴുതുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ശശി തരൂർ അടക്കമുള്ള നാല് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോവുകയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തേ ആരോപിച്ചത്. ശശി തരൂർ ബിജെപിയിലേക്ക് പോകില്ലെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തി എന്ന, കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്റെ വിശദീകരണം ആയുധമാക്കിയാണ് കോടിയേരി ബാലകൃഷ്ണന്റെ ആരോപണം ഉന്നയിച്ചത്.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുകയാണ്. കേരളത്തിൽ നിന്ന് നാല് പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് പോകുന്നുവെന്ന് വാർത്തയുണ്ട്. ശശി തരൂർ ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി പ്രസിഡന്റ് ഹസൻ തന്നെ പറഞ്ഞു കഴിഞ്ഞു. മറ്റുള്ളവർ ആരൊക്കെയെന്ന് ഹസൻ തന്നെ വെളിപ്പെടുത്തട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

അതേസമയം, ശശി തരൂർ എംപി കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന പ്രചരണം തെറ്റാണെന്ന് കോൺഗ്രസ് ഹസനും വിശദീകരിച്ചു. താൻ ശശി തരൂരിനോട് സംസാരിച്ചിരുന്നുവെന്നും ഹസൻ പറഞ്ഞു.
സ്ഥാനമോഹികളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നത്. കേരളത്തിൽ അധികാര മോഹികൾ ഉണ്ടോയെന്ന് ആരെങ്കിലും പോയാൽ പറയാമെന്നും ഹസൻ കൂട്ടിച്ചേർത്തു.

ശശി തരൂർ എംപിയും മറ്റ് നാല് എംപിമാരും ബിജെപിയിലേക്ക് പോകുന്നു എന്ന് പ്രചരണം സോഷ്യൽ മീഡീയയിലും രാഷ്ട്രീയ വൃന്ദങ്ങളിലും പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹസന്റെ വിശദീകരണം.