കൊച്ചി: ആർ.എസ്.എസിന്റെ ഭാഷയാണ് മാധ്യമങ്ങൾ കടമെടുത്ത് കുപ്രചരണങ്ങൾ എഴുതി പ്രചരിപ്പിച്ചതെന്ന് ഷെഫിൻ ജഹാൻ. ഒരു ഹിന്ദു പെൺകുട്ടി മുസ്ലിം ആയപ്പോൾ അവർക്ക് സഹിച്ചില്ല. അതിനാൽ ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുകയും അത് മാധ്യമ വാർത്തയാക്കി വിവാദങ്ങൾ സൃഷ്ടിക്കുകയായിരുന്നു. സപ്രീം കോടതി വിധിയെപറ്റി മറുനാടൻ മലയാളിയോട് പ്രതികരിക്കുകയായിരുന്നു ഷെഫിൻ ജഹാൻ.

സുപ്രീം കോടതിയുടെ വിധിപ്പകർപ്പ് എത്രയും വേഗം തന്നെ ഹൈക്കോടതിയിൽ ഹാജരാക്കി ഹാദിയയെ വീട്ടിൽ കൊണ്ടു വരും. ശേഷം വീണ്ടും ഹോസ്റ്റലിൽ തന്നെ തിരിച്ചെത്തിക്കും . പഠനം പൂർത്തിയാക്കാനായി കാത്തിരിക്കും. കേസിൽ നിയമ പോരാട്ടങ്ങൾക്ക് ഏറെയും സഹായിച്ചത് പോപ്പുലർ ഫ്രണ്ട് എന്ന സംഘടനയാണ്. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കേസിന്റെ വിജയത്തിനായി പ്രാർത്ഥിച്ച സഹായിച്ച എല്ലാവരോടും തീർത്താൽ തീരാത്തത്ര കടപ്പാടുമുണ്ടെന്നും ഷെഫിൻ പ്രതികരിച്ചു.

ഹാദിയയുടെ അച്ഛൻ അശോകനെ വിധിക്ക് ശേഷം ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് ഹാദിയയെ കണ്ടതിന് ശേഷം മാത്രം ആയിരിക്കും ബന്ധപ്പെടുക എന്നാണ് മറുപടി പറഞ്ഞത്. പടച്ചവനോട് ഒരുപാട് നന്ദി പറയുന്നു. അൽഹംദുലില്ലാഹ്... സത്യം വിജയിക്കുമെന്ന് പറയുന്നത് പൂർണമായും സത്യമാണെന്ന് ഇപ്പോൾ മനസ്സിലായി. എത്ര വലിയ ശക്തികൾ അതിനെതിരെ നിന്നാലും സത്യം വിജയിക്കുക തന്നെ ചെയ്യും. എന്തായാലും ഞാൻ തെറ്റ് ചെയ്തിട്ടില്ലല്ലോ? 100 ശതമാനം എനിക്ക് ഉറപ്പാണ് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലാന്ന് എനിക്കറിയാം. അപ്പോൾ പിന്നെ ദൈവം എന്തായാലും നമുക്ക് നല്ലരീതിയിലെ എത്തിക്കുള്ളൂ. നമുക്ക് ഒരിക്കലും പറ്റാത്ത രീതിയിലേക്ക് പടച്ചോൻ എത്തിക്കില്ല.-ഇതായിരുന്നു വിധിയോടുള്ള ഹാദിയയുടെ പ്രതികരണം.

ഒരു പരിധി വരെ ഞാൻ ഇപ്പോൾ ഫ്രീ ആണ്. മാരേജ് അംഗീകരിച്ചോണ്ട് ഇന്നാണ് വിധി വന്നിരിക്കുന്നത്. ഇനി കാണുമ്പോൾ ഞങ്ങൾക്ക് ഒരുമിച്ച് പുറത്ത് ഷോപ്പിങ്ങിനൊക്കെ പോവാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹാദിയ പറഞ്ഞിരുന്നു. ഇന്നലെയാണ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഇവരുടെ വിവാഹം സാധുവാണെന്ന് നിരീക്ഷിച്ചത്. നിയമപരമായി ഹാദിയയ്ക്ക് പഠനം തുടരാമെന്നും കോടതി അറിയിച്ചിരുന്നു. ഭരണഘടനയുടെ 226 മത് അനുഛേദം അനുസരിച്ച് ഒരു ഹേബിയസ് കോർപസ് പരിഗണിച്ചാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. ആ വിധി തെറ്റാണെന്നും അതുകൊണ്ട് ആ ഉത്തരവ് റദ്ദാക്കുന്നതായും കോടതി വ്യക്തമാക്കി. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ ഹർജിയിലായിരുന്നു വിധി.

വിവാഹം അസാധുവാക്കിയതിൽ യാതൊരു ന്യായീകരണവുമില്ലെന്നു സുപ്രീം കോടതി കണ്ടെത്തിയിരുന്നു. പ്രായപൂർത്തിയായ രണ്ടുപേർ സ്വന്തം ഇഷ്ടപ്രകാരം നടത്തിയ വിവാഹം അസാധുവാക്കാൻ എന്താണ് കാരണം? സ്വന്ത ഇഷ്ടപ്രകാരമാണെന്ന് ഇരുവരും കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനൊപ്പം കോടതിയുടെ കണ്ടെത്തലുകൾ എല്ലാം സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. അതേസമയം, കേസിൽ എൻ.ഐ.എ അന്വേഷണം തുടരുന്നതിൽ കോടതി ഇടപെട്ടിട്ടില്ല.

എൻ.ഐ.എയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാം. ആവശ്യമെങ്കിൽ കേസെടുക്കുന്നതിന് എൻ.ഐ.എയ്ക്ക് തടസ്സമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഷെഫിൻ ജഹാന്റെ ക്രിമിനൽ പശ്ചാത്തലവും ഭീകരബന്ധവും ഉൾപ്പെടെയുള്ള എല്ലാ കാര്യവും പരിശോധിക്കാം. എന്നാൽ ഇവരുടെ വിവാഹം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും വിധിയിൽ പറയുന്നു.