ന്യൂഡൽഹി: ആധാർ വിവര ചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ രംഗത്ത്. 'നമ്മൾ ജീവിക്കുന്നത് ബനാന റിപ്പബ്ലിക്കിലാണോ' എന്ന ചോദ്യവുമായാണ് ശത്രുഘ്നൻ സിൻഹ വിഷയത്തിൽ പ്രതികരണം നടത്തിയത്. നടക്കുന്നത് പ്രതികാരത്തിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറയുന്നു.

ഇത് എന്തുതരം നീതിയാണെന്ന് അദ്ദേഹം ട്വീറ്റിൽ ചോദിക്കുന്നു. സമൂഹത്തിനും രാജ്യത്തിനും വേണ്ടി പൊതുജനം മുന്നോട്ടുവന്നാലും അവർ ചതിക്കപ്പെടുന്നുവെന്ന് സിൻഹ തന്റെ ട്വീറ്റിൽ പറയുന്നു.

വിഷയത്തിൽ ഉറച്ച നിലപാടെടുത്ത എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയെ അഭിനന്ദിക്കാനും സിൻഹ മറന്നില്ല. വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിൻഹ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ആധാർ വിവരങ്ങൾ 500 രൂപയ്ക്ക് ആർക്കും ലഭിക്കുമെന്ന വാർത്ത ദി ട്രിബ്യൂൺ മാധ്യമം പുറത്തുവിട്ടത്. ഇതിനെതിരെ യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ നൽകിയ പരാതിയിൽ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമത്തിനെതിരെയും, മാധ്യമ പ്രവർത്തകയ്ക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തത് വലിയ വിവാദമായിരുന്നു.