ദാമ്പത്യത്തിന്റെ രസതന്ത്രം ഇവരിൽ മിന്നുമെന്നതിന് വിവാഹ ക്ഷണക്കത്ത് തന്നെ ഉത്തമ ഉദാഹരണം. ശശി തരൂർ എം പി അത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെ വിവാഹത്തിലേക്കുള്ള മുഹൂർത്തതിന് ഇരട്ടി മധുരവും. രസതന്ത്രത്തിൽ പദാർഥങ്ങളുടെ രാസനാമം എഴുതുന്ന മാതൃകയിൽ ഒരുക്കിയ വിവാഹക്ഷണക്കത്ത് ശശി തരൂർ എംപി പങ്കുവെച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. ഒരു 'കെമിസ്ട്രി ടീച്ചറുടെ വിവാഹ ക്ഷണക്കത്ത്' എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന ഈ ക്ഷണക്കത്തിന് ആശുസകൾ അറിയിച്ച തരൂരിന്റെ പോസ്റ്റിന് പിന്നിലുള്ള കഥയും രസകരമാണ്.

'സന്തുഷ്ടമായ ദാമ്പത്യ ജീവിതത്തിനുവേണ്ടി എല്ലാ ആശംസകളും നേരുന്നു. അവർ തമ്മിലുള്ള കെമിസ്ട്രി എപ്പോഴും മിന്നിതിളങ്ങട്ടേ, അവരുടെ ഫിസിക്‌സ് കൂടുതൽ ഊഷ്മളമാകട്ടേ, ബയോളജി സമ്പന്നമായ ഫലം നൽകട്ടേ'' തരൂർ ട്വിറ്ററിൽ കുറിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരുന്ന ഈ ക്ഷണക്കത്ത് തരൂരിന്റെ മണ്ഡലത്തിൽ നിന്നുള്ളതാണെന്നു സൂചിപ്പിച്ച് ഒരാൾ ട്വിറ്ററിൽ ടാഗ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കത്ത് തരൂരിന്റെ ശ്രദ്ധയിൽപ്പെട്ടത്.

വിവാഹ ക്ഷണക്കത്തിന്റെ വലതുഭാഗത്ത് വധുവിന്റെയും വരന്റെയും പേര് ഒരു ഡയഗ്രമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രസതന്ത്രത്തിൽ മൂലകങ്ങളുടെ പേര് സൂചിപ്പിക്കുന്നതു പോലെ രണ്ട് അക്ഷരങ്ങളിൽ ചുരുക്കി എഴുതിയിരിക്കുന്നു. ഇതിനിടയിൽ പൂർണനാമം. അതിനു താഴെയുള്ള കുറിപ്പിൽ തന്മാത്രകളായ ഇരുവരും മാതാപിതാക്കളുടെ പ്രരണാശക്തിയിൽ ഒന്നിച്ചു മൂലകളാവുകയാണെന്നു പറയുന്നു. വിവാഹത്തിനെ 'റിയാക്ഷൻ' എന്നും വേദിയെ 'ലബോറട്ടറി' എന്നുമാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.