ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തരുതെന്ന കോൺഗ്രസിന്റെ ആവശ്യം നിരാകരിച്ച് ശശി തരൂർ എംപി വീണ്ടും. മോദിയെക്കുറിച്ച് ഒബാമ ടൈം മാസികയിൽ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പ്രശംസ. രാഷ്ട്രീയ വ്യത്യാസങ്ങൾ എന്തു തന്നെയായാലും മോദി ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയർന്നിരിക്കുന്നുവെന്ന് തരൂർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

മോദിയെക്കുറിച്ചുള്ള ഒബാമയുടെ ലേഖനം ശ്രദ്ധേയമാണെന്നും മോദി പ്രതീക്ഷക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂർ ട്വീറ്റ് ചെയ്തു. ഒബാമയുടെ ലേഖനം ഫേയ്‌സ്ബുക്കിലും തരൂർ പോസ്റ്റ് ചെയതിട്ടുണ്ട്. നേരത്തെ മോദിയുടെ സ്വഛ് ഭാരത് അഭിയാനടക്കം പല പദ്ധതികളേയും തരൂർ പ്രശംസിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽതന്നെ പ്രതിഷേധം ഉയർന്നിരുന്നു. പാർലമെന്റിൽ ഭരണപക്ഷതതിനെതിരെ കോൺഗ്രെസ് എം പിമാർ പ്രതിഷേധം ഉയർത്തുമ്പോഴും തരൂർ മൗനം പാലിക്കുന്നതും വിവാദമായിരുന്നു.തുടർന്ന് മോദി സ്തുതി പാടില്ലെന്ന് നേതൃത്വം തരൂരിനെ അറിയിക്കുകയും ചെയ്തു. ഈ വിലക്ക് ലംഘിച്ചാണ് പുതിയ പോസ്റ്റ്.

മോദി സർക്കാരിന്റെ കർഷക വിരുദ്ധ നടപടികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് വൻ പ്രക്ഷോഭത്തിന് തയ്യാറെടുക്കകുയാണ്. ഇതിനിടെയാണ് തരൂർ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതൃത്വവും തരൂരിന്റെ നടപടിയെ ഗൗരവത്തോടെ കാണും. സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട മോദി അനുകൂല പരാമർശങ്ങളെ തുടർന്ന് പാർട്ടിയുടെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് തരൂരിനെ കോൺഗ്രസ് മാറ്റിയിരുന്നു. അതിന് ശേഷം മോദിയെ വിമർശിക്കുന്ന നിലപാടാണ് തരൂർ പൊതു വേദികളിൽ സ്വീകരിച്ചിരിക്കുന്നത്.

കേരളത്തിലെ പാർട്ടി പരിപാടികളിലും തരൂർ സജീവമായിരുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ പോസ്റ്റും കോൺഗ്രസിൽ ചർച്ചാ വിഷയമാകും. തരൂരിനെതിരെ നടപടി വേണമെന്ന ആവശ്യമാണ് പാർട്ടിയിൽ സജീവമാകുന്നത്.