മേരിക്കൻ മലയാളികൾക്ക് മാത്രമല്ല ലോക മലയാളികൾക്ക് തന്നെ ഏറെ മാനോവ്യഥയുണ്ടാക്കിയ സംഭവമാണ് ടെക്‌സസിലെ റിച്ചാർഡ്‌സണിൽ താമസക്കാരായ വെസ്ലിസിനി ദമ്പതികളുടെ മകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിന്റെ തിരോധാനം. ഈ കുരുന്ന് മനഃപ്പൂർവ്വം വീടു വിട്ട് ഒളിച്ചോടിയതല്ല, മറിച്ച് സ്വന്തം പിതാവിന്റെ (രണ്ടാനച്ഛനെന്നോ വളർത്തച്ഛനെന്നോ പറയുന്നതായിരിക്കും ഉചിതം) ബുദ്ധിമോശം കൊണ്ട് കാണാതായതാണ്.

ഒക്ടോബർ 7 ശനിയാഴ്ച വാർത്താ മാധ്യമങ്ങളിലൂടെ മൂന്നു വയസ്സുള്ള പെൺകുഞ്ഞിനെ കാണ്മാനില്ല എന്ന വിവരങ്ങൾ അറിഞ്ഞപ്പോൾ അമേരിക്കയിൽ ഇത് നിത്യ സംഭവമാണല്ലോ എന്ന് തോന്നിയെങ്കിലും, കുട്ടിയെ കാണാതായ സാഹചര്യങ്ങൾ വായിച്ചപ്പോൾ സ്വാഭാവികമായും സംശയങ്ങളുടലെടുത്തു. അതിരാവിലെ 3 മണിക്ക് കുട്ടിയെ സ്വന്തം വീടിന്റെ 100 മീറ്റർ അകലെയുള്ള മരത്തിനടിയിൽ പിതാവ് കൊണ്ടു നിർത്തി വീട്ടിലേക്ക് പോന്നു എന്നു കേട്ടപ്പോൾ അത്ഭുതവും അതിലുപരി അമർഷവും തോന്നി. കുട്ടി പാൽ കുടിക്കാൻ വിസമ്മതിച്ചപ്പോൾ ശിക്ഷാ നടപടിയെന്ന നിലയിലാണത്രേ അങ്ങനെ കൊണ്ടു നിർത്തിയത്! അപ്പോഴും വിശ്വസിക്കാൻ പ്രയാസം തോന്നി. കേവലം മൂന്നു വയസ്സുമാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ ആരെങ്കിലും അങ്ങനെയൊരു ശിക്ഷ വിധിക്കുമോ? തീർന്നില്ല. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് പിതാവ് ചെന്നു നോക്കുമ്പോൾ കുഞ്ഞ് അപ്രത്യക്ഷയായിരിക്കുന്നു!

സാധാരണ രീതിയിൽ അങ്ങനെയൊരു സംഭവം നടക്കുമ്പോൾ ഉടനെ പൊലീസിൽ വിവരമറിയിക്കുകയാണ് ബുദ്ധിയും വിവേകവുമുള്ളവർ ചെയ്യുക. അമേരിക്കയിൽ എവിടെയായാലും 911 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ മിനിറ്റുകൾക്കകം പൊലീസും, ആംബുലൻസും അഗ്‌നിശമന സേനാംഗങ്ങളും കുതിച്ചെത്തും. അതാണ് 911 നുള്ള പ്രത്യേകത. ആംബുലൻസും അഗ്‌നിശമന സേനയും എല്ലാ സജ്ജീകരണങ്ങളോടെയുമാണ് എത്തുന്നത്. അങ്ങനെ ഒരു സംവിധാനം നിലവിലുള്ളപ്പോൾ ഷെറിൻ മാത്യൂസിന്റെ പിതാവ് അതൊന്നും ചെയ്യാതെ രാവിലെ 8 മണിവരെ കാത്തിരുന്നതിനു ശേഷമാണ് പൊലീസിനെ വിളിക്കുന്നത്! ആര് കേട്ടാലും അവിശ്വസനീയമായി തോന്നുന്ന സംഭവം. എത്ര ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളാണ് പിന്നീട് ജനങ്ങളുടെ മനസ്സിൽ പതിഞ്ഞത്.

