- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെട്ടിയുടെ കളികൾ ഇനി വീണ്ടും അങ്ങ് യുഎഇയിൽ! കാത്തിരിക്കുന്നത് കോടികളുടെ കടവും നിയമനടപടികളും; എല്ലാം നേരിടാൻ രണ്ടും കൽപ്പിച്ച് ബി ആർ ഷെട്ടി വീണ്ടും ദുബായിലേക്ക്; എഫ്ബിഐയുടെ മുൻ ഡയറക്ടർ ലൂയിസ് ഫ്രീയുടെ അന്വേഷണ റിപ്പോർട്ട് ഷെട്ടിക്ക് അനുകൂലമോ?
ദുബായ്: കോടികളുടെ കടക്കെണിയിൽ പെട്ട ബി.ആർ. ഷെട്ടി ഇന്ത്യയിൽ നിന്നും തിരികെ യുഎഇയിലേക്ക് മടങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. യുഎഇ എക്സ്ചേഞ്ചിന്റെയും ആശുപത്രി സംരംഭമായ എൻഎംസിയുടെയും സ്ഥാപകനായ ഷെട്ടി ഏറെ മാസങ്ങൾക്ക് ശേഷം വീണ്ടും യുഎഇയിലേക്ക് മടങ്ങുന്നത് തനിക്കെതിരായ കേസുകളെ നിയമപരമായി നേരിടാനാണ്. എൻഎംസിക്കെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മുൻ ഡയറക്ടർ ലൂയിസ് ഫ്രീയെ ഷെട്ടി തന്നെ നിയോഗിച്ചിരുന്നു. ലൂയിസ് ഫ്രീയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷെട്ടിയുടെ മടക്കയാത്ര എന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം ആദ്യമാണ് യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഷെട്ടി മടങ്ങിയത്. നിയമകുരുക്കുകൾ മുറുകിയപ്പോൾ ഇന്ത്യയിലേക്ക് വന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഷെട്ടി തള്ളി. മംഗളൂരുവിൽ കഴിഞ്ഞിരുന്ന ഷെട്ടി ശനിയാഴ്ച ബെംഗളൂരു വിമാനത്താവളം വഴി യുഎഇയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിച്ചു.
എൻ.എം.സി, യു.എ.ഇ എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകൻ കൂടിയായ ബി.ആർ ഷെട്ടിയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാൻ യു.എ.ഇ സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകിയിരുന്നു.ഷെട്ടിക്ക് നിക്ഷേപമുള്ള എല്ലാ ബാങ്കുകളിലെയും അക്കൗണ്ടുകൾ മരവിപ്പിക്കാനാണ് ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഷെട്ടിയുടെ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ഷെട്ടിയുടെ കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനും നിർദ്ദേശമുണ്ട്. ഷെട്ടിയുമായി ബന്ധപ്പെട്ട എല്ലാ കമ്പനികളെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ എക്സ്ചേഞ്ച് സെന്ററിന് യു.എ.ഇയിൽ മാത്രം നൂറ് കണക്കിന് ശാഖകളുണ്ട്. യു.എ.ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ നിർദ്ദേശക്കുറിപ്പിലാണ് ഷെട്ടിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.
