ഡാലസ്: കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം ഡാലസിൽ സംസ്‌കരിച്ചു. സ്വകാര്യ ചടങ്ങായാണ് സംസ്‌ക്കാരം നടത്തിയത്. മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല.

കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചു ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളർത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തതായി അഭിഭാഷകരായ മിട്‌ചെൽ നോൾട്ടും ഗ്രെഗ് ഗിബ്‌സും അറിയിച്ചു. കഴിഞ്ഞമാസം ഏഴിനു കാണാതായെ ഷെറിന്റെ മൃതദേഹം ഈമാസം 22ന് ആണു വീടിനടുത്തുള്ള കലുങ്കിനടിയിൽനിന്നു കണ്ടെടുത്തത്.

തിങ്കളാഴ്ചയാണു പോസ്റ്റ്‌മോർട്ടത്തിനുശേഷം ഷെറിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. സുരക്ഷാ കാരണങ്ങളാൽ ആരാണു മൃതദേഹം ഏറ്റുവാങ്ങിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ, ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്ക് സ്മാരകമാക്കി മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്

ഷെറിനെ കാണാതായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ അവളെ രാത്രി ഇറക്കിനിർത്തിയ മരച്ചുവട്ടിലും മൃതദേഹം കണ്ടെത്തിയ കലുങ്കിനു സമീപമായും ഒട്ടേറെപ്പേരാണു പ്രാർത്ഥനകൾ അർപ്പിക്കുന്നതിന് എത്തുന്നത്.

ഈ മാസം ഏഴിനാണു റിച്ചർഡ്‌സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടർന്നു പുറത്തിറക്കി നിർത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോൾ കാണാതായെന്നുമാണ് വളർത്തച്ഛൻ വെസ്‌ലി മാത്യൂസ് ആദ്യം മൊഴി നൽകിയത്. എന്നാൽ ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ നിർബന്ധിപ്പിച്ചു പാലുകുടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഷെറിൻ മരിച്ചെന്നു മൊഴി മാറ്റി. ഇതിനുപിന്നാലെ വെസ്ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. വെസ്ലി മാത്യൂസ് ഇപ്പോഴും ജയിലിലാണ്.