- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർവത്ര അഴിമതിക്കാരനായ ഷഹബാസ് ഷരീഫിന് പാക്കിസ്ഥാനെ നേർവഴിക്ക് നയിക്കാനാകുമോ? രാവിലെ എട്ട് മണിക്ക് ഓഫീസിലെത്തി വലിയ 'അധ്വാനി'യെന്ന് വരുത്തി ഷഹബാസ്; കുത്തുപാളയെടുത്തു നിൽക്കുമ്പോഴും പെൻഷൻ, ശമ്പള വർധന നടപ്പിലാക്കി; സമൂല പരിഷ്ക്കാരങ്ങൾക്ക് ഒരുങ്ങുന്ന പാക് പ്രധാനമന്ത്രിയെ അഭിനന്ദിച്ചു മോദിയും ചൈനയും
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അഴിമതി വീരനാണെന്നത് പാക്കിസ്ഥാൻ ജനതയ്ക്ക് അറിവുള്ള സത്യമാണ്. എങ്കിലും അവർക്ക് മുന്നിൽ ഇപ്പോൾ മറ്റൊരു ഓപ്ഷനും ഇല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ടാണ് ഷഹബാസ് ഷരീഫ് അധികാരത്തിലേറുമ്പോഴും പാക് ജനത അത് സഹിക്കുന്നത്. അധികാരമേറ്റ ഉടനെ തന്നെ താൻ വലിയ അധ്വാനിയാണെന്ന ഭാവത്തിലാണ് ഷഹബാസിന്റെ മുന്നോട്ടു പോക്ക്.
സാമ്പത്തിക പ്രതിസന്ധികളിൽ നട്ടം തിരിയുന്ന രാജ്യത്തു സമൂല പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതായി ആദ്യ ദിന ഭരണനടപടികൾ സൂചന നൽകുന്നുണ്ട്, ഷഹബാസ്. ഇതിന്റെ തുടക്കമെന്നോണം ഇന്നലെ രാവിലെ 8ന്, ജീവനക്കാർക്കു മുൻപേ ഓഫിസിലെത്തിയ പ്രധാനമന്ത്രി, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിസമയം 10നു തുടങ്ങുന്നതിനു പകരം 2 മണിക്കൂർ മുൻപേയാക്കുകയാണെന്നു പ്രഖ്യാപിച്ചു. നിലവിലുള്ള അവധി സമ്പ്രദായവും പുതിയ പ്രധാനമന്ത്രി പുതുക്കി നിശ്ചയിച്ചു. ആഴ്ചയിൽ 2 ദിവസത്തെ അവധി ഇനി മുതൽ ഞായർ മാത്രമാക്കി ചുരുക്കി. പെൻഷൻ വർധന, കുറഞ്ഞ ശമ്പളം 25,000 രൂപ തുടങ്ങിയ പരിഷ്കാരങ്ങളും നടപ്പാക്കി.
സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള നയരൂപീകരണത്തിന് വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരി വിദേശകാര്യമന്ത്രിയായേക്കും. റാണ സനുല്ല (ആഭ്യന്തരം), മറിയം ഓറംഗസേബ് (വാർത്താ വിതരണം) എന്നിവരും മന്ത്രിസഭയിലുണ്ടായേക്കുമെന്നാണ് സൂചനകൾ.
പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജതി ഉംറ ഗ്രാമത്തിലെ ഗുരുദ്വാരയിൽ ഗ്രാമവാസികൾ പ്രാർത്ഥന നടത്തി. ലഹോറിനടുത്ത് പാക്ക് പഞ്ചാബിലെ ഇക്ബാൽ തെഹ്സിലിലുള്ള ജതി ഉംറ ഗ്രാമത്തിലാണ് ഷഹബാസിന്റെ വീട്. 2013 ൽ ഷഹബാസ് ഷരീഫ് ജന്മഗ്രാമം സന്ദർശിച്ചിരുന്നു. വിഭജന പൂർവ ഇന്ത്യയിൽ ജതി ഉംറയിലെ ഏക മുസ്ലിം വീടായിരുന്നു മിയാൻ മുഹമ്മദ് ഷരീഫിന്റേത്.
അതേസമയം പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തുവന്നിരുന്നു. മേഖലയിൽ സമാധാനവും സ്ഥിരതയുമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ട്വിറ്റർ സന്ദേശത്തിൽ മോദി വ്യക്തമാക്കി. ഭീകരതയും ഇവിടെനിന്ന് ഒഴിയണം. അങ്ങനെയെങ്കിൽ നമുക്ക് വികസന വെല്ലുവിളികളെ നേരിടാമെന്നും ജനങ്ങളുടെ ക്ഷേമവും സമൃദ്ധിയും ഉറപ്പാക്കാമെന്നും മോദി കൂട്ടിച്ചേർത്തു.
