ന്യൂഡൽഹി: ഉത്തർപ്രദേശ് പിടിക്കാൻ ഒടുവിൽ കോൺഗ്രസ് നിയോഗിച്ചതു ഷീല ദീക്ഷിത്തിനെ. അടുത്തവർഷം ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹി മുന്മുഖ്യമന്ത്രി കൂടിയായ ഈ മുതിർന്ന നേതാവ് നയിക്കും.

കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഷീല ദീക്ഷിതിനെ പാർട്ടി പ്രഖ്യാപിച്ചു. കോൺഗ്രസ് ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയാണു പാർട്ടി ആസ്ഥാനത്ത് ഇക്കാര്യം അറിയിച്ചത്.

അനുഭവ സമ്പത്തും മികച്ച പ്രവർത്തനവും കണക്കിലെടുത്താണു ദീക്ഷിതിനെ ദൗത്യം ഏൽപ്പിക്കുന്നതെന്ന് ജനാർദൻ ദ്വിവേദി പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡ് ഏൽപ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നു ഷീല ദീക്ഷിത് പ്രതികരിച്ചു. പ്രിയങ്കാഗാന്ധി പ്രചാരണത്തിനു നേതൃത്വം നൽകുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസം രാജ് ബബ്ബറിനെ ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷനായിനിയമിച്ചിരുന്നു. നിർമൽ ഖത്രിക്കു പകരക്കാരനായാണു ബബ്ബറിന്റെ നിയമനം.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഷീലയുടെ പേരു സജീവമായി ചർച്ചകളിലുണ്ടായിരുന്നു. ഇതിനു സ്ഥിരീകരണമായിരിക്കുകയാണ് ഇന്നത്തെ പ്രഖ്യാപനത്തിലൂടെ. അടുത്ത വർഷമാണു തെരഞ്ഞെടുപ്പ്. ഇതിനു മുന്നോടിയായുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഒരിക്കൽ ശക്തി കേന്ദ്രമായിരുന്ന ഉത്തർപ്രദേശിൽ തിരിച്ചു വരാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണു ഷീലയെ കളത്തിൽ ഇറക്കുന്നത്.

പാർട്ടിയുടെ പ്രചരണ ചുമതലയ്ക്ക് ചുക്കാൻ പിടിക്കാനും ഷീല തന്നെയാണ് നല്ലതെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ ബ്രാഹ്മണ സമുദായം ശക്തമായ വോട്ട് ബാങ്കാണ്. ബ്രാഹ്മണ സമുദായത്തിൽ പെട്ട ഷീല ദീക്ഷിതിന് കൂടുതൽ വോട്ട് പിടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ബ്രാഹ്മണ സമുദായ വോട്ടുകൾ ബിജെപിയിലേക്ക് മറിയാനുള്ള സാഹചര്യം മുൻകൂട്ടി കണ്ടാണ് ഈ നീക്കം. മന്ദിർ-മണ്ഡൽ രാഷ്ട്രീയത്തിലൂടെ ബിജെപി ഈ വോട്ട് ബാങ്കിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

തുടർച്ചയായ മൂന്ന് വട്ടം ഡൽഹിയിൽ കോൺഗ്രസിന് വേണ്ടി അധികാരം പിടിച്ച വ്യക്തിയാണു ഷീല ദീക്ഷിത്. 1999 മുതൽ 2014 വരെയായിരുന്നു ഇത്. എന്നാൽ, ആംആദ്മിക്ക് മുന്നിൽ ഷീലയുടെ പ്രഭാവം മങ്ങി. 78 ആം വയസിൽ ഉത്തർപ്രദേശ് പിടിക്കുകയെന്ന ദൗത്യമാണിപ്പോൾ സോണിയ ഗാന്ധി ഷീലയെ ഏൽപ്പിച്ചിരിക്കുന്നത്.