ഷെട്ടിയും കുടുംബാംഗങ്ങളും ഇതുവരെ നടത്തിവന്ന പണമിടപാടുകളെ സംബന്ധിച്ചും നിക്ഷേപങ്ങളെ സംബന്ധിച്ചും സെൻട്രൽ ബാങ്ക് വിവരങ്ങൾ തേടിയിട്ടുണ്ട്. മറ്റ് എക്സ്ചേഞ്ചുകളെക്കാൾ കൂടുതൽ നിരക്ക് വാങ്ങിയായിരുന്നു ഷെട്ടി പണമിടപാടുകൾ നടത്തിവന്നിരുന്നന്ത്. ഇന്ത്യ ആസ്ഥാനമാക്കി പുതിയ ബാങ്ക് തുടങ്ങാനുള്ള ശ്രമവും ഷെട്ടി നടത്തിയിരുന്നു. യു.എ.ഇയിലെ വിവിധ ബാങ്കുകളിലായി എൻ.എം.സിക്ക് 8 ബില്ല്യൺ ദർഹം കടബാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.എൻ.എം.സിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻ.എം.സിയുമായി ബന്ധപ്പെട്ടവർക്കെതിരെ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻ.എം.സിക്ക് എ.ഡി.സി.ബിയിൽ ഉള്ളത്.ഏതാണ്ട് 6.6 ബില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യത എൻ.എം.സിക്ക് ഉണ്ടെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. അബുദാബിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്ത് ഗൾഫ് ജീവിതം ആരംഭിച്ച ഷെട്ടിയുടെ ജീവിതത്തിൽ നേരിടുന്ന വമ്പൻ വെല്ലുവിളിയാണ്. പ്രതിസന്ധികളെ അതിജീവിച്ച ജീവിത വിജയത്തിന്റെ കഥയാണ് ബി ആർ ഷെട്ടിയുടേത്.
ഉഡുപ്പിക്കാരൻ ശതകോടീശ്വരനായ കഥ ഇങ്ങനെ
കർണാടകത്തിലെ ഉഡുപ്പിയിൽ സ്വാതന്ത്ര സമര സേനാനിയായ കോൺഗ്രസുകാരൻ പിതാവിന്റെ മകനായിരുന്നു ഷെട്ടി. ചെരുപ്പക്കാരനായ ഷെട്ടിക്ക് രാഷ്ട്രീയവും താൽപ്പര്യമുണ്ടായിരുന്ന കാലം. പ്രവാസജീവിതത്തിനായി ഇറങ്ങിപ്പുറപ്പെടും മുമ്പ് അച്ഛന്റെ വഴിയേ സ്വന്തം നാടായ ഉഡുപ്പിയിൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു ഷെട്ടി. അച്ഛൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്തനായി ബിജെപിയുടെ മാതൃസംഘടനയായ ജനസംഘത്തിന്റെ പാതയിലായിരുന്നു അദ്ദേഹം. ഉഡുപ്പി മുൻസിപ്പൽ തെരഞ്ഞെടിപ്പിൽ മത്സരിച്ച ആ ഇരുപത്താറുകാരന് വേണ്ടി വോട്ടുപിടിക്കാൻ അന്നത്തെ പ്രമുഖ നേതാക്കളെത്തി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ, ജനസംഘം കോൺഗ്രസിനെ അട്ടിമറിച്ചു. പതിനഞ്ചിൽ പന്ത്രണ്ടു സീറ്റും ഷെട്ടിയുടെ പാർട്ടിക്കായിരുന്നു. ഒന്നാം ഊഴം പൂർത്തിയാക്കി രണ്ടാമതും മത്സരിച്ച ഷെട്ടി പിന്നീട് മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡന്റു സ്ഥാനവും വഹിച്ചു.
നാട്ടിലെ രാഷ്ട്രീയ തിരക്കുകൾക്കിടെ സ്വന്തം സ്ഥാപനങ്ങളെ വേണ്ടവിധത്തിൽ നോക്കി നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. കയ്യിലൊരു ഫാർമസി ബിരുദവും, പണമുണ്ടാക്കാനുള്ള വഴികളെപ്പറ്റി നിരന്തരം കെട്ടിപ്പൊക്കിയിരുന്ന മനക്കോട്ടകളും മാത്രമായിരുന്നു ആ ചെറുപ്പക്കാരന്റെ ആകെ സമ്പാദ്യം. ഇത് കൈമുതലാക്കിയാണ് ഷെട്ടി ഗൾഫിലേക്ക് വിമാനം കയറിയത്. തുടർന്നങ്ങോട്ട് ബിസിനസ് ചെയ്തു നേടിയെടുത്തത് കോടിക്കണക്കിനു രൂപയായിരുന്നു. ആരെയും അതിശയിപ്പിക്കുന്ന വളർച്ചയായിരുന്നു ഷെട്ടിയുടേത്. ഏതൊരു ഇന്ത്യക്കാരനും സ്വപ്നം കാണാവുന്നതിന്റെ പരമാവധി ഉയരങ്ങളിൽ അദ്ദേഹം ചെന്നെത്തി. അതുകൊണ്ടുതന്നെ ആ വിജയത്തിന്റെ കൊടുമുടികളിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ പതനത്തിനും ആഘാതം ഏറെയാണ്.
