ന്യൂഡൽഹി: ഡൽഹിയിൽ പിഞ്ചു കുഞ്ഞുങ്ങളെ കൂട്ടബലാത്സംഗം ചെയ്ത വിഷയത്തിൽ രാഷ്ട്രീയ നേതാക്കളുടെ വാക്‌പോരു തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പിന്തുണച്ച് ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത്താണ് ഇപ്പോൾ രംഗത്തെത്തിയത്.

നേരത്തെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രിയെയും ലഫ്റ്റനന്റ് ഗവർണറെയും വിമർശിച്ചിരുന്നു. കേന്ദ്രത്തിന്റെ സുരക്ഷാവീഴ്ചയാണ് ഡൽഹിയിൽ ബലാത്സംഗങ്ങൾ വർധിക്കാൻ ഇടയാക്കുന്നതെന്നാണ് അരവിന്ദ് കെജ്‌രിവാൾ കുറ്റപ്പെടുത്തിയത്. ഇതിനെ വിമർശിച്ചാണ് ഷീല ദീക്ഷിത് രംഗത്തെത്തിയത്.

ഡൽഹിയിലുണ്ടാകുന്ന കുറ്റകൃത്യങ്ങളിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്താനാകില്ല. ഇക്കാര്യങ്ങളിൽ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. ഭരണനിർവഹണം ഡൽഹി സർക്കാരിന്റെ ചുമതലയാണ്. പൊലീസിനെ രണ്ടായി വിഭജിക്കണം. വിവിഐപികളുടെയും നയതന്ത്രജ്ഞരുടെയും സുരക്ഷ ഒരുവിഭാഗം ഏറ്റെടുക്കണം. സംസ്ഥാനത്തെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നതിനും നിലനിർത്തുന്നതിനും മറ്റൊരു വിഭാഗത്തെയും നിയമിക്കണമെന്നും ഷീല ദിക്ഷിത് പറഞ്ഞു.