കുമരകം: ആറ്റുനോറ്റുണ്ടായ പൊന്നുമക്കളെ കൺ നിറയെ കാണും മുമ്പേ അമ്മ മരിച്ചു. ദിവസങ്ങളഅ#ക്ക് മുമ്പ് വരെ കോട്ടയം കുമരകം സ്വദേശികളായ ശിശുപാലന്റെയും ഷീബയുടെയും വീട്ടിൽ സന്തോഷം മാത്രമായിരുന്നു.

തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറക്കാൻ പോവുതിന്റെ സന്തോഷം ആ ദമ്പതികളെയും വീട്ടുകാരെയും ചില്ലറയല്ല സന്തോഷത്തിലാക്കിയത്. എന്നാൽ മക്കൾ പിറന്ന് അഞ്ചാം ദിവസം ഷീബ ലോകത്തോട് വിട പറഞ്ഞു. ആശാരിശേരി പറത്തറ ശിശുപാലന്റെ ഭാര്യ ഷീബ(42)യാണു മരിച്ചത്.

ഷീബശിശുപാലൻ ദമ്പതികൾക്ക് ഈ മാസം ഒന്നിനാണ് ഇരട്ടക്കുട്ടികൾ പിറന്നത്. ഇന്ന് ഷീബയെ ഡിസ്ചാർച് ചെയ്യാനിരിക്കെ ഇന്നലെ മൂന്നോടെ ഷീബയ്ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു.

തുടർന്ന് വെന്ററിലേറ്ററിലേക്ക് മാറ്റി എങ്കിലും ഏതാനും സമയത്തിനുള്ളിൽ മരണം സംഭവിച്ചു. രക്തസമ്മർദം കുറഞ്ഞതാണു മരണത്തിനിടയാക്കിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി വീട്ടുകാർ പറഞ്ഞു.

തെള്ളകത്തുള്ള സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ വഴിയാണു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഒരു കുഞ്ഞിനു തൂക്കക്കുറവായിരുന്നതിനാൽ ഇൻകുബേറ്ററിലാണ്. കൂടെയുണ്ടായിരുന്ന കുഞ്ഞിനു ഷീബ മുലപ്പാൽ നൽകിയിരുന്നു.

കുഞ്ഞുങ്ങൾ ഇപ്പോഴും ആശുപത്രിയിലാണ്. മള്ളുശേരി പാറയ്ക്കൽ രാജപ്പന്റെ മകളാണു ഷീബ. ഭർത്താവ് ശിശുപാലൻ ചന്തക്കവലയിൽ കട നടത്തുകയാണ്. ഷീബയുടെ സംസ്‌കാരം ഇന്നു മൂന്നിന്.