ഒരു പിതാവും ചെയ്യാത്ത കുറ്റകൃത്യം. അമേരിക്ക പോലുള്ള ഒരു രാജ്യത്ത് ഒരു മലയാളി ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയായിപ്പോയി അത്. ശാഠ്യങ്ങളും ദുശ്ശാഠ്യങ്ങളും ഇല്ലാത്ത ഏതൊരു കുഞ്ഞാണ് ഈ ലോകത്തുള്ളത്? എല്ലാ കുഞ്ഞുങ്ങളും അങ്ങനെയാണ്. അക്കാര്യം ഈ പിതാവിന് അറിയില്ലെന്നുണ്ടോ? അതോ മനഃപ്പൂർവ്വം ചെയ്തതാണോ? നമ്മുടെ ചിന്തകൾക്കതീതമായി മനസ്സിൽ ആശങ്കയുളവാക്കുന്ന പലതും ഇന്നത്തെ സമൂഹത്തിൽ നടക്കുന്നു അല്ലെങ്കിൽ സംഭവിക്കുന്നു. ധാർമ്മികതയോ മനുഷ്യത്വമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, നമുക്ക് ഉൾക്കൊള്ളാൻ തന്നെ പ്രയാസമായിട്ടുള്ള കാര്യങ്ങൾ. ഈ മൂന്നു വയസ്സുകാരിയെ എന്തിനാണ് പുലർച്ചെ മൂന്നു മണിക്ക് പുറത്ത് നിർത്തിയതെന്ന പൊലീസിന്റെ ചോദ്യത്തിന് പിതാവ് നൽകിയ മറുപടി ഇങ്ങനെ...'അർദ്ധരാത്രിക്ക് എഴുന്നേറ്റ് പാലു കുടിക്കുന്ന സ്വഭാവം കുട്ടിക്ക് ഉണ്ടായിരുന്നു. അങ്ങനെ എഴുന്നേറ്റപ്പോൾ പാൽ കുടിക്കാൻ വിസമ്മതിച്ചു. അപ്പോൾ ശിക്ഷ കൊടുക്കാനാണ് മരത്തിന്റെ ചുവട്ടിൽ കൊണ്ടു നിർത്തിയത്..' കൂടാതെ, ആ പ്രദേശത്ത് കയോട്ടീസിനെ (ചെന്നായ്ക്കൾ) കാണാറുണ്ടെന്നും പിതാവ് വെസ്ലി മാത്യൂസ് പൊലീസിനോട് പറഞ്ഞു. പുലർച്ചെ 3:15ന് കുട്ടിയെ കാണാതായിട്ട് രാവിലെ 8 മണിവരെ എന്തു ചെയ്തു എന്ന ചോദ്യത്തിന് 'തുണി കഴുകുകയായിരുന്നു' എന്ന ഉത്തരമാണ് വെസ്ലി നൽകിയത്. ആ സമയത്ത് ഭാര്യ ഉറക്കമായിരുന്നുവെന്നും പറഞ്ഞു..!

അവിശ്വസനീയമായ വിവരണമാണ് വെസ്ലി നൽകിയിരിക്കുന്നതെന്ന് ഏതൊരാൾക്കും തോന്നും. കാരണം 1) രാവിലെ 3 മണിക്ക് പാൽ കുടിക്കാത്ത ഒരു കുഞ്ഞിനെ ആരും ചെന്നായ വിഹരിക്കുന്ന സ്ഥലത്തുകൊണ്ടു നിർത്തുകയില്ല, അതും ബുദ്ധി വളർച്ചയെത്താത്ത കുട്ടിയെ 2) 15 മിനുട്ട് കഴിഞ്ഞപ്പോൾ കുട്ടി അപ്രത്യക്ഷമായെങ്കിൽ ഉടനെ പൊലീസിനെ അറിയിക്കണമായിരുന്നു 3) രാവിലെ 8 മണിവരെ കാത്തിരുന്ന് ആ സമയം മുഴുവൻ തുണി കഴുകിയെന്നു പറയുന്നത് വിശ്വാസയോഗ്യമല്ല 4) ആ സമയം മുഴുവൻ ഭാര്യ ഉറക്കമായിരുന്നു എന്നു പറഞ്ഞതും വിശ്വസിക്കാനാവില്ല.

