മനാമ: മനുഷ്യക്കടത്തിലെ ഇരകൾക്കായി ബഹ്‌റിനിൽ സർക്കാർ നിയന്ത്രണത്തിലുള്ള സംരക്ഷണ കേന്ദ്രം തുറന്നു. സർക്കാർ നിയന്ത്രണത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു കേന്ദ്രം ആരംഭിച്ചത്. ലേബർ മാർക്കറ്റ് റഗുലേറ്ററി അഥോറിറ്റി(എൽ.എം.ആർ.എ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഉസാമ അൽ അബ്‌സി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആഭ്യന്തരം, ആരോഗ്യം, തൊഴിൽ, സാമൂഹിക വികസനം എന്നീ മന്ത്രാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക. 'ബഹ്‌റൈൻ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സൊസൈറ്റി', 'മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി' എന്നിവയുടെ സഹകരണവും കേന്ദ്രത്തിന് ലഭിക്കും. ഏഴു ഭാഷകളിൽ ഹെൽപ് ലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവാസി സംരക്ഷണ യൂണിറ്റ്, പരാതി സ്വീകരിച്ച് എംബസികളുമായി ആശയ വിനിമയം നടത്തുന്നതിനുള്ള ഡയറക്ടറേറ്റ്, പ്രവാസി സേവന വിഭാഗം, നിയമ സഹായ സെൽ, എൽ.എം.ആർ.എയുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക. മനുഷ്യക്കടത്തിന്റെ ഇരകൾക്കായാണ് അഭയകേന്ദ്രം ഒരുക്കിയതെങ്കിലും അതിലേക്ക് ഇരകൾ എത്തുന്ന സാഹചര്യം ഇല്ലാതാക്കുകയെന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്.

120 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കേന്ദ്രത്തിൽ അടിയന്തിര സാഹചര്യത്തിൽ 200 പേരെവരെ പാർപ്പിക്കാനും കഴിയും. 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിര സഹായ കേന്ദ്രത്തിന് പുറമെ ഏഴുഭാഷകൾ കൈകാര്യം ചെയ്യുന്ന വളണ്ടിയർമാരും ഹെൽവ് ലൈൻ സൗകര്യവും, ആരോഗ്യമനഃശാസ്ത്ര സേവനങ്ങളും ലഭ്യമാവും. ഇരകളെ മാന്യമായി പരിഗണിച്ച് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതാണ് ഇവിടുത്തെ രീതി.