ഹൂസ്റ്റൺ: മലയാളി ദമ്പതികളുടെ ദത്തുപുത്രിയായി മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ മരണം അമേരിക്കയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേസിൽ ഷെറിന്റെ പിതാവ് വെസ്ലി മാത്യൂസ് ജയിലിലാണ്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് അമേരിക്കൻ സർക്കാർ കൂടുതൽ ഇരുത്തി ചിന്തിക്കാനും ഷെറിൻ മാത്യൂസ് സംഭവം കാരണമായി. അമേരിക്ക കാര്യമായി തന്നെ ചർച്ച ചെയ്ത സംഭവത്തെ പിൻപറ്റി കൂടുതൽ ചർച്ചകൾ നടക്കുകയാണ് അമേരിക്കയിൽ.

മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിന്റെ ദാരുണ മരണം യുഎസിൽ കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച പുതിയൊരു നിയമത്തിന്റെ പിറവിക്കു കാരണമാകുന്നു. കൊച്ചു കുട്ടികളെ വീട്ടിൽ തനിച്ചാക്കിയിട്ടു പോകുന്നത് അതീവ ഗുരുതരമായ കുറ്റമാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.

നിർദിഷ്ട നിയമത്തിനു 'ഷെറിൻ നിയമം' എന്നു തന്നെ പേരു നൽകിയേക്കും. മലയാളി ദമ്പതികൾ ബിഹാറിലെ അനാഥാലയത്തിൽനിന്നു ദത്തെടുത്ത ഷെറിൻ മാത്യൂസിനെ കഴിഞ്ഞ ഒക്ടോബറിൽ ഡാലസിൽ റിച്ചഡ്‌സണിലെ വീട്ടിൽനിന്നാണു കാണാതായത്. രണ്ടാഴ്ചയ്ക്കുശേഷം വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തി.

ദുരൂഹസാഹചര്യത്തിൽ കുട്ടി മരിച്ച കേസിൽ വളർത്തച്ഛൻ വെസ്ലി മാത്യൂസിനെതിരെ (37) വധശിക്ഷ വരെ ലഭിക്കാവുന്ന കൊലക്കുറ്റം ചുമത്തിയിരിക്കുകയാണ്. വെസ്ലിയുടെ ഭാര്യ സിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷെറിന്റെ തിരോധാനത്തിനു പല കാരണങ്ങളും വെസ്ലി പറഞ്ഞെങ്കിലും കുട്ടിയെ തനിച്ചു വീട്ടിലാക്കി തലേന്നു രാത്രി വെസ്ലിയും സിനിയും അവരുടെ മകളുമായി ഹോട്ടലിൽ പോയതായി പിന്നീടു വെളിപ്പെടുത്തിയിരുന്നു. ഇതാണു 'ഷെറിൻ നിയമം' കൊണ്ടുവരുവാൻ അധികൃതർക്കു പ്രേരണയായത്. വീട്ടിൽ കുട്ടികളെ തനിയെ ആക്കിയിട്ടു പോകാവുന്ന പ്രായം എത്രയെന്ന് ഇനിയും വ്യക്തതയായിട്ടില്ല.

ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട സംഭവത്തിൽ മലയാളിയായ വെസ്ലി മാത്യൂസിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളർത്തമ്മ സിനി മാത്യൂസിനെതിരെയും കേസുണ്ട്. സിനിക്ക് രണ്ടു വർഷം മുതൽ 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. 10,000 യുഎസ് ഡോളർ വരെ പിഴയും ഈടാക്കിയേക്കാം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽനിന്നുള്ള വിവരങ്ങൾ വച്ചാണു കുറ്റം ചാർത്തിയിരിക്കുന്നത്.

വെസ്ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാർത്തിയിട്ടുണ്ട്. ദമ്പതികളുടെ നാലുവയസ്സുള്ള മകൾ ഇപ്പോൾ ശിശു സംരക്ഷണ സേവനകേന്ദ്രത്തിലാണു കഴിയുന്നത്. കുട്ടിയുടെ സംരക്ഷണ വിഷയം ഈ മാസം അവസാനത്തേക്കേ കോടതി വാദം കേൾക്കൂ. വെസ്ലിക്കും സിനിക്കും കുട്ടിയെ വിട്ടുകൊടുക്കുന്ന കാര്യം സംശയമാണ്. മാതാപിതാക്കളുടെ അവകാശം വരെ കോടതി എടുത്തുമാറ്റിയിരുന്നു.

റിച്ചാർഡ്‌സനിലെ വസതിയിൽനിന്നു 2017 ഒക്ടോബർ ഏഴിനു കാണാതായെന്നു വളർത്തച്ഛൻ വെസ്‌ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. പാലു കുടിക്കാത്തതിനു ശിക്ഷയായി പുലർച്ചെ മൂന്നുമണിക്ക് ഷെറിനെ വീടിനുപുറത്തുനിർത്തിയിരുന്നുവെന്നും കുറച്ചുസമയത്തിനുശേഷം തിരികെയെത്തി നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമായിരുന്നു വെസ്ലി ആദ്യം പൊലീസിനു നൽകിയ മൊഴി. കുട്ടിയെ കാണാതായ സമയത്ത് താൻ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി പറഞ്ഞതും.