ലണ്ടൻ: അകത്തുനടക്കുന്നതൊന്നും പുറത്തറിയാതിരിക്കുന്നതിന് ജയിലിനുചുറ്റും തീർക്കുന്നതുപോലുള്ള കൂറ്റൽ ഇരുമ്പുമതിൽ തീർത്ത ദുബായ് ഭരണാധികാരിക്കെതിരേ ബ്രിട്ടനിലെ അയൽവാസികൾ. സറേയിലെ ലോങ്‌ക്രോസ് എസ്‌റ്റേറ്റിലുള്ള കോടികൾ വിലമതിക്കുന്ന ബംഗ്ലാവിന് ചുറ്റുമാണ് ദുബായ് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ-മക്തൂം വേലികെട്ടിയത്. എന്നാൽ, നഗരാസൂത്രണ വിഭാഗത്തോട് അനുമതി വാങ്ങാതെയും പ്രദേശത്തിന്റെ ഘടനയ്ക്ക് ചേരാത്ത വിധത്തിലും കെട്ടിയ മതിൽ പൊളിക്കേണ്ടിവരുമെന്നാണ് സൂചനയുള്ളയതാിയ ബ്രിട്ടീഷ് പത്രം ഡെയ്‌ലി മെയ്ൽ റിപ്പോർട്ടു ചെയ്യുന്നു.

തുറന്നുകിടന്നിരുന്ന പ്രദേശത്താണ് ഇപ്പോൾ ഷെയ്ഖിന്റെ കൂറ്റൽ മതിൽ ഉയർന്നുവന്നത്. ഇത് ചോബാം കോമൺ വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. കൗൺസിലിന്റെ അനുമതി വാങ്ങാതെ എങ്ങനെയാണ് ഇത്രയും വലിയൊരു മതിൽ നിർമ്മിക്കാനായതെന്നും അവർ ചോദിക്കുന്നു. പരിസ്ഥിതിക്ക് ഏറെ വിഘാതമുണ്ടാക്കുന്ന മതിൽ പൊളിച്ചുമാറ്റുകയോ ഷെയ്ഖ് മുഹമ്മദ് ആവശ്യമായ അനുമതി വാങ്ങുകയോ വേണമെന്നാണ് അവരുടെ ആവശ്യം. ഇതേക്കുറിച്ച് റണ്ണിമേഡ് ബോറോ കൗൺസിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.

സറേയിൽ ഷെയ്ഖ് മുഹമ്മദിന്റെ പേരിലുള്ള വലിയ ഭൂമിയുടെ ഒരുഭാഗം മാത്രമാണ് ലോങ്‌ക്രോസ് എസ്‌റ്റേറ്റ്. ഇതിനുചുറ്റുമാണ് മതിൽ കെട്ടിയത്. മുമ്പ് പൊക്കം കുറഞ്ഞ, തടിക്കഷ്ണങ്ങൾകൊണ്ട് തീർത്ത വേലി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചിലയിടത്ത് അതുപോലും ഉണ്ടായിരുന്നില്ല. ഭൂവുടമകൾക്ക് അവരുടെ വസ്തുവിന് ചുറ്റും വേലികെട്ടാൻ അനുമതി ലഭിക്കാറുണ്ടെങ്കിലും, ഷെയ്ഖ് മുഹമ്മദിന്റെ ഭൂമി ആർട്ടിക്കിൾ 4-ൽ വരുന്നതിനാൽ ചെറിയ മാറ്റം വരുത്തുന്നതിനുപോലും അനുമതി തേടേണ്ടതുണ്ട്.

കനത്ത സുരക്ഷയാണ് ഇവിടെ ഏരർപ്പെടുതത്തിയിട്ടുള്ളത്. കാവൽക്കാരും സി.സി.ടി.വി. ക്യാമറകളുമൊക്കെയുണ്ട്. എന്നാൽ, ഷെയ്ഖിന്റെ മകൾ ഷെയ്ഖ ഷംസ അൽ മക്തൂം ഈ സുരക്ഷകളൊക്കെ മറികടന്ന് 2000-ൽ ചോബാം കോമണിലേക്ക് ഓടിപ്പോയ സംഭവമുണ്ടായി. അന്ന് 19 വയസ്സുമാത്രമുണ്ടായിരുന്ന ഷംസയെ പിന്നീടാരും കണ്ടിട്ടില്ല. എന്നാൽ, ആഴ്ചകൾക്കുശേഷം ഇവരെ കേംബ്രിഡ്ജിൽനിന്ന് കണ്ടെത്തിയെന്നും ഷെയ്ഖ് മുഹമ്മദിന്റെ ആളുകൾ അവരെ ദുബായിലേക്ക് കടത്തിയെന്നും ആരോപിക്കപ്പെട്ടിരുന്നു.

ഷംസയെ ദുബായിലെ സബീൽ കൊട്ടാരത്തിൽ മയക്കുമരുന്ന് കൊടുത്ത് തടവിലാക്കിയിരിക്കുകയാണെന്ന ആരോപണം അവരുടെ ഇളയ സഹോദരി ഷെയ്ഖ ലത്തിഫ ഇക്കഴിഞ്ഞ മാർച്ചിൽ ഉന്നയിച്ചിരുന്നു. ഷംസ ഇപ്പോൾ ഒരു പ്രേതത്തെപ്പോലെയായെന്നും ലത്തീഫ ആരോപിച്ചു. കൊട്ടാരത്തിൽനിന്ന് രക്ഷപ്പെട്ട് ഗോവയിലെത്തിയ ലത്തീഫ അവിടെനിന്ന് ദുബായിലെ മനുഷ്യാവകാശ സംഘടനയ്ക്ക് അയച്ച വീഡിയോയിലായിരുന്നു ഈ ആരോപണങ്ങൾ.

ഗോവയിലെത്തിയ ലത്തീഫയെയും സഹായിയെയും ഇന്ത്യൻ നാവികസേനയുടെ സഹായത്തോടെ യു.എ.ഇ. നാവിക സേന പിടികൂടിയെന്നാണ് ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ. അതിനുശേഷം അവരെക്കുറിച്ചും ആരും പുറത്ത് കേട്ടിട്ടില്ല. ലത്തീഫ സുരക്ഷയിതയായി ദുബായിലുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്.