ഉഡുപ്പിക്കാരനായ ബാഗുതു രഘുറാം ഷെട്ടി 1973 ൽ സഹോദരിയെ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ എടുത്ത ഒരു ചെറിയ വായ്പ വീട്ടാനാണ് ഗൾഫിലേക്ക് പോയത്. സിൻഡിക്കേറ്റ് ബാങ്കിന്റെ മുൻ ചെയർമാനും എംഡിയുമായ കെക പൈയുടെ കൈയിൽ നിന്നാണ് ഷെട്ടി അന്ന കടം വാങ്ങിയത്. ഇപ്പോൾ ഷെട്ടി പറക്കുന്നത് സ്വകാര്യ ജെറ്റിൽ. വിന്റേജ് കാറുകളുടെ വൻശേഖരം, ദുബായിലെ ബുർജ് ഖലീഫയിൽ രണ്ട് ഫ്ളോറുകൾ മുഴുവനും. വെബ്സൈറ്റ് നോക്കിയാൽ, രാഷ്ട്രീയക്കാർക്കും, ബിൽഗേറ്റ്സ് പോലുള്ള പ്രമുഖർക്കുമൊപ്പമുള്ള ചിത്രങ്ങൾ. ബോളിവുഡ് താരങ്ങൾക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട്. ആഡംബര കാറുകളുടെ ആരാധകൻ. സ്വാതന്ത്ര്യത്തിനോടും സ്പീഡിനോടുമുള്ള ത്രില്ലാണ് കാറുകളെ പ്രണയിക്കാൻ കാരണം, 77 കാരനായ ഷെട്ടി കഴിഞ്ഞ വർഷം പറഞ്ഞു. ശതകോടീശ്വരരുടെ ഫോബ്സ് പട്ടികയിൽ 42 ാം സ്ഥാനത്തുള്ള ഷെട്ടിക്ക് ഇതെല്ലാം നിസ്സാരം.
യുഎഇയിൽ അബുദബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിൽ ഒന്നായ എൻഎംസി (ന്യൂ മെഡിക്കൽ സെന്റർ) ഹെൽത്തിൽ നിന്ന് രാജി വച്ചതോടെയാണ് ഷെട്ടി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. മലയാളികൾക്ക് എംടിയുടെ രണ്ടാമൂഴം( മഹാഭാരതം) സിനിമാ പദ്ധതിയിൽ നിന്ന് ഷെട്ടി പിന്മാറിയതായിരുന്നു ഒരുപക്ഷേ ഏറ്റവും അവസാനം കേട്ട വാർത്ത. അതിന് പിന്നാലെ ദാ അദ്ദേഹം പ്രതിസന്ധിയിലാണെന്ന വാർത്തയും. 1.6 ബില്യൺ ഡോളറിന്റെ ഉടമയ്ക്ക് സംഭവിച്ചത് നിസാര കോട്ടമല്ല എന്നാണ് വ്യവസായ ലോകത്ത് നിന്നുള്ള വർത്തമാനം.
