അടിച്ച് തകർക്കുകയാണ് മലപ്പുറത്ത് എല്ലാം ശരിയാക്കാൻ വന്നവർ... ശരിയാക്കുന്നത് സാധാരണക്കാരന്റെ നെഞ്ചും പുറവും ജീവിതവുമാണ് എന്നത് മറ്റൊരു യാഥാർത്യമാണ്... പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ എന്ന സ്വഭാവമാണ് എല്ലാം ശരിയാക്കുന്നവർ ചെയ്യുന്നത്... പ്രതിപക്ഷത്താവുമ്പോൾ ആശാന്റെ കൂടെ കട്ടക്ക് നിൽക്കുകയും ഇപ്പുറത്ത് എത്തുമ്പോൾ കട്ടയും പടവും മടക്കുകയാണ് എല്ലാം ശരിയാക്കിക്കൊണ്ട് ചെയ്യുന്നത്.

മലപ്പുറത്ത് ജനസേവനത്തിന്റെ മൂർത്തി രൂപമാണ് നാട്ടുകാർ കണ്ടത്. റോഡ് വികസനം അത്യാവശ്യമാകുമ്പോൾ അടിയും അത്യാവശ്യമാണ് എന്നാണ് ചില ന്യായീകരണ നേതാക്കൾ പറയുന്നത്... ആദ്യഘട്ട അലൈന്മെന്റിൽ റോഡ് വികസനം നടത്തുമ്പോൾ വലിയ മത സ്നേഹമായിരുന്നു ഇടത് പക്ഷത്തിന്... ഓരോ പള്ളിയും അമ്പലവും ഇതിനായി പൊളിക്കേണ്ടി വരും എന്ന് പറഞ്ഞ് അതിനേക്കാൾ നല്ലത് മുപ്പതോളം വീടുകൾ പൊളിക്കുന്നതാണ് എന്നാണ്...

വീട് പൊളിക്കുന്നതിന് കൂടെ ഒരു കുടുംബത്തിലെ അമ്മയുടെ അസ്തിത്തറ അടക്കമാണ് റോഡിനായി ഏറ്റെടുക്കുന്നത്... പിന്നെ പള്ളിയുടേയും അമ്പലത്തിന്റെയും കമ്മിറ്റിക്കാർ ഇത് പൊളിച്ച് മാറ്റാൻ അനുവാദം നൽകിയപ്പോൾ ഇത് വരെയില്ലാത്ത ദൈവ സ്നേഹം സർക്കാരിനും വന്നു. കമ്മിറ്റിക്കാരുടെ നാട്ടുകാരോടുള്ള സ്നേഹത്തിനും മുകളിലാണ് സർക്കാരിന്റെ ദൈവത്തോടുള്ള സ്നേഹം എന്നാണ് സർക്കാർ തന്നെ വ്യക്തമാക്കുന്നത്...

പിന്നെ ഇത് ദൈവത്തോടുള്ള സ്നേഹമോ അത് ഗാന്ധിയോടും കുറച്ച് സഹോദര സ്നേഹവും കൊണ്ടാണോ എന്നും നാട്ടുകാർക്ക് ചില സംശയങ്ങൾ ഉണ്ട്... പഴയ അലൈന്മെന്റ് വഴി റോഡ് പോയാൽ പോകുന്ന വഴിക്ക് നമ്മുടെ ബേപ്പൂർ എം എൽ എ വി കെ സി മമ്മദ് കോയയുടെ ചെറിയൊരു ഫാക്ടറിയും പോകും എന്നാണ് സമരത്തെ പൊളിക്കാൻ വന്ന നാട്ടുകാർ പറയുന്നത്... അങ്ങനെ വല്ലോം ഉണ്ടേൽ അതിലൊക്കെ മതിയായ കാരണം ഉണ്ടാകും എന്ന് നമുക്കെല്ലാം അറിയാം... അത് പോലെ ഇപ്പോഴത്തെ റോഡ് വീതി കൂട്ടിയാൽ പോരെ എന്ന സമരക്കാരുടെ ചോദ്യത്തിനും പ്രസക്തിയില്ല... അവിടെ റോഡ് വീതി കൂട്ടിയാൽ വലിയ വലിയ മുതലാളിമാരുടെ പല കെട്ടിടങ്ങളും പൊളിച്ച് മാറ്റേണ്ടി വരും.. അങ്ങനെ സംഭവിച്ചാൽ നാടിന്റെ സാമ്പത്തിക സ്ഥിതി തന്നെ തകരുകയില്ലെ...

ഇതാവുമ്പോൾ വല്ല നക്കാപ്പിച്ചയോ മറ്റോ കൊടുത്താൽ അവർ ഒഴിഞ്ഞ് പോകും അല്ലേൽ അടിച്ചോടിക്കാൻ ഇവിടെ ആൾക്കാരും ഉണ്ടല്ലോ... സാമ്പത്തിക മാന്ദ്യം ഉണ്ടാക്കുവാനുള്ള ഒരു കുത്സിത ശ്രമവും ഇവിടെ അനുവദിക്കില്ല... നാടിന് വേണ്ടി നന്മ ചെയ്യുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ മാറിക്കൊടുക്കേണ്ടി വരുന്നത് എന്ന് അവർക്ക് എപ്പോഴാണ് മനസ്സിലാകുന്നത്... പിന്നെ അസ്ഥിത്തറയുടെ മുകളിലൂടെ റോഡ് പോവുമ്പോൾ നിങ്ങൾ മനസ്സിലാക്കണം ചോരച്ചാൽ നീന്തി വന്നവർ ഭരിക്കുമ്പോൾ ഇതൊക്കെ സർവ്വ സാധാരണമാണ് എന്ന്...

പിന്നെ നമ്മുടെ മന്ത്രി ജി സുധാകരൻ പറഞ്ഞത് ഇതൊക്കെ വിധ്വംസ പ്രവർത്തകരുടെ പ്രവർത്തനം ആണെന്നാണ്... അത് വളരെ ശരിയാണ് കാരണം അവിടെ സമരം ചെയ്യുന്നത് വയൽക്കഴുകന്മാർ ച്ചേ വീട് കഴുകന്മാർ ആണല്ലോ.... സ്വന്തം വീടും നാടും നഷ്ടപ്പെടുന്നത് വെറും കോമഡി ആണ് എന്ന് പറയുന്ന മന്ത്രി സാറിനോട് എന്ത് പറയാനാണ്.... ഇവിടെ മാസം മാസം അലവൻസും ശമ്പളവും ഒക്കെ ആയി കോടീശ്വരന്മാരുടെ മന്ത്രി സഭ പറയുന്നത് പോലെയെ നടക്കു... ഇപ്പോൾ എല്ലാവരും പറയുന്നത് ഇങ്ങനെയാണ് ഇത് കേരളാണ് ഇവിടെ ഇങ്ങനെയാണ്....