കുറ്റകൃത്യം ചെയ്തുവെന്ന് തോന്നുമ്പോൾ രക്ഷപ്പെടാൻ വേണ്ടി പറയുന്ന അടവുനയങ്ങളാണ് വെസ്ലി പറഞ്ഞതെന്ന് പൊലീസിന് അപ്പോഴേ തോന്നിക്കാണണം. അതുകൊണ്ടു തന്നെ എഫ്ബിഐ ഇടപെട്ടു. അവർ വന്ന് വെസ്ലിയുടെ വീടു മുഴുവൻ അരിച്ചു പെറുക്കി കഴുകിയിട്ട തുണികളടക്കം കൊണ്ടുപോയി. കൂടാതെ, സെൽ ഫോണുകൾ, ലാപ് ടോപ്പുകൾ, കംപ്യൂട്ടർ, മൂന്ന് വാഹനങ്ങൾ എല്ലാം..... കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റത്തിന് വെസ്ലിയെ അറസ്റ്റു ചെയ്യുകയും രണ്ടര ലക്ഷം ഡോളർ ജാമ്യത്തിന് വിട്ടയക്കുകയും ചെയ്തു......! വെസ്ലിസിനി ദമ്പതികൾക്കുണ്ടായ നാലു വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ ചൈൽഡ് പ്രൊട്ടക്ടീവ് സർവ്വീസ് കൊണ്ടുപോകുകയും ചെയ്തു. അതാണ് അമേരിക്കയിലെ നിയമം. ഏത് വലിയവന്റെ വീട്ടിലായാലും കുട്ടികൾ ഭദ്രമല്ലെന്നു കണ്ടാൽ ശിശു സംരക്ഷണ ഏജൻസികൾ കുട്ടികളെ കൊണ്ടുപോകും. കോടതി കനിഞ്ഞാലേ ആ കുട്ടിയെ മാതാപിതാക്കൾക്ക് വിട്ടു കിട്ടൂ. അതും വളരെ കർശനമായ നിരീക്ഷണത്തോടെയും നിർദ്ദേശത്തോടെയും മാത്രം.

ഒക്ടോബർ 7 ശനിയാഴ്ച നടന്ന ഈ സംഭവത്തിനുശേഷം നിരവധി സംഭവ വികാസങ്ങൾ നടന്നു. ദിവസങ്ങൾ കഴിയുന്തോറും 3 വയസ്സുകാരി ഷെറിനെ കുറിച്ച് യാതൊരു വിവരവും കിട്ടിയില്ല. റിച്ചാർഡ്‌സൺ പൊലീസും എഫ് ബി ഐയും ആ പ്രദേശമാകെ അരിച്ചു പെറുക്കി. ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി, പ്രത്യേക പരിശീലനം ലഭിച്ച പൊലീസ് നായകളെക്കൊണ്ട് പരിസരമാകെ പരതിച്ചു... ഷെറിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടെ പലതവണ റിച്ചാർഡ്‌സൺ പൊലീസ് വെസ്ലിയേയും ഭാര്യ സിനിയേയും ചോദ്യം ചെയ്യാൻ ശ്രമിച്ചിരുന്നു. അപ്പോഴേക്കും അവർ രണ്ടുപേരും അഭിഭാഷകരെ നിയോഗിച്ചു കഴിഞ്ഞിരുന്നു. അതോടെ അവർ പൊലീസുമായി നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. വെസ്ലിയെ ചോദ്യം ചെയ്ത സമയത്ത് മകൾ നഷ്ടപ്പെട്ട ഒരു പിതാവിന്റെ വേവലാതിയൊന്നു വെസ്ലിയിൽ പ്രകടമായില്ല എന്ന് റിച്ചാർഡ്‌സൺ പൊലീസ് പറഞ്ഞത് ഇവിടെ ഏറെ പ്രസക്തമാണ്. അവർക്ക് വെസ്ലിയിൽ സംശയം കൂടാൻ കാരണവും അതാണ്.

സമൂഹത്തിൽ മാന്യത നടിച്ച് ജീവിച്ചിരുന്ന ഇവരുടെ യഥാർത്ഥ മുഖം അനാവരണം ചെയ്യുന്നത് ഒക്ടോബർ 23നാണ്. അന്നാണ് ഷെറിൻ എന്ന ആ പിഞ്ചോമനയുടെ മൃതശരീരം വെസ്ലിയുടെ വീട്ടിൽ നിന്ന് കേവലം ഒന്നര മൈൽ അകലെ ഒരു ഓവു ചാലിൽ നിന്ന് ലഭിക്കുന്നത്. അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമായ വിവരങ്ങളാണ് പിന്നീട് കേട്ടുകൊണ്ടിരിക്കുന്നത്......!