എന്താണ് ബിആർ.ഷെട്ടിക്ക് സംഭവിച്ചത്
കോവിഡ് കാലത്ത് പ്രവാസലോകം നേരിടുന്നത് അതിഭീകരമായ തകർച്ചയാണ്. മലയാളി ബിസിനസുകാർ അടക്കമുള്ളവരെ കാത്തിരിക്കുന്നത് ഏറെ ദുരിതത്തിന്റെ നാളുകളാണ്. ഇതിനിടെയാണ് അറബ് ലോകത്തെ ആരോഗ്യരംഗത്ത് അടിമുടി മാറ്റങ്ങൾ വരുത്തി എൻഎംസി ഹെൽത്ത് കെയർ സ്ഥാപകനും യുഎഇ എക്‌സ്‌ചേഞ്ച് ഉടമയുമായി ഭാഗവത് റാം ഷെട്ടി എന്ന ബി ആർ ഷെട്ടിയുടെയും പതനം കൂടുതൽ ആഴത്തിലുള്ളതാകുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിലായി പടർന്നു പന്തലിച്ച് ബിസിനസ് ഗ്രൂപ്പ് ഇപ്പോൾ സാമ്പത്തിക തകർച്ചയിൽ ഉഴറുകയാണ്. എൻഎംസി ഹെൽത്ത് കെയറിലെ ഓഹരി തട്ടിപ്പിൽ തുടങ്ങിയ പ്രശ്‌നങ്ങൾ ഇപ്പോൾ ഷെട്ടിയുടെ സമ്പൂർണ പതനത്തിലേക്ക് നയിച്ചിരിക്കുന്നത്.
യുഎഇയിലെ വിവിധ ബാങ്കുകളിലായി എൻഎംസിക്ക് 6.6 ബില്യൺ ഡോളറിന്റെ (ഏകദേശം അമ്പതിനായിരത്തോളം കോടി രൂപ) കടബാധ്യതയുണ്ടെന്നാണ് വിവരം. എൻഎംസിക്ക് ഏറ്റവും കൂടുതൽ വായ്പകൾ നൽകിയ അബുദാബി കൊമേഴ്സ്യൽ ബാങ്ക് (എഡിസിബി) അബുദാബിയിലെ അറ്റോർണി ജനറലുമായി ചേർന്ന് എൻഎംസിയുമായി ബന്ധപ്പെട്ട ചില വ്യക്തികൾക്കെതിരെ ക്രിമിനൽ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യൺ ഡോളറിന്റെ ബാധ്യതയാണ് എൻഎംസിക്ക് എഡിസിബിയിൽ ഉള്ളത്.അബുദാബി ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ബെർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേർഡ് എന്നീ ബാങ്കുകളിൽ നിന്നും എൻഎംസിക്ക് വായ്പകൾ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാൻ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എൻഎംസിക്ക് ബാധ്യതകളുണ്ട്. മൊത്തത്തിൽ എൺപതോളം തദ്ദേശീയ, പ്രാദേശിക, അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങൾ എൻഎംസിക്ക് വായ്പ നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തലുകൾ.
കുഴപ്പങ്ങൾ പെരുമഴ പോലെ
1970 കളിൽ ന്യൂ മെഡിക്കൽ സെന്റർ എന്ന പേരിൽ അബുദാബിയിൽ ആരംഭിച്ച്, പ്രതിവർഷം 8.5 ദശലക്ഷത്തിൽ അധികം പേരെ ചികിൽസിക്കുന്ന മഹാ ശൃംഖലയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എൻഎംസിയെ വളർത്തിയത് മുഖ്യമായും ഷെട്ടിയാണ്.ഡിസംബർ മധ്യത്തിന് ശേഷം ഷെട്ടിയുടെ എൻഎംസി ഹെൽത്തിന്റെ ഓഹരി മൂല്യം 70 ശതമാനത്തിലേറെ ഇടിയുകയായിരുന്നു. കമ്പനിയുടെ കോ ചെയർമാൻ പദവിയിൽ നിന്ന് ഫെബ്രുവരി 17 നാണ് ഷെട്ടി രാജി വക്കുകയും ചെയ്തു. 1970 കളിൽ അബുദാബിയിലെത്തി ആരംഭിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എൻഎംസിയെ വളർത്തിയ വമ്പൻ ഇന്ത്യൻ സംരംഭകനാണ് സ്വന്തം കമ്പനിയിൽ നിന്ന് പുറത്തായിരിക്കുന്നത്. ഓഹരി മൂല്യത്തിൽ തട്ടിപ്പു നടത്തപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞാൽ ഷെട്ടിയുടെ മടക്കം വിഷമകരമാവും. ഷെട്ടി പുറത്തായെങ്കിലും ഭാര്യയും മരുമകനും എൻഎംസിയുടെ തലപ്പത്തുള്ളതാണ് ആശ്വാസം നൽകുന്ന കാര്യം. എങ്കിലും ഷെട്ടിയുടെ അസാന്നിധ്യം ഓഹരി നിക്ഷേപകർക്ക് കടുത്ത ആശങ്കയാണ് സമ്മാനിച്ചത്.