അഭിനന്ദനമറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നന്ദി പറഞ്ഞു. കശ്മീർ ഉൾപ്പെടെ പ്രശ്നങ്ങൾക്കു സമാധാനപരമായ പരിഹാരം അനിവാര്യമാണെന്നും മോദിയുടെ ട്വീറ്റിനു മറുപടിയായി ഷരീഫ് കുറിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവൊ ലിജിയാനും ഷഹബാസിനെ അഭിനന്ദനമറിയിച്ചു. ഒരിക്കലും തകർക്കാൻ പറ്റാത്ത ബന്ധമാണ് ഇരു രാജ്യങ്ങളുടേതെന്നും പറഞ്ഞു
പാക്കിസ്ഥാന്റെ 23-ാമത് പ്രധാനമന്ത്രിയായി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇമ്രാൻ ഖാൻ വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 174 വോട്ടാണ് ശഹ്ബാസ് നേടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്. ഇമ്രാൻ സർക്കാറിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് ഷഹ്ബാസ് ആയിരുന്നു.
പാക്കിസ്ഥാൻ മുസ്ലിം ലീഗ് (എൻ) നേതാവായ 70കാരനായശരീഫ്, നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1951 സെപ്റ്റംബറിൽ ലാഹോറിലെ പഞ്ചാബി സംസാരിക്കുന്ന കശ്മീരി കുടുംബത്തിലാണ് ഷഹ്്ബാസിന്റെ ജനനം. അമൃത്സർ ജില്ലയിലെ ജതിഉംറ ഗ്രാമത്തിൽ വ്യവസായിയായിരുന്നു പിതാവ് മുഹമ്മദ് ശരീഫ്. വിഭജനത്തിനുശേഷം ശഹ്ബാസിന്റെ കുടുംബം ലാഹോറിലേക്ക് കുടിയേറി. ലാഹോറിലെ ഗവ. കോളജ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടി. പഠനശേഷം വ്യവസായം ഏറ്റെടുക്കുകയും ഉരുക്കുനിർമ്മാണ കമ്പനി ഉടമ വരെയായി മാറുകയും ചെയ്തു.
1980കളുടെ മധ്യത്തിൽ ജ്യേഷ്ഠൻ നവാസിനൊപ്പമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1988ൽ നവാസ് പഞ്ചാബ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം ആദ്യമായി നിയമസഭ അംഗമായി. 1997ൽ നവാസ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഷഹ്ബാസ് ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായത്. പർവേസ് മുശർറഫിന്റെ നേതൃത്വത്തിൽ സൈനിക അട്ടിമറി നടന്നതോടെ 2000ൽ തടവിലാക്കപ്പെട്ടു. സൗദിയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം 2007ലാണ് തിരിച്ചെത്തിയത്. 2008ൽ രണ്ടാം തവണയും പഞ്ചാബ് മുഖ്യമന്ത്രിയായി. 2013ലും അധികാരത്തിലെത്തി.
അഞ്ചുതവണ വിവാഹിതനായി. നിലവിൽ രണ്ടു ഭാര്യമാർ - നുസ്രത്ത്, തെഹ്മിന ദുരാനി. മൂത്തമകൻ ഹംസ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.
നവാസ് ഷരീഫ് നാടണയുമോ?
ഷഹബാസ് ഷരീഫ് (70) പ്രധാനമന്ത്രിയായതോടെ, 3 തവണ പ്രധാനമന്ത്രിയായിരുന്ന ജ്യേഷ്ഠൻ നവാസ് ഷരീഫ് (72) ബ്രിട്ടനിൽനിന്നു തിരിച്ചെത്തുന്നതു സംബന്ധിച്ച ചർച്ചകൾ സജീവമായി. ആരോഗ്യനില തൃപ്തികരമാണെന്ന് ലണ്ടനിലെ ഡോക്ടർമാർ പറയുകയും നാട്ടിലെ അഴിമതിക്കേസുകളിൽ കുറ്റവിമുക്തനാകുകയും ചെയ്താൽ പാക്കിസ്ഥാൻ മുസ്ലിം ലീഗ് നവാസ് (പിഎംഎൽഎൻ) നേതാവായ ഷരീഫിനു തിരിച്ചെത്താനാകും.
പാനമ പേപ്പർ അഴിമതിക്കേസിൽപ്പെട്ട നവാസ് ഷരീഫിനെ 2017 ജൂലൈയിലാണ് സുപ്രീം കോടതി അയോഗ്യനാക്കിയത്. 2019 നവംബറിൽ ചികിത്സയ്ക്കായി ലണ്ടനിലേക്കു പോയി.
മറുനാടന് ഡെസ്ക്