പ്രശസ്ത മനഃശ്ശാസ്ത്ര വിദഗ്ധൻ ഡോ. പി.പി. വിജയന്റെ 'പാരന്റിങ്' എന്ന ലേഖനത്തിൽ 'ഒരു പിതാവിന്റെ നന്മയ്ക്ക് കൊടുമുടിയെക്കാൾ ഉയരവും മാതാവിന്റെ നന്മയ്ക്ക് കടലിനേക്കാൾ ആഴവുമുണ്ട്' എന്ന ശീർഷകത്തിൽ മാതാപിതാക്കൾക്ക് കുട്ടികളെ വളർത്താൻ അവശ്യം അറിഞ്ഞിരിക്കേണ്ടതായ വിവരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

കുട്ടികൾ ദൈവത്തിന്റെ അനുഗ്രഹമാണ്. ദൈവം അറിഞ്ഞു തന്നെയാണ് നിങ്ങളുടെ മക്കളെ നിങ്ങൾക്കു നൽകിയിട്ടുള്ളത്. പരിപാലിക്കുന്നതിൽ രക്ഷകർത്താവായ നിങ്ങൾക്ക് എത്രമാത്രം കഴിവുണ്ടോ അതിലധികം കുട്ടികളെ ദൈവം തരാറില്ല. അതായത് നാം ആഗ്രഹിക്കുന്നത് നമുക്കു ലഭിക്കുന്നു എന്നും പറയാം.

സാമൂഹിക ശാസ്ത്രത്തിൽ ഇക്കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിൽ ഏറ്റവും അധികം ഗവേഷണങ്ങൾ നടന്ന മേഖലയാണ് പേരന്റിങ്. ശാസ്ത്രീയ ഗവേഷണങ്ങൾ ഏതു വഴിക്കു നടന്നാലും ശരി, അത്ര ശാസ്ത്രീയമായി പഠിക്കേണ്ട കാര്യമൊന്നുമല്ല പേരന്റിങ് എന്നാണ് ഒട്ടുമുക്കാൽപേരും കരുതുന്നത് . 'കുട്ടികളെ വളർത്തുന്ന കാര്യത്തിൽ ഇത്രയധികം ശ്രദ്ധിക്കാനെന്തിരിക്കുന്നു. അവർ അങ്ങ് വളരുകയില്ലേ' എന്ന് പല രക്ഷകർത്താക്കളും ചോദിക്കുന്നത് കേട്ടിട്ടുണ്ട് . പക്ഷേ പുതിയ തലമുറ കെട്ടിപ്പടുക്കുന്നതിൽ രക്ഷകർത്താക്കൾക്കുള്ള പങ്ക് ഗണിക്കുമ്പോൾ പേരന്റിങ് അതീവ പ്രാധാന്യമർഹിക്കുന്ന ഒരു സാമൂഹിക ധർമ്മമാണെന്നു പറയേണ്ടി വരുന്നു. 'യഥാർത്ഥത്തിൽ പേരന്റിങ്ങിനെക്കാൾ അർത്ഥപൂർണമായ ഒരു ധർമ്മം സമൂഹത്തിനില്ല. മാതാപിതാക്കൾക്കുപരി കുട്ടികളെ സ്വാധീനിക്കുന്നവർ ആരുമില്ല' എന്ന് സാമൂഹിക ശാസ്ത്രജ്ഞനായ സ്‌റ്റൈയിൻബർഗ് പറയുന്നതോർക്കുക.

പേരന്റിങ് എന്നത് ഒരൊറ്റക്കാര്യമല്ല. മറിച്ച് കുട്ടികളെ വളർത്താനും അവരുടെ വളർച്ചയിൽ ശ്രദ്ധയൂന്നാനുമായി മാതാപിതാക്കളെടുക്കുന്ന നിലപാടുകളുടെയും സ്വഭാവരീതികളുടെയും ആകെത്തുകയാണത്. അങ്ങനെ ചിന്തിക്കുമ്പോൾ മാതാപിതാക്കളുടെ ജീവിതം തന്നെയാണ് പേരന്റിങ്. മുതിർന്നവർ പറഞ്ഞു കൊടുക്കുന്നതല്ല, അവർ എങ്ങനെ പെരുമാറുന്നുവെന്നതാണ് കുട്ടികളുടെ വിദ്യാഭ്യാസം എന്ന് മനഃശാസ്ത്രജ്ഞനായ കാൽ യുങ്ങ് പഞ്ഞതിന്റെ അർത്ഥം ഇതാണ്.

