ന്യൂഡൽഹി: ശശി തരൂരിനെ പ്രധാനമന്ത്രിയായി കാണണം എന്നാഗ്രഹിക്കുന്ന നിരവധി പേരുണ്ട്. ഇന്ത്യയിൽ നിന്നും അന്തർദേശീയ പ്രശസ്തി നേടിയ നേതാവെന്നതും നയതന്ത്ര വിദഗ്ധൻ എന്നതും അദ്ദേഹത്തെ ഈ സ്ഥാനത്തു കാണാൻ ഇഷ്ടപ്പെടുന്നതിന് കാരണമായി. എന്നാൽ, കോൺഗ്രസ് എന്ന പാർട്ടിയിൽ നിന്ന് അത് സാധ്യമാകുമോ എന്ന സംശയമാണ്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് തകർന്നടിഞ്ഞതോടെ നേതൃമാറ്റമെന്ന വിധത്തിലുള്ള ആവശ്യങ്ങളും സജീവമായി ഉയരുന്നുണ്ട്. ഇതിനിടെയാണ് ശശി തരൂർ കോൺഗ്രസിന്റെ നേതൃത്വത്തിൽ വന്നാൽ എങ്ങനെയുണ്ടാകും എന്ന ചോദ്യത്തോടെ ഒരു ഓൺലൈൻ കാമ്പയിൻ തുടങ്ങിയത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണം എന്ന ആവശ്യവുമായാണ് ചെയ്ഞ്ച് ഡോട്ട് ഓർഗിന്റെ പേരിൽ ഒപ്പുശേഖരണം തുടങ്ങിയത്. എന്നാൽ, ഈ പ്രചരണം തരൂരിന് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയിലാണ്.

എന്തായലും തന്നെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടുള്ള ഓൺലൈൻ ഒപ്പുശേഖരണത്തെ തള്ളിപ്പറഞ്ഞ് അദ്ദേഹം തന്നെ രംഗത്തെത്തി. പ്രചാരണത്തെ അംഗീകരിക്കുന്നില്ലെന്നും പിന്തുണക്കില്ലെന്നും കോൺഗ്രസ് എംപി കൂടിയായ തരൂർ ഫേസ്‌ബുക്കു പോസ്റ്റിലൂടെ അറിയിച്ചു. 2019ലെ തെരഞ്ഞെടുപ്പിൽ തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ക്യാംപെയിനിൽ ഇതുവരെ 16,000 ലധികം ആളുകൾ ഒപ്പിട്ടുണ്ട്. പ്രചരണം മനസ്സിനെ സ്പർശിച്ചെന്നും ആശ്ചര്യപ്പെടുത്തിയെന്നും ശശി തരൂർ പറഞ്ഞു.

ഞാൻ കോൺഗ്രസിന്റെ ഒരു ലോക്സഭാംഗമാണ്. അതിൽ കൂടുതലായോ കുറവായോ ആരുമല്ല. പാർട്ടിക്ക് ചോദ്യം ചെയ്യപ്പേടണ്ടതില്ലാത്ത, ഉറച്ച ഒരു നേതൃത്വം ഉണ്ട്. മാറ്റങ്ങൾ ഉണ്ടാവുമ്പോൾ അത് കൃത്യമായി വ്യവസ്ഥാപിതമായ നടപടികളിലൂടെ ആയിരിക്കും. അനുയായികളെ പ്രചരണത്തെ പിന്തുണക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതായും ശശി തരൂർ പറഞ്ഞു. തന്നെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള അപേക്ഷ പിൻവലിക്കാനും തരൂർ അഭ്യർത്ഥിച്ചു.എന്നാൽ ചെയ്ഞ്ച് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റിലൂടെ തരൂരിനു വേണ്ടിയുള്ള പ്രചരണം തുടരുകയാണ്. അപേക്ഷയുടെ ലിങ്ക് ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ അടക്കം ഈ ഓൺലൈൻ പ്രചരണം വാർത്തയായിരുന്നു.

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ നേരിടാൻ അത്ര പോരെന്ന് കോൺഗ്രസുകാരിൽ തന്നെ ഭൂരിഭാഗവും ചിന്തിച്ചുതുടങ്ങിയിട്ട് കുറച്ചുകാലമായി. ഇപ്പോൾ യുപിയിലും ഉത്തരാഖണ്ഡിലുമെല്ലാം വ്ൻ വിജയം നേടി മോദി അതിശക്തനായി മാറുന്നുവെന്നാണ് പൊതുവെ ഇന്ത്യൻ രാഷ്ട്രീയ ലോകത്തെ വിലയിരുത്തൽ. ആ ഘട്ടത്തിൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും മോദിയും ബിജെപിയും അനായാസ വിജയം നേടുമെന്ന അവലോകനങ്ങളും വരുന്നു. ഇപ്പോഴത്തെ പോക്കിൽ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ രാഹുൽ തന്നെ നയിച്ചാൽ രക്ഷയുണ്ടാവില്ലെന്ന ചിന്താഗതി ഉയർന്നുകഴിഞ്ഞു. പ്രിയങ്കാഗാന്ധിയെ നേതൃത്വത്തിൽ കൊണ്ടുവന്നാലും വലിയ രക്ഷയില്ലെന്ന അഭിപ്രായവും കോൺഗ്രസുകാർക്കുണ്ട്.

