തിരുവനന്തപുരം: രാഷ്ട്രീയമെന്ന പുതിയ ഇന്നിങ്‌സിൽ ശ്രീശാന്തിനു ആശംസകൾ നേർന്നും എന്നാൽ അതോടൊപ്പം തന്നെ ജയപ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പുമായി തിരുവനന്തപുരം എം പി യും കോൺഗ്രസ് നേതാവുമായ ശശി തരൂർ. ക്രിക്കറ്റിന്റെ ഭാഷയിലാണ് തരൂർ ശ്രീശാന്തിന് മുന്നറിയിപ്പ് നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ ശ്രീശാന്തും അപ്രതീക്ഷിതമായ കണ്ടുമുട്ടിയതിനെ കുറിച്ചാണ് തരൂർ രസകരമായാണ് ട്വിറ്ററിൽ കുറിച്ചത്.

ക്രിക്കറ്റ് ഭാഷയിൽ തരൂർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തത് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മണക്കാട് മേഖലയിൽ ശ്രീശാന്ത് പര്യടനം നടത്തുന്നതിനിടയിലാണ് അതുവഴി പോയ ശശി തരൂരിനെ കണ്ടത്. ഉടനെ തന്നെ ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി ശ്രീശാന്ത് കെട്ടിപിടിക്കുകയായിരുന്നു. ശ്രീശാന്തിനു ആശംസകൾ നേർന്നെങ്കിലും തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തരൂരിന്റെ ട്വീറ്റ് ഇങ്ങനെയാണ്: ശ്രീശാന്തിന്റെ സ്‌നേഹത്തിനു മുന്നിൽ ബൗൾഡായി. സ്ലിപ്പുപോലും ഇല്ലാതെ ക്യാച്ചിലുടെ പുറത്താക്കി. പക്ഷേ രാഷ്ട്രീയത്തിലെ ഇന്നിങ്‌സിൽ ശ്രീശാന്ത് ഫോളോ ഓൺ ചെയ്യേണ്ടിവരും.

മണ്ഡലത്തിലെ പ്രചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ശ്രീശാന്ത് തിരുവനന്തപുരത്തെത്തിയത്. ശശി തരൂർ ആകട്ടെ വി എസ് ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് പരിപാടികളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താനും. ശ്രീശാന്തും തരൂരും തമ്മിൽ തികഞ്ഞ സൗഹൃദമുണ്ട്. ഐപിഎൽ കോഴയുമായി ബന്ധപ്പെട്ട് ശ്രീശാന്ത് അറസ്റ്റിലായപ്പോൾ വിശ്വസിക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു തരൂർ.

എന്തായാലും രാഷ്ട്രീയത്തിൽ ഒരുകൈ നോക്കുന്ന ശ്രീശാന്തിന് എതിർ ചേരിയിലാണെങ്കിലും ആശംസകൾ നേർന്ന് തരൂരിന്റെ മാന്യത പ്രശംസിക്കപ്പെടുകയാണ്. ഇന്ത്യയിൽ ഏറ്റവും അധികം ഫോളേഴ്‌സ് ഉള്ള ട്വിറ്റർ അക്കൗണ്ടിന് ഉടമയാണ് തരൂർ. അതുകൊണ്ട് തന്നെ തരൂരിന്റെ ട്വീറ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.