വിദ്യാഭ്യാസപ്രവർത്തകരും ശിശുമനഃശാസ്ത്രജ്ഞരും വളരെ മുമ്പ് തന്നെ കണ്ടെത്തിയ ഒരു കാര്യമുണ്ട് . കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ ആത്മബോധം രൂപം കൊള്ളുന്നു. അതോടൊപ്പം വ്യക്തിത്വവും സ്വയം മതിപ്പുമൊക്കെ അവരിൽ കരുപ്പിടിപ്പിക്കപ്പെടുന്നു. പിന്നീട് കുട്ടികളിൽ ഈ ലോകത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന ഒരു സമയം വരും. ഒരു പേരന്റ് എന്ന നിലയിൽ സംരക്ഷണത്തിന്റെ നിഴൽപോലും നൽകേണ്ടാത്ത സമയം. ശരിയായ പേരന്റിംഗിലൂടെ നിങ്ങളുടെ കുട്ടിയുടെ ഉള്ളിൽ വിതച്ച നന്മകളുടെ വിത്തുകൾ വളർന്ന് ശാഖ വീശി വളരുന്നതും പൂവണിയുന്നതുമൊക്കെ അന്ന് നിങ്ങൾക്ക് ആഹ്ലാദത്തോടെ ദർശിക്കാം . അതുകൊണ്ട് ഇപ്പോൾ എല്ലാ കഴിവുകളുമുപയോഗിച്ച് നിങ്ങളുടെ കുട്ടികൾക്ക് മികച്ച പേരന്റിങ് നൽകുക. പോന്നോമനകൾക്ക് വേണ്ടി തുടങ്ങാവുന്ന ഏറ്റവും നല്ല സമ്പാദ്യം അതാണ്.

പേരന്റിങ് അതീവ ദുഷ്‌കരമാണ്. അതേസമയം അങ്ങേയറ്റം ആസ്വാദ്യകരവുമാണത്. ഒരു പിതാവിന്റെ നന്മയ്ക്ക് കൊടുമുടിയെക്കാൾ ഉയരവും മാതാവിന്റെ നന്മയ്ക്ക് കടലിനേക്കാൾ ആഴവുമുണ്ട് എന്ന് പറയാറുണ്ട്. അതിനർത്ഥം മാതാപിതാക്കളുടെ പ്രാഥമികമായ കടമയും ഉത്തരവാദിത്തവും തന്നെ അടുത്ത തലമുറയെ ഏറ്റവും മികച്ച രീതിയിൽ വളർത്തിയെടുക്കുക എന്നതാണല്ലോ. സ്വയം മാതാപിതാക്കളായിത്തീരാതെ മാതാപിതാക്കളുടെ സ്‌നേഹമെന്തെന്നു നാം ഒരിക്കലും അറിയുന്നില്ല എന്ന് ഹെന്റി ബീച്ചർ പറഞ്ഞതോർക്കുന്നു. അറിയുന്ന സ്‌നേഹം അതിന്റെ പത്തിരട്ടിയായി നമ്മുടെ കുട്ടികൾക്ക് നൽകാൻ നല്ല പേരന്റിങ് സഹായിക്കുന്നു.

