- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേമഞ്ചേരി പൂക്കാട് പുതിയ വീട് നിർമ്മിച്ച് താമസിക്കാൻ കഴിയും മുമ്പേ വിടവാങ്ങൽ; നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായി ഏറ്റുമുട്ടലിൽ വീരമൃത്യു; കോഴിക്കോട് സ്വദേശി എം ശ്രീജിത്തിന് ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം കിട്ടിയതറിഞ്ഞ് കണ്ണ് നിറഞ്ഞ് ഭാര്യ ഷജിനയും മക്കളും
കോഴിക്കോട്: പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച ഭർത്താവിന് ശൗര്യചക്ര പുരസ്‌കാരം ലഭിച്ചതറിഞ്ഞ് കണ്ണ് നിറഞ്ഞ് ഭാര്യ ഷജിനയും മക്കളും. കോഴിക്കോട് തിരുവങ്ങൂർ മക്കാട് വൽസന്റേയും ശോഭനയുടേയും മകനായ നായിബ് സുബേദാർ എം. ശ്രീജിത്ത് വീരമൃത്യു വരിച്ചത് 2021 ജൂലൈ എട്ടിന്് രാത്രിയോടെ ജമ്മു-കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപം ഏറ്റുമുട്ടലിലാണ്.
ചേമഞ്ചേരി പൂക്കാട് പുതിയ വീട് നിർമ്മിച്ച് താമസിക്കാൻ കഴിയും മുമ്പെയായിരുന്നു ശ്രീജിത്തിന്റെ മരണം. തുടർന്ന് സൈനിക ബഹുമതികളോടെ കൊയിലാണ്ടി ചേമഞ്ചേരി പൂക്കാടെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. കോവിഡ് കാരണം പൊതുദർശനം പൂർണമായും ഒഴിവാക്കിയിരുന്നു. ചടങ്ങിൽ വനംമന്ത്രി എം.കെ. ശശീന്ദ്രനാണ് സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. കെ. മുരളീധരൻ എംപി, കാനത്തിൽ ജമീല എംഎൽഎ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.
ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. ശ്രീജിത്ത് അടക്കം രണ്ടു ജവാന്മാരാണ് വീരമൃത്യു വരിച്ചത്. നാട്ടിലെത്തിച്ച മൃതദേഹം വാളയാർ ചെക്ക് അതിർത്തിയിൽ സംസ്ഥാന സർക്കാറിനുവേണ്ടി പാലക്കാട് ഡി.വൈ.എസ്‌പി: പി.ശശികുമാറും, തഹസിൽദാർ ടി. രാധാകൃഷ്ണനും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.
ജമ്മുകശ്മീരിൽ സുന്ദർബനി സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. ശ്രീജിത്തിന്
പുറമെ ജസ്വന്ത് റെഡ്ഡി എന്ന സൈനികനും വീരമൃത്യു വരിച്ചിരുന്നു. ജമ്മു വിമാനത്താവളത്തിനു നേരേ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയതിനു പിന്നാലെ ഇന്ത്യൻ സേന മേഖലയിൽ വ്യാപക പരിശോധനയാണു നടത്തിയിരുന്നത്. ഇതിന് മുമ്പ് ജൂൺ 29നു രാജൗരി ജില്ലയിൽ സേന പരിശോധന നടത്തിയിരുന്നു. മേഖലയിൽ ഭീകരർ ഉള്ളതായി വീണ്ടും വിവരം ലഭിച്ചതോടെ ഇവരെ കണ്ടെത്താൻ സേന വീണ്ടും തിരച്ചിൽ തുടങ്ങി. അതിനിടെ ദാദൽ കാടുകളിൽ വച്ചു സേന ഭീകരരുമായി മുഖാമുഖം വന്നു. തീവ്രവാദികൾ വെടിവയ്‌പ്പും ഗ്രനേഡ് ഉപയോഗവും തുടങ്ങിയതോടെ തിരിച്ചടിച്ച സേന രണ്ടു ഭീകരരെ വധിച്ചു. എന്നാൽ രണ്ടു ജവാന്മാരും വീരമൃത്യു വരിക്കുകയായിരുന്നു. മക്കൾ: അതുൽജിത്ത്, തന്മയ ലക്ഷ്മി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്