- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നുവെങ്കിലും പ്രണയബന്ധം തുടർന്നു; അടുത്ത നാളിൽ അരുൺ കുമാർ വേർപിരിയാൻ തീരുമാനിച്ചത് പ്രതികാരമായി; കാമുകനെ വകവരുത്താൻ ആസിഡ് എടുത്തത് ഭർത്താവിന്റെ വീട്ടിൽ നിന്നും; ഷീബയെ ഇനിയും ചോദ്യം ചെയ്യും
അടിമാലി: പ്രണയത്തിൽനിന്നു പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തിൽ ദുരൂഹത മാറുന്നില്ല. അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺ കുമാറി(27)നെ ഇരുമ്പുപാലത്തേക്കു വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിച്ചത്. ഷീബയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി പൊലീസ് മൊഴി എടുക്കും. മുരിക്കാശേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ആസിഡ് എത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
ആസിഡ് ആക്രമണത്തിൽ അരുൺ കുമാറിനെ പ്രതിയാക്കാനാണ് ലക്ഷ്യമിട്ടതെന്ന് ഷീബ പൊലീസിനോട് സമ്മതിച്ചു. എന്നാൽ ആക്രമണം അരങ്ങേറിയ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽനിന്ന് ഷീബയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. ഇരുവരും 2 വർഷം മുൻപ് പ്രണയത്തിലായതിനു ശേഷം ഷീബ ഹോം നഴ്സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തി. ഇതോടെ ബന്ധം കൂടുതൽ ദൃഢമായി. 5 മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നുവെങ്കിലും പ്രണയബന്ധം തുടർന്നു. അടുത്ത നാളിലാണ് അരുൺ കുമാർ വേർപിരിയാൻ തീരുമാനിച്ചത്. തുടർന്നാണ് ആസിഡ് ആക്രണത്തിനു ഷീബ മുതിർന്നതെന്നു പൊലീസ് പറഞ്ഞു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷീബ, വിവാഹിതയും 2 കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞതോടെ അരുൺ പ്രണയത്തിൽ നിന്നു പിന്മാറിയതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ഒരു കണ്ണിനു സാരമായി പരുക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അരുൺകുമാറിനെ കഴിഞ്ഞ 16ന് രാവിലെ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിക്കു സമീപത്തേക്കു വിളിച്ചു വരുത്തിയ ശേഷം സംസാരിക്കുന്നതിനിടെയാണ് കൈവശം കരുതിയിരുന്ന ആസിഡ് ഷീബ മുഖത്തേക്ക് ഒഴിച്ചത്. ഷീബയ്ക്കും പൊള്ളലേറ്റു.
ചൊവ്വാഴ്ച സുഹൃത്തിനും ബന്ധുക്കൾക്കും ഒപ്പമാണ് അരുൺകുമാർ ഇരുമ്പുപാലത്ത് എത്തിയത്. ഇവരെ മാറ്റിനിർത്തിയ ശേഷം ഒറ്റയ്ക്കു സംസാരിക്കുന്നതിനിടെയാണ് ആക്രമണം. ഇതോടെ യുവാവ് ഓടി ഒപ്പം ഉണ്ടായിരുന്നവരെ വിവരം അറിയിച്ചു. ഇവർ വന്ന കാറിൽ തന്നെ യുവാവിനെ നേര്യമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി. പിന്നീട് തിരുവനന്തപുരത്തെത്തിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. നേരത്തേ, അരുൺ കുമാറിനെയും വീട്ടുകാരെയും ഷീബ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. 2,14,000 രൂപ ആവശ്യപ്പെട്ടെങ്കിലും നൽകാൻ അരുൺ തയാറായില്ല. പിന്നീട് 14,000 രൂപ മതിയെന്നു പറഞ്ഞാണ് ഷീബ അരുണിനെ വിളിച്ചുവരുത്തിയത്.
മുരിക്കാശ്ശേരി പൂമാംകണ്ടം വെട്ടിമലയിൽ സന്തോഷിന്റെ ഭാര്യയാണ് ഷീബ. സന്തോഷ് പെയിന്ററാണ്. ഈ ദമ്പതികൾക്ക് രണ്ടുമക്കളാണ്. മകൻ പ്ലസ്സുടു വിദ്യാർത്ഥിയാണ്. 13 കാരിയായ മകൾ 4 മാസം മുമ്പാണ് മരണപ്പെട്ടത്. വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മകളുടെ മരണത്തിന് ശേഷം വീണ്ടും തിരുവനന്തപുരത്തെ ജോലി സ്ഥത്തേയ്ക്കു പോയ ഷീബ രണ്ടാഴ്ച മുമ്പ് ഭർത്താവിന്റെ മാതാവ് മരണപ്പെട്ടപ്പോൾ നാട്ടിലെത്തിയെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
കാമുകനായ അരുണിന് നേരെ ആസിഡൊഴിച്ച ശേഷം ഷീബ നേരെ പോയത് ഭർതൃവീട്ടിലേക്ക് ആണ്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. ഭർത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്. തുടർന്ന് ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഷീബ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.
മറുനാടന് മലയാളി ബ്യൂറോ