തന്റെ കുട്ടി എങ്ങനെയുള്ളവനാകണമെന്ന് നല്ല പേരന്റ് മുൻകൂട്ടി തീരുമാനിക്കുന്നു. ആരോഗ്യം, പഠനം, കാരുണ്യം, സ്വാശ്രയത്വം, നീതിബോധം എന്നിവയിലൊക്കെ തന്റെ കുട്ടി മറ്റെല്ലാവരെക്കാൾ മേലെയായിരിക്കണമെന്നു ആഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ ? എന്നാൽ മറക്കേണ്ട. ഇവയൊക്കെ നേടാൻ സഹായിക്കുന്ന സുരക്ഷിതത്വബോധം, ലക്ഷ്യബോധം, വ്യക്തിപരമായ കഴിവിനെപ്പറ്റിയുള്ള ബോധം എന്നിവ കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് രക്ഷകർത്താക്കളാണ്. ഉത്തരവാദിത്ത്വം, അധികാര കേന്ദ്രങ്ങളോടുള്ള ആദരം, അച്ചടക്കം, മുതിർന്നവരിൽ വിശ്വാസം, പരാജയത്തെ സ്വീകരിക്കാനുള്ള ധൈര്യം, ആശങ്കയോ ഉത്കണ്ഠയോ കാര്യമായി അലട്ടാത്ത സ്വഭാവം എന്നിവയെല്ലാം മാതാപിതാക്കൾ നൽകുന്ന സുരക്ഷിതത്വബോധത്തിൽ നിന്ന് ഉടലെടുക്കുന്നവയാണ്. അതുപോലെ വ്യക്തിത്വബോധത്തിൽ നിന്നാണ് സ്‌നേഹം, പരക്ലേശവിവേകം, സഹഭാവം, കാരുണ്യം, സ്വയം അംഗീകാരം, ആത്മനിയന്ത്രണം, വൈകാരിക സ്ഥിരത, വികാരങ്ങൾ സ്വാഭാവികമായി പ്രകടിപ്പിക്കാനുള്ള ധീരത എന്നിവ ഉണ്ടാവുക. ഈ ഗുണങ്ങളെല്ലാം നല്ല മാതാപിതാക്കളിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ വളർച്ചയിലെ ഓരോ ഘട്ടവും മാതാപിതാക്കൾ സൂക്ഷ്മമായി വിലയിരുത്തുകയും വേണ്ടിടത്ത് പ്രോത്സാഹനവും വിലക്കും തിരുത്തുമൊക്കെ നൽകുകയും കുട്ടികളെ മാതൃകാപരമായി മുന്നിൽ നിന്ന് നയിക്കുകയും വേണം. (കടപ്പാട് ഡോ. പി.പി. വിജയൻ, പേരന്റിങ്).

ഒരു പിതാവിന് അല്ലെങ്കിൽ മാതാവിന് അവരുടെ കുഞ്ഞുങ്ങളിൽ എത്രമാത്രം ശ്രദ്ധ ചെലുത്തണമെന്ന് മേൽവിവരിച്ച ഉപദേശ നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വെസ്ലി മാത്യൂസിനും സിനി മാത്യൂസിനും ഒരു പെൺകുട്ടി ജനിച്ചതിനു ശേഷമാണ് മറ്റൊരു കുട്ടി കൂടി വേണമെന്ന ആഗ്രഹം ഉടലെടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുട്ടി ജനിച്ച് രണ്ടു വർഷങ്ങൾക്കു ശേഷമാണ് ജൂൺ 23, 2016ൽ അവർ ബീഹാറിലെ നളന്ദയിലുള്ള ഒരു സന്നദ്ധ സംഘടനാ കേന്ദ്രത്തിൽ നിന്ന് ഷെറിനെ ദത്തെടുക്കുന്നത്. ഗയയിലെ ഒരു പൊന്തക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് ഈ പെൺകുഞ്ഞിനെ സന്നദ്ധ സേവകർക്ക് കിട്ടുന്നത്. അവരവൾക്ക് സരസ്വതി എന്ന പേരു നൽകി. രണ്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഈ കുഞ്ഞ് ഈ കുഞ്ഞിനെയാണ് വെസ്ലി ദമ്പതികൾ ദത്തെടുത്തത്.

ഇന്ത്യയിൽ മറ്റു പലയിടങ്ങളിലും ദത്തെടുക്കൽ കേന്ദ്രങ്ങളുണ്ടെങ്കിലും ഇവർ എന്തുകൊണ്ടാണ് ബീഹാറിലെ നളന്ദയിലേക്ക് വന്നതെന്ന് അറിയില്ലെന്നാണ് സംഘടനാ സെക്രട്ടറി ബബിതാ കുമാരി പറഞ്ഞതെന്ന് ടൈസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, മദർ തെരേസയുടെ പേരിൽ നടത്തുന്ന 'മദർ തെരേസ ആനന്ദ് സേവാ സൻസ്ഥാൻ' എന്ന ഈ കേന്ദ്രത്തോട് വൈകാരികമായി അടുപ്പമുള്ളതുകൊണ്ടാകാം അവർ അവിടം തിരഞ്ഞെടുത്തതെന്നാണ് ബബിത കുമാരി പറയുന്നത്. കുട്ടിയെ ദത്തെടുക്കുന്ന സമയത്ത് ബുദ്ധി വളർച്ചയെത്തിയിട്ടില്ലെന്നോ, മറ്റു ശാരീരിക വൈകല്യങ്ങളുണ്ടെന്നോ അവർക്കറിയില്ലെന്നും പറയുന്നു. രാവിലെ ഏകദേശം അൻപതോളം കുട്ടികൾക്ക് പാൽ കൊടുക്കുന്നുണ്ട്. സരസ്വതിയും അക്കൂട്ടത്തിലുണ്ട്. പാൽ കുടിക്കുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ യാതൊരു തടസ്സമോ ബുദ്ധിമുട്ടോ അവർക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും പറയുന്നു. വെസ്ലിസിനി ദമ്പതികൾക്ക് ഒരു കുഞ്ഞു പിറന്നതിനുശേഷം അവൾക്ക് ഒരു സഹോദരിയെ വേണമെന്ന ആഗ്രഹത്താലാണത്രേ സരസ്വതിയെ ദത്തെടുത്തത്. അമേരിക്കയിലേക്ക് കൊണ്ടുവന്നതിനു ശേഷം പേര് ഷെറിൻ എന്നാക്കി.