ആയിരക്കണക്കിനു മലയാളികൾ ഇവിടെ ജോലി ചെയ്തുവരുന്നു. എൻഎംസിയുടെ ആസ്തി മൂല്യനിർണ്ണയം, കടത്തിന്റെ അളവ്, എക്‌സിക്യൂട്ടീവ് പ്രതിഫലം, എതിരാളികളുമായുള്ള കരാറുകൾ എന്നിവയിൽ ആണ് സംശയം ഉന്നയിക്കപ്പെട്ടത്. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുൻ എഫ്ബിഐ ഡയറക്റ്റർ ലൂയി ഫ്രീയെ നിയമിക്കുകയും ചെയ്തു.
യുഎഇ എക്‌സ്‌ചേഞ്ചിന്റെ ചെയർമാനായ ഷെട്ടി ട്രാവലെക്സ് ആൻഡ് എക്സ്പ്രസ് മണി, നിയോ ഫാർമ, ബിആർഎസ് വെൻചേഴ്‌സ്, ബിആർ ലൈഫ്, ഫിനാബ്ലർ ഉൾപ്പെടെയുള്ള വിവിധ സംരംഭങ്ങളുടെയും അമരക്കാരിലൊരാളാണ്.കമ്പനിയിൽ ഷെട്ടിയുടെ ഉടമസ്ഥാവകാശം എത്രയാണെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാത്തതാണു നിയമപ്രശ്നങ്ങളിലേക്കു വഴിതെളിച്ചതെന്ന് അറിയുന്നു. ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ 2012ൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനി 1974 ലാണ് അബുദാബിയിൽ സ്ഥാപിച്ചത്. യുഎഇയിലെ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയാണ് എൻഎംസി. കമ്പനി ഓഹരികൾ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് പ്രമുഖ രണ്ട് അമേരിക്കൻ കമ്പനികൾ അടുത്തിടെ രംഗത്തു വന്നിരുന്നു.
കമ്പനിക്കെതിരെ ആരോപണങ്ങൾ ഉയർന്ന 2019 ഡിസംബർ മുതൽ ഓഹരികളുടെ മൂല്യം മൂന്നിൽ രണ്ട് ഭാഗം ഇടിഞ്ഞിരുന്നു. കമ്പനിയുടെ ബാലൻസ് ഷീറ്റും ഏറ്റെടുത്ത സ്ഥാപനങ്ങളുടെ മൂല്യവും പെരുപ്പിച്ചു കാട്ടിയെന്ന ആരോപണമാണ് ഉയർന്നിരുന്നത്. മഡ്ഡി വാട്ടേഴ്സിന്റെ ആരോപണം നിഷേധിച്ച കമ്പനി, സ്വതന്ത്ര അന്വേഷണത്തിനായി മുൻ എഫ്ബിഐ ഡയറക്റ്റർ ലൂയി ഫ്രീച്ചിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഷെട്ടിയുടെ കമ്പനികളിലൊന്നായ ബിആർഎസ് ഇന്റർനാഷണൽ ഹോൾഡിങ്‌സിൽ അദ്ദേഹത്തിലുള്ള 20 ദശലക്ഷം ഓഹരികളുടെ ഉടമസ്ഥാവകാശം അൽ മുഹെയ്‌രിക്കും അൽ കബെയ്‌സിക്കും ആവാമെന്നും അങ്ങനെയെങ്കിൽ ഷെട്ടി കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം 9.58 ശതമാനം കുറയാമെന്നും കഴിഞ്ഞയാഴ്ചത്തെ ഫയലിംഗിൽ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം 77 കാരനായ ഭവഗുതു രഘുറാം ഷെട്ടിയുടെ വീഴ്ച ആഗോള നിക്ഷേപക ലോകത്തെയും പ്രത്യേകിച്ച് ഇന്ത്യൻ സംരംഭകരെയും ഞെട്ടിക്കുകയായിരുന്നു..
