തേഞ്ഞിപ്പലം: ഔദ്യോഗിക ജീവിതത്തിൽ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച, പെൺകരുത്തിന്റെ മാതൃകയായ ഷീലാ രമണി കാലിക്കറ്റ് സർവകലാശാലയിൽ 27 വർഷത്തെ സേവനത്തിനു ശേഷം അസി. രജിസ്ട്രാറായിരിക്കെ വിരമിച്ചു.

കേരളത്തിൽനിന്ന് ആദ്യമായി ഗ്ലൈഡർ വിമാനം പറത്തിയ  പെൺകുട്ടി എന്ന നിലയിലാണ് ഷീല രമണി വാർത്തകളിൽ ഇടംപിടിച്ചത്. 1984ലെ റിപ്പബ്ലിക്ദിനാഘോഷത്തിൽ ഷീലാ രമണി ഗ്ലൈഡർ പറത്തിയപ്പോൾ കൈയടിക്കാൻ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടക്കമുള്ള പ്രമുഖർ ഉണ്ടായിരുന്നു.

തമ്പാനൂർ മോസ്‌ക് ലൈൻ 'ശ്രുതി'യിൽ പരേതനായ കെ.പി. ശ്രീധരൻ-ലീലാഭായി ദമ്പതിമാരുടെ മകളായ ഷീല വഴുതക്കാട് വനിതാകോളേജിൽ പഠിക്കുമ്പോൾ എൻ.സി.സി. കേഡറ്റായിരുന്നു. അവിടെനിന്നു നേടിയ പരിശീലനങ്ങളിലാണ് ഉയരങ്ങളിലേക്കു ചിറകുമുളച്ചത്. ചെറുവിമാനങ്ങൾ പറപ്പിക്കാനുള്ള പ്രൈവറ്റ് പൈലറ്റ് ലൈസൻസും നേടിയിരുന്നു.



സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന്, കേരളത്തിൽ ആദ്യമായി ഒറ്റയ്ക്ക് ഗ്ലൈഡർ വിമാനം പറപ്പിച്ച പെൺകുട്ടിയെന്ന ചരിത്രം ഷീലയ്ക്ക് മാത്രം സ്വന്തം.

സാമ്പത്തിക പരാധീനതകൾ കൊമേഴ്സ്യൽ പൈലറ്റാവാനുള്ള ഷീലയുടെ മോഹങ്ങൾക്ക് വിലങ്ങുതടിയായി. സാഹചര്യങ്ങൾ ഷീലയെ പൈലറ്റിന്റെ വേഷം അഴിച്ചുവയ്‌പ്പിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ ജോലി കിട്ടി. പിന്നിട് ഷീലയുടെ കരിയർ മറ്റ് വഴികളിലേക്കു പറന്നു.

ആയുർവേദ ഡോക്ടർ, നാലു തവണ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ് സ്വർണ മെഡൽ ജേതാവ്, കരാട്ടെ ബ്ലാക്ക് ബെൽറ്റ്, എൻസിസി അണ്ടർ ഓഫീസർ, യോഗ അദ്ധ്യാപിക, യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ ഇങ്ങനെ ഈ പെൺകരുത്തിന് വഴങ്ങിയ മേഖലകൾ നിരവധിയാണ്.

ഡോ. സാം എബനേസറാണ് ഭർത്താവ്. വിവാഹം കഴിഞ്ഞ് 14 വർഷത്തിനുശേഷം പിറന്ന ആദ്യ ഏകമകളാണ്. ഇപ്പോൾ സർവകലാശാലയ്ക്കു സമീപം വാടകയ്ക്കാണ് താമസം.

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഷീലാ രമണി വിരമിച്ചതും തിരക്കുകളിലേക്കാണ്. കസേരയിലിരുന്ന് കംപ്യൂട്ടറിൽ ഫയലുകൾ നോക്കുന്നതിൽനിന്നുമാറി ആയുർവേദ ഡോക്ടർ, യോഗാധ്യാപിക, ഷൂട്ടിങ് ചാമ്പ്യൻ തുടങ്ങിയ നിരവധി വേഷങ്ങളിലേക്ക് ഇനി അനായാസം ഷീലയ്ക്ക് കൂടുമാറാം.