ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകയും ആംആദ്മി പാർട്ടി നേതാവുമായിരുന്ന ഷാസിയാ ഇൽമി ബിജെപിയിലേക്ക് ചേക്കേറിയേക്കുമെന്ന് സൂചന. രണ്ട് ദിവസത്തിനുള്ളിൽ ഷാസിയ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡൽഹി നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെതിരെ ഷാസിയയെ സ്ഥാനാർത്ഥിയാക്കാനും ബിജെപി ആലോചിക്കുന്നു.

ഉൾപാർട്ടി ജനാധിപത്യമില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വർഷമാണ് ഷാസിയ എഎപി വിട്ടത്. ആംആദ്മി 28 സീറ്റുകളിൽ വിജയിച്ച കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 326 വോട്ടിനാണ് ആർകെ പുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി അനിൽ ശർമ്മയോട് ഷാസിയ പരാജയപ്പെട്ടത്. പൊതുതിരഞ്ഞെടുപ്പിൽ ഖാസിയാബാദിൽ മുൻ കരസേനാ മോധാവി വി കെ സിംഗിനോട് മത്സരിച്ചെങ്കിലും തോറ്റു.