- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം പൊളിച്ചതായി വെളിപ്പെടുത്തൽ; വധിക്കാൻ പദ്ധതിയിട്ടത് ഭീകരസംഘടനയായ ജമാഅത്ത്ഉൽ മുജാഹിദീൻ ബംഗ്ലാദേശ്; ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11ാമത്തെ വധശ്രമമാണ് ഉദ്യോഗസ്ഥർ പൊളിച്ചത്
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ബംഗ്ലാദേശ് സുരക്ഷാ ഉദ്യോഗസ്ഥർ പൊളിച്ചതായി വെളിപ്പെടുത്തൽ. എന്നാൽ, വിവരം ചോർന്നുകിട്ടിയതോടെ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ സാധിച്ചതാണു വധശ്രമം പാളാൻ ഇടയാക്കിയത്. 2009ൽ പ്രധാനമന്ത്രി സ്ഥാനമേറ്റ ശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11ാമത്തെ വധശ്രമമാണിത്. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്ത്ഉൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) ഭീകരരാണു ഹസീനയെ വധിക്കാൻ പദ്ധതിയിട്ടത്. ഇതിനായി പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സുരക്ഷാ സേനയിലെ (എസ്എസ്എഫ്) ഏഴോളം ജീവനക്കാരെ ഇവർ സ്വാധീനിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ഹസീനയെ വധിക്കാനായിരുന്നു തീരുമാനം. പതിവുള്ള സായാഹ്ന നടത്തത്തിനായി ഹസീന ഓഫിസിൽനിന്നു പുറത്തിറങ്ങുമ്പോൾ ആക്രമിച്ചു വധിക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന മേഖലയിൽ തുടർ സ്‌ഫോടനങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നു. ഇവിടെ സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ഭീകരരുടെ ശ്രമം ബംഗ്ലാദേശ് സുരക്ഷാ ഉദ്യോഗസ്ഥർ പൊളിച്ചതായി വെളിപ്പെടുത്തൽ. എന്നാൽ, വിവരം ചോർന്നുകിട്ടിയതോടെ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ സാധിച്ചതാണു വധശ്രമം പാളാൻ ഇടയാക്കിയത്. 2009ൽ പ്രധാനമന്ത്രി സ്ഥാനമേറ്റ ശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11ാമത്തെ വധശ്രമമാണിത്.
ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്ത്ഉൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) ഭീകരരാണു ഹസീനയെ വധിക്കാൻ പദ്ധതിയിട്ടത്. ഇതിനായി പ്രധാനമന്ത്രിക്കു സുരക്ഷയൊരുക്കുന്ന പ്രത്യേക സുരക്ഷാ സേനയിലെ (എസ്എസ്എഫ്) ഏഴോളം ജീവനക്കാരെ ഇവർ സ്വാധീനിച്ചിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 24ന് ഹസീനയെ വധിക്കാനായിരുന്നു തീരുമാനം. പതിവുള്ള സായാഹ്ന നടത്തത്തിനായി ഹസീന ഓഫിസിൽനിന്നു പുറത്തിറങ്ങുമ്പോൾ ആക്രമിച്ചു വധിക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന മേഖലയിൽ തുടർ സ്‌ഫോടനങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നു. ഇവിടെ സുരക്ഷയൊരുക്കുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധ അവിടേക്കു തിരിക്കുന്നതിനായിരുന്നു ഇത്.
ഈ സമയത്ത് ഹസീനയുടെ അംഗരക്ഷർ അവരെ വധിക്കുന്ന രീതിയിയിലായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. എന്നാൽ, ഇതേക്കുറിച്ചു സൂചന ലഭിച്ച ബംഗ്ലാദേശ് സർക്കാരിലെ ഹസീനയുടെ വിശ്വസ്തരും ബംഗ്ലാദേശ് ഭീകരവിരുദ്ധ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണു പ്രധാനമന്ത്രിയെ വധിക്കാനുള്ള പദ്ധതി പൊളിച്ചത്.
വധശ്രമവുമായി ബന്ധപ്പെട്ട് ജെഎംബി ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെ ബംഗ്ലാദേശ് ഇന്റലിജൻസ് വിഭാഗം ചോർത്തുകയായിരുന്നു. തുടർന്നു ഹസീനയ്ക്കു പ്രത്യേക സുരക്ഷ ഒരുക്കുകയും സംഭവത്തിൽ ഉൾപ്പെട്ട അംഗരക്ഷകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ ഉൾപ്പെട്ടവരെ ഒന്നൊഴിയാതെ പിടികൂടുന്നതിനാണു സംഭവം രഹസ്യമാക്കി വച്ചതെന്നു ബംഗ്ലാദേശ് അധികൃതരെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഹസീനയെ വധിക്കാൻ ഗൂഢാലോചന നടന്ന വിവരം വിവിധ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതായി പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഏജൻസികളും ബംഗ്ലാദേശുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിച്ചുവരുന്ന രണ്ട് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള നിരവധി ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചിട്ടുള്ള രാജ്യാന്തര ഭീകര സംഘടനയാണ് ജെഎംബി. ബംഗ്ലാദേശിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചു പകരം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭരണം കൊണ്ടുവരാൻ പ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ് ഇവർ.