അങ്ങനെയിരിക്കെയാണ് ശശി തരൂരിന്റെ പേര് ഉയർന്നുവന്നത്. നിരവധി സീനിയർ നേതാക്കൾ കോൺഗ്രസിന് ഉണ്ടെങ്കിലും മോദിയെ എതിർക്കാൻ ഇന്ത്യയിൽ മാത്രമല്ല, വിദേശരാജ്യങ്ങളിലെ നയതന്ത്രജ്ഞർക്കിടയിലും നല്ല ബന്ധമുള്ള തരൂരിനെ പോലെ ഒരാളെ ഉയർത്തിക്കാട്ടണമെന്ന ആശയമാണ് ഒരു വിഭാഗം കോൺഗ്രസ്സുകാർ തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ ഭാഗമായി ശശി തരൂരിനെ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആക്കണമെന്നായിരുന്നു ഓൺലൈൻ പ്രചരണം. രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തരൂരിനെ മുൻനിർത്തിയാൽ എങ്ങനെയിരിക്കുമെന്ന് അറിയാനാണ് ഒപ്പു ശേഖരണം. ഓൺലൈൻ അപേക്ഷ കോൺഗ്രസ് പ്രസിഡന്റിനും എഐസിസിക്കും യുപിഎക്കും സമർപ്പിക്കാനായിരുന്നു പദ്ധതി.

'2019 തെരഞ്ഞെടുപ്പിൽ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാവാൻ ഡോക്ടർ ശശിതരൂർ' എന്ന ശീർഷകത്തിലാണ് ജനാഭിപ്രായം തേടുന്നത്. ഒരു ജനാധിപത്യരാജ്യത്തിന്റെ വിജയത്തിനായി ദീർഘവീഷണമുള്ള പ്രധാനമന്ത്രിയെയാണ് നമുക്കാവശ്യമെന്ന് വ്യക്തമാക്കിയാണ് ക്യാമ്പെയ്ൻ. ഇതോടൊപ്പം തരൂരിനെ കുറിച്ചുള്ള ഒരു വിവരണവും നൽകിയിട്ടുണ്ട്. ശശി തരൂരിന്റെ അനുഭവ പരിചയവും യോഗ്യതകളും എണ്ണിപ്പറയുന്നു വിവരണത്തിൽ ഐക്യരാഷ്ട്ര സഭയിലെ സേവനങ്ങളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്.

ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, മലയാളം എന്നീ ഭാഷകൾ അറിയാം. ഐക്യരാഷ്ട്ര സഭയിലെ ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇന്ത്യയെ സേവിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ബ്രിട്ടനിൽ ജനിച്ച് അമേരിക്കയിൽ ദീർഘനാൾ ജോലി ചെയ്ത തരൂരിന് രണ്ട് രാജ്യങ്ങളുടെയും പൗരത്വം ലഭിക്കുമായിരുന്നിട്ടും ഇന്ത്യയ്ക്ക് വേണ്ടി നിരസിച്ചെന്നും അപേക്ഷയിൽ പറയുന്നു. എളുപ്പവഴിയിലൂടെ രാജ്യ സഭാ എംപിയാവാൻ അദ്ദേഹം മുതിർന്നില്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. യോഗ്യതയും ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ ആഴത്തിൽ അറിവുള്ള ശശി തരൂരിന് ലോകനേതാക്കളുമായി ഇന്ത്യയെ ബന്ധപ്പെടുത്താൻ കഴിയുമെന്നും അപേക്ഷയിൽ അവകാശപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നന്മക്കായും പ്രതിപക്ഷത്തെ പുനരുജ്ജീവിപ്പിക്കാനും എന്ന് പറഞ്ഞാണ് അപേക്ഷ അവസാനിക്കുന്നത്.

പോൾ ട്രിവാൻഡ്രം എന്നയാളുടെ പേരിലാണ് അപേക്ഷ. Change.org എന്ന സൈറ്റിൽ ആരംഭിച്ച ഒപ്പുശേഖരണത്തോട് ആയിരങ്ങൾ അനുകൂലമായി പ്രതികരിച്ചെങ്കിലും ഇത് കോൺഗ്രസ് നേതൃത്വത്തെ ചൊടിപ്പിക്കും എന്നറിഞ്ഞു കൊണ്ടാണ് ഇപ്പോൾ തരൂർ പ്രചരണത്തെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നത്.