യു.പി.യിൽ കോൺഗ്രസ്സിന്റെ നില പരുങ്ങലിലാണ്. ബിജെപിയും സമാജ് വാദിയും ബഹുജൻ സമാജ് വാദിയുമൊക്കെ കഴിഞ്ഞാണ് കോൺഗ്രസ്സിന്റെ സ്ഥാനം. അടുത്ത വർഷം യു.പി. നിമയസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ ഈ നില മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചല്ല, ആരാകണം മുഖ്യമന്ത്രി എന്നതിനെക്കുറിച്ചാണ് കോൺഗ്രസ്സിൽ ചർച്ച മുറുകുന്നതെന്നതാണ് കൗതുകം.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തി വോട്ടുപിടിക്കണോ എന്ന കാര്യത്തിലാണ് ചർച്ച. പൊതുവെ അങ്ങനെയൊരാളെ മുൻനിർത്തുന്ന പതിവ് കോൺഗ്രസ്സിനില്ല. എന്നാൽ ഇക്കുറി കാര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്ന് യു.പിയുടെ ചുമതലയുള്ള ഗുലാം നബി ആസാദ് പറയുന്നു.

ഒരു ജനപ്രിയ മുഖവുമായാകും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് ഗുലാം നബി പറഞ്ഞത്. പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മുന്നോട്ടുനിർത്തണമെന്ന ആവശ്യം ശക്തമായുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ സജീവ രാഷ്ട്രീയത്തിൽ ഇനിയും താത്പര്യം കാണിച്ചിട്ടില്ലാത്ത പ്രിയങ്ക ഇക്കുറിയും മനസ്സുമാറ്റുമോ എന്ന് വ്യക്തമല്ല.

പ്രിയങ്കയ്ക്കും രാഹുലിനും വൻതോതിൽ വോട്ട് നേടാനാകുമെന്നാണ കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകുന്ന രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത്കിഷോറ് പറയുന്നു. എന്നാൽ ഹൈക്കമാൻഡ് ഇതിനോട് ഇനിയും പ്രതീക്ഷിച്ചിട്ടില്ല. യുപിയിൽ നിർണായകമായ ജാതി വോട്ട് നേടുന്നതിനാണ് പാർട്ടി ഇപ്പോൾ പ്രാധാന്യം കൽപിക്കുന്നത്.

യുപിയിൽ കോൺഗ്രസ്സിൽനിന്ന് അകന്നുപോയ ബ്രാഹ്മിൺ വോട്ടുകളെ ആകർഷിക്കാൻ മറ്റൊരു തന്ത്രവും നേതൃത്വത്തിന് മുന്നിലേക്ക് പ്രശാന്ത് കിഷോർ വെക്കുന്നുണ്ട്. അത് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ്. ചെറുപ്പക്കാരനായ ജിതിൻ പ്രസാദിന്റെ പേരും കോൺഗ്രസ്സ് സജീവമായി പരിഗണിക്കുന്നുണ്ട്.