ന്യൂഡൽഹി: രാജ്യത്തെ സമ്പൂർണ വൈദ്യുതീകരണം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രിക്ക് ശശി തരൂരിന്റെ കൊട്ട്. 2019 മാർച്ചിനുള്ളിൽ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതികരിക്കുമെന്നാണ് മോദിയുടെ വാഗ്ദാനം. എന്നാൽ സമ്പൂർണ്ണ വൈദ്യൂതീകരണം എന്ന ആശയം കേന്ദ്രത്തിന്റെ പദ്ധതിക്ക് മുന്നേ കേരളം നടപ്പാക്കിയതാണെന്നാണ് തരൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തന്റെ വാദം തെളിയിക്കാനുള്ള തെളിവ് സഹിതമാണ് ശശി തരൂർ പോസ്റ്റ് ചെയ്തത്.

രാജ്യത്തെ അഭിസംബേധന ചെയ്ത് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാഗ്ദാനമാണ് 2019 മാർച്ചിനുള്ളിൽ എല്ലാ വീടുകളും വൈദ്യുതികരിക്കുമെന്ന്. എന്നാൽ കേന്ദ്രം പദ്ധതി ആലോചിക്കുന്നതിന് മുൻപ് തന്നെ കേരളം സമ്പൂർണ്ണ വൈദ്യൂതീകരണം പദ്ധതി മുന്നേ നടപ്പാക്കിയിരുന്നു. 18 റാങ്കുകളുള്ള ലിസ്റ്റാണ് തരൂർ പോസ്റ്റ് ചെയ്തത്. അതിൽ ഒന്നാമതാണ് കേരളത്തിന്റെ സ്ഥാനം.

പാർലമെന്റിൽ മോദി സർക്കാരിന്റെ പല അവകാശവാദങ്ങളെയും പൊളിച്ചടുക്കുന്ന കോൺഗ്രസ് നേതാവാണ് തിരുവനന്തപുരം എംപി ശശി തരൂർ. ശ്രദ്ധേയമായ ഇടപെടലുകളോടെ മോദിയുടെയും സർക്കാരിന്റെയും പ്രശംസയും ഈ കോൺഗ്രസ് നേതാവിനെ തേടിയെത്തിയിട്ടുണ്ട്. ഇന്നലെ മോദി രാജ്യത്തിന് പുതിയ വാഗ്ദാനം നൽകിയപ്പോൾ ഇത് കേരളം നേരത്തെ നടപ്പിലാക്കിയതാണെന്ന് പറയുകയാണ് ശശി തരൂർ.

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും വൈദ്യൂതികരണ പട്ടിക പുറത്ത വിട്ടാണ് തരൂർ മോദിക്ക് മുന്നിൽ കേരളത്തിന്റെ നേട്ടം അവതരിപ്പിച്ചത്. 'ഇന്ത്യയിലെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും വൈദ്യുതീകരണത്തിന്റെ പട്ടിക നോക്കൂ. കേരളം വീണ്ടും ഒന്നാമതാണ്. വെറുതെ പറഞ്ഞെന്ന് മാത്രം'. എന്ന തലക്കെട്ടോടെയാണ് തരൂർ പട്ടിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്യത്തെ വൈദ്യുതികരിക്കുന്നതിന് 16,320 കോടി രൂപ ചെലവുവരുമെന്നും ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ഈ വർഷം അവസാനത്തോടെ വൈദ്യുതീകരണം പൂർത്തിയാക്കുമെന്നുമായിരുന്നു മോദി ഇന്നലെ പറഞ്ഞിരുന്നത്.

ശശി തരൂരിന്റെ ട്വിറ്റർ പോസ്റ്റ്