എൻഎംസിയിലെ സാമ്പത്തിക ക്രമക്കേട് ബിആർ ഷെട്ടിയുടെ മറ്റ് സ്ഥാപനങ്ങളെയും ബാധിച്ചു
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വ്യാപാരം നിർത്തിവെച്ചതും, യുഎഇ എക്സ്ചേഞ്ചിന്റെ പ്രവർത്തനം കമ്പനി നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളിലേക്ക് പ്രേരിപ്പിച്ച പ്രധാന ഘടകം എന്താണെന്നാണ് ഇപ്പോൾ യുഎഇയിലെ ബിസിനസ് മേഖലയിലെ ചർച്ച. ഇന്ത്യൻ സമ്പന്നനും, വ്യവസായ പ്രമുഖനുമായ ബിആർ ഷെട്ടിയുടെ പതനം ഇപ്പോൾ ചർച്ചയാവുകയാണ്. എന്നാൽ ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തെ തകർക്കാനാകില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തൊക്കെയാലും ഷെട്ടി താൻ സ്ഥാപിച്ച കമ്പനിമൂലം ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്.ഫിനാബ്ലെറിന് പ്രവർത്തനം തുടരാനുള്ള എല്ലാ ശേഷിയും നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. കമ്പനിയുടെ പ്രവർത്തനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഫിനാബ്ലെറിന്റെയും, അനുബന്ധ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെയും പ്രവർത്തനം തുടരാൻ സാധ്യമല്ലെന്ന് ഓഹരി വിപണിയിൽ സമർപ്പിച്ച പ്രസ്താവനയിൽ ഫിനാബ്ലെർ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ പ്രശാന്ത് മങ്ങാട്ട് രാജിവെച്ചിരുന്നു.
കമ്പനിക്ക് പ്രവർത്തിക്കാനാവശ്യമായ മൂലധന പര്യാപ്തി ഇല്ലെന്നാണ് വിവരം, അതേസമയം മുബാദല ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പ് ഫിനാബ്ലെറിന്റെ ഓഹരികൾ ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകളുണ്ട്. ഇതിൽ ഫിനാബ്ലറിന്റെ 240 ബില്യൺ വരുന്ന ആസ്തികളാണ് മുബാദല കൈകാര്യം ചെയ്യുക. എന്നാൽ ഫിനാബ്ലറിന്റെ 3.4 ശതമാനം വരുന്ന ഓഹരികൾ മുബാദല ഏറ്റെടുത്തത് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചെയഞ്ചിൽ ഫിനാബ്ലർ വെളുപ്പെടുത്തിയിരുന്നില്ലെന്ന് മാത്രമല്ല, ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫിനാബ്ലർ മറച്ചുവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് കമ്പനിക്ക് നേരെ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചെയ്ഞ്ചിൽ വ്യാപാരം നടത്തുന്നത് വിലക്കിയതെന്ന റിപ്പോർട്ടുകളുണ്ട്.