സുഖസമ്പന്നമായ ജീവിത ചുറ്റുപാടിൽ ആ കുഞ്ഞ് വളർന്നു. വാക്‌സിനേഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് കുട്ടിയെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയപ്പോഴാണ് കുട്ടിക്ക് ചില അംഗ വൈകല്യങ്ങളുണ്ടെന്ന കാര്യവും, ഒരു കൈയുടെ എല്ല് പൊട്ടിയിട്ടുണ്ടെന്ന കാര്യവും വെസ്ലി ദമ്പതികൾ അറിയുന്നതെന്ന് പറയപ്പെടുന്നു. പക്ഷെ, ആശുപത്രി അധികൃതർ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസിനെ (സിപിഎസ്) വിവരമറിയിക്കുകയും അവർ കുട്ടിയെ നിരീക്ഷണത്തിലിടുകയും ചെയ്തു. അതിനു ശേഷം നിരവധി തവണ സിപിഎസ് വെസ്ലിയുടെ വീട് സന്ദർശിക്കുകയും കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ചെയ്യാറുണ്ടെന്നും പറയുന്നു. കുട്ടിക്ക് പോഷകാഹാരക്കുറവു കൊണ്ട് വളർച്ചയും മന്ദഗതിയിലായിരുന്നു. സംസാര ശേഷിയും കുറവായിരുന്നു. ഒക്ടോബർ 7ന് കുട്ടിയെ കാണാതായ ദിവസം പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ സിപിഎസും ഇടപെട്ടിരുന്നു. വെസ്ലിയുടെ വീട്ടിൽ സിപിഎസ്. സന്ദർശനം നടത്താറുണ്ടെന്ന് പറഞ്ഞതല്ലാതെ കാരണം പൊലീസിനോട് വ്യക്തമാക്കിയിരുന്നില്ല.

ഒക്ടോബർ 7 മുതൽ വെസ്ലിയുടെ വീടിനു ചുറ്റും ജനങ്ങൾ തടിച്ചുകൂടുകയും കുട്ടിയെക്കുറിച്ച് അന്വേഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ, ഒരിക്കൽ പോലും വെസ്ലിയോ സിനിയോ വീടിനു പുറത്തേക്ക് വരികയോ ജനങ്ങളെയോ വാർത്താ മാധ്യമങ്ങളേയോ അഭിമുഖീകരിച്ചില്ല. അവരുടേ ഈ പ്രവർത്തി ജനങ്ങളിൽ സംശയം ജനിപ്പിക്കുകയും ചെയ്തു. കൂടാതെ തങ്ങളുമായി അത്ര അടുപ്പമില്ലാത്ത കുടുംബമാണ് വെസ്ലിയുടേതെന്ന് അയൽക്കാരും പറയുന്നു. ഷെറിൻ എന്ന കുട്ടിയെയോ സഹോദരി 4 വയസ്സുകാരിയേയോ പുറത്തേക്കൊന്നും കാണാറില്ലെന്നും അയൽക്കാർ.

കുട്ടിയെ കാണാതായ അതേ ദിവസം തന്നെ വെസ്ലിയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടെങ്കിലും, വീട്ടിൽ താമസിക്കാൻ പൊലീസ് അനുവദിച്ചില്ല. പകരം മറ്റെവിടെയോ ആണ് താമസിപ്പിച്ചത്. അതും ശരീരത്തിൽ ഇലക്ട്രോണിക് നിരീക്ഷണ ഉപകരണം ഘടിപ്പിച്ച്. സിനിയാകട്ടേ ഒരു അഭിഭാഷകനെ നിയോഗിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സിനി രക്ഷപ്പെടുകയും ചെയ്തു.

