- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പരിഷ്കാരങ്ങളുമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി; പുതുമ മാറാത്ത കെട്ടിടങ്ങൾ പോലും പൊളിച്ചുമാറ്റുന്നു; താലൂക്കിലെ ഏക മാവേലി മെഡിക്കൽ സ്റ്റോറിനും പൂട്ട് വീഴും; അനാസ്ഥയും അവഗണയും കൊണ്ട് താലൂക്ക് ആശുപത്രി വെള്ളാനയാകുന്നു
കൊല്ലം: കോവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സർക്കാരിന് കനത്ത സാമ്പത്തികനഷ്ടമുണ്ടാക്കുന്ന ഭ്രാന്തൻ പരിഷ്കാരങ്ങളുമായി ആരോഗ്യവകുപ്പ് അധികൃതർ. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ പുതുമ മാറാത്ത കെട്ടിടങ്ങൾ ഇടിച്ചു നിരത്തിയാണ് അധികാരികളുടെ അശാസ്ത്രീയ പരിഷ്ക്കാരങ്ങൾ. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയും മാവേലി മെഡിക്കൽ സ്റ്റോർ നിർത്തലാക്കിയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ അശാസ്ത്രീയ വികസനത്തിന് തുടക്കമിട്ടത് ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ്. ലോക്ഡൗൺ ഇളവിനനുസരിച്ച് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് നീക്കം.
രണ്ടുവർഷം മുൻപ് ഒരു കോടിയിൽപരം രൂപ മുടക്കി നിർമ്മിച്ച ഡെന്റൽ എക്സ് റേ യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടവും മാവേലി മെഡിക്കൽ സ്റ്റോർ ബിൽഡിങ്ങും ഒന്നര വർഷം മുൻപ് നിർമ്മിച്ച കൂറ്റൻ പാർക്കിങ് ഷെഡും, ഹൈമാക്സ് ലൈറ്റും പൊളിച്ചുമാറ്റിയാണ് പുതിയ നിർമ്മാണം. മൂന്ന് കോടി രൂപ മുടക്കി പുതിയ മാതൃ-ശിശു വിഭാഗം നിർമ്മിക്കാനാണ് ഇടിച്ചു നിരത്തലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ആശുപത്രിയിലേക്കുള്ള വഴി വരെ തടസ്സപ്പെടുത്തി പുതിയ ബ്ലോക്ക് നിർമ്മിക്കുമ്പോൾ പ്രധാനമായും നഷ്ടമാകുന്നത് താലൂക്കിലെ ഏക മാവേലി മെഡിക്കൽ സ്റ്റോറാണ്. വലിയ വില നൽകി മരുന്ന് വാങ്ങാൻ സാധിക്കാത്ത സാധാരണക്കാരന്റെ ആശ്രയമായ മാവേലി മെഡിക്കൽ സ്റ്റോറാണ് അടയുന്നത്.
ഇതിനിടെ സ്ഥലം ഏറ്റെടുത്ത് നൽകുന്നതിൽ കാലതാമസത്തെ തുടർന്ന് ആധുനിക കെട്ടിട സമുച്ചയത്തിനായി അനുവദിച്ച 50 കോടി രൂപ പാഴായി. സംസ്ഥാന സർക്കാരിന്റെ ആർദ്രം പത്സതിയുടെ ഭാഗമായി ആശുപത്രിക്ക് ഈ തുക അനുവദിച്ചിട്ട് ഒന്നര വർഷം പിന്നിട്ടു.
സ്ഥലം ഏറ്റെടുക്കുന്നതിൽ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തും കടുത്ത അനാസ്ഥയാണ് കാട്ടിയത്. ആശുപത്രിയോട് ചേർന്നുള്ള സ്വകാര്യ ഭൂമിയും മാർക്കറ്റിന്റെ ഒരു ഭാഗവും ഇതിനായി കണ്ടെത്താൻ തുടക്കത്തിൽ ശ്രമം നടത്തിയെങ്കിലും പിന്നീട് ശക്തമായ ഇടപെടലിന് എംഎൽഎ അടക്കമുള്ളവർ തയ്യാറായില്ല. അടച്ചു പൂട്ടിയ കെഎസ്ആർടിസി ഡിപ്പോ നിന്നിടത്തേക്ക് മാർക്കറ്റ് മാറ്റി പകരം ഇപ്പോഴുള്ള മാർക്കറ്റ് സ്ഥലത്ത് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കാൻ തുടക്കത്തിൽ ആലോചിച്ചതാണ്. മുൻപ് മാർക്കറ്റായിരുന്ന സ്ഥലത്താണ് വർഷങ്ങൾക്ക് മുൻപ് കെഎസ്ആർടിസി ഡിപ്പോയ്ക്കായി ഏറ്റെടുത്തത്. എന്നാൽ പിന്നീട് ഡിപ്പോ റദ്ദാക്കിയതോടെ ഈ സ്ഥലം വിജനമായി കിടക്കുകയാണ്. ഈ പത്സതിയുമായി ഭരണനേതൃത്വം പിന്നീട് മുന്നോട്ട് പോയില്ല.
താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള സ്ഥലപരിമിതി രോഗികളെ വീർപ്പ് മുട്ടിക്കുന്നു. 75 സെന്റോളം വരുന്ന സ്ഥലത്ത് കട്ടയടുക്കിയ പോലെ വിവിധ ബ്ലോക്കുകൾ ഉള്ളതിനാൽ രോഗികളും ജീവനക്കാരും സ്ഥലപരിമിതി മൂലം നട്ടം തിരിയുന്നു. ഇതിനിടയിലേക്കാണ് പുതിയ ബ്ലോക്ക് വരുന്നത്. ഒപി ബ്ലോക്കും കാഷ്വാലിറ്റിയും വാർഡും അടങ്ങുന്ന പ്രധാന കെട്ടിടം, ഓഫീസ്, മോർച്ചറി, ഫ്രീസർ ബ്ലോക്കും അടക്കമുള്ള കെട്ടിടങ്ങളാണ് നിലവിലുള്ളത്.
മറുനാടന് മലയാളി ബ്യൂറോ