ന്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരതയ്ക്ക് പ്രോത്സാഹനം നൽകുന്ന രാജ്യമാണെന്ന വിലയിരുത്തൽ ശക്തമായി തുടരുന്നതിനിടെ സൗദിയിൽ ട്രംപ് പങ്കെടുത്ത ഭീകരവിരുദ്ധ യോഗത്തിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതായി റിപ്പോർട്ട്.

ചെറിയ രാജ്യങ്ങളിലെ നേതാക്കൾക്കുപോലും പ്രസംഗിക്കാൻ അവസരം ലഭിച്ചെങ്കിലും ഷെരീഫിനെ ക്ഷണിച്ചില്ല. ഇതോടെ സംഭവം നാണക്കേടായെന്ന റിപ്പോർട്ടുമായി പാക് മാധ്യമങ്ങളും രംഗത്തെത്തി.

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സന്ദർശനവേളയിൽ സൗദിയിൽ നടത്തിയ ഭീകര വിരുദ്ധ യോഗത്തിലാണ് സംഭവം ഉണ്ടായത്. ഭീകരവാദത്തിന്റെ ഇരയാണ് പാക്കിസ്ഥാനെന്നു നിരന്തരം പറയുകയും ഭീകരവാദികളെ മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാൻ എന്ന് പൊതു വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നാണ് സൂചന.

റിയാദിൽ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി ഭീകരതയ്‌ക്കെതിരായി ട്രംപ് പ്രസംഗിച്ച യോഗത്തിലാണു പാക്ക് പ്രധാനമന്ത്രിക്കു അവസരം നിഷേധിച്ചത്.

ഭീകരവാദത്തെക്കുറിച്ചു തീരെ ചെറിയ രാജ്യങ്ങളിൽനിന്നുള്ള നേതാക്കന്മാർക്കുപോലും സംസാരിക്കാൻ അവസരം നൽകിയപ്പോഴാണു ഷെരീഫിനെ ക്ഷണിക്കാതിരുന്നതെന്നു പാക്ക് മാധ്യമമായ ദി നേഷൻ റിപ്പോർട്ട് ചെയ്തു.

ഏക മുസ്ലിം ആണവശക്തിയായ പാക്കിസ്ഥാനെ പ്രസംഗത്തിനു ക്ഷണിക്കാതിരുന്നത് നാണക്കേടായെന്ന വിലയിരുത്തലാണ് ഉള്ളത്. മാത്രമല്ല, ആഗോള ഭീകരവാദത്തിനെതിരായ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചു സംസാരിക്കുകപോലുമുണ്ടായില്ലെന്നും പത്രം കുറ്റപ്പെടുത്തി.

അതേസമയം, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഭീകരവാദത്തിന്റെ ഇരകളാണെന്നു ഷെരീഫ് ഉൾപ്പെടെ പങ്കെടുത്ത അറബ് ഇസ്ലാമിക് യുഎസ് ഉച്ചകോടിയിൽ ട്രംപ് പറഞ്ഞിരുന്നു. ''അമേരിക്കയിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടന്നു. യൂറോപ്പിലും സ്ഥിതി വ്യത്യസ്തമല്ല. ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും ആക്രമണങ്ങളുണ്ടായി. ഇന്ത്യ, റഷ്യ, ചൈന, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ് 'എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.