കുട്ടിയെ പുലർച്ചെ 3:15ന് കാണാതായ ശേഷം ഏകദേശം 4 മണിക്ക് വെസ്ലിയുടെ ഒരു വാഹനം പുറത്തേക്ക് പോകുകയും 5 മണിയോടെ തിരിച്ചു വരികയും ചെയ്തിരുന്നു. അടുത്ത വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് ഇത് കണ്ടുപിടിച്ചത്. ആ സമയത്ത് എന്തിനാണ് പുറത്തുപോയതെന്നോ എങ്ങോട്ടാണ് പോയതെന്നോ ഉള്ള ചോദ്യത്തിന് വിശ്വസനീയമായ ഉത്തരം നൽകാൻ വെസ്ലിക്ക് കഴിയാതിരുന്നതും പൊലീസിന് സംശയം കൂടാൻ കാരണമായി. എഫ്ബിഐയുടെ ഇടപെടലോടെ കാര്യങ്ങൾ കൂടുതൽ ഗൗരവമായിത്തന്നെ മുന്നോട്ടു പോയി.

ഇതിനിടെ വെസ്ലിയുടെ വീടിനു മുൻപിലും കുട്ടിയെ നിർത്തിയെന്നു പറയുന്ന സ്ഥലത്തും ജനങ്ങൾ തടിച്ചു കൂടാനും പ്രാർത്ഥനാ യജ്ഞങ്ങൾ സംഘടിപ്പിക്കാനും തുടങ്ങി. ദിവസങ്ങൾ കഴിയുന്തോറും ജനരോഷം ആളിക്കത്തുകയും വെസ്ലിയുടെ കുടുംബത്തിനു നേരെ അമർഷം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്തു. സ്വാഭാവികമായും അങ്ങനെയേ സംഭവിക്കൂ. വെറും മൂന്നു വയസ്സു മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കാണാതായിട്ടും യാതൊരു സങ്കോചവുമില്ലാതിരിക്കുന്ന മാതാപിതാക്കളോട് പൊതുജനം അങ്ങനെയേ പ്രതികരിക്കൂ.

എന്നാൽ ഇന്ത്യാക്കാർക്ക് ഒരു കുഴപ്പമുണ്ട്....'അമ്മയെ തല്ലിയാലും രണ്ടു പക്ഷം' പിടിക്കുന്ന സ്വഭാവം പൊതുവെ ഇന്ത്യാക്കാർക്ക് അല്പം കൂടുതലാണ്, പ്രത്യേകിച്ച് മലയാളികൾക്ക്. ഇവിടെയും അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡാളസ്, ഹ്യൂസ്റ്റൺ, ഷുഗർലാന്റ് എന്നിവിടങ്ങളിലുള്ള നിരവധി മലയാളികളുമായി ലേഖകന് സംസാരിക്കാൻ അവസരം കിട്ടി. എല്ലാവരും 'സങ്കടം' പങ്കുവെക്കുകയും അതോടൊപ്പം 'പോയതു പോയില്ലെ, ഇനി ജീവിച്ചിരിക്കുന്നവരെ ക്രൂശിക്കുന്നതെന്തിനാ. അവരെ ജീവിക്കാൻ അനുവദിച്ചൂടെ' എന്ന ചോദ്യത്തോടെ ആ സംഭാഷണം അവസാനിപ്പിക്കുകയാണ് മിക്കവരും ചെയ്തത്. ചിലർ പറയുന്നു ആ കുട്ടിയോട് ചെയ്ത ക്രൂരതയ്ക്ക് വെസ്ലിയും സിനിയും ഒരു ദയയും അർഹിക്കുന്നില്ലെന്നും, വേറൊരു വിഭാഗം പറയുന്നു ഒന്നും മനഃപൂർവ്വമല്ലായിരിക്കും, അതിനവർക്ക് നിയമാനുസൃതമുള്ള ശിക്ഷ ലഭിക്കണമെന്നും പറയുന്നു. പക്ഷെ, ആ കുടുംബത്തിന് വന്ന 'ദുരന്തം' മറക്കരുതെന്നു കൂടി കൂട്ടിച്ചേർക്കുമ്പോൾ മനഃസ്സാക്ഷിയില്ലാത്തവരാണ് മേല്പറഞ്ഞ കൂട്ടരെന്ന് തോന്നുന്നതിൽ അത്ഭുതമില്ല തന്നെ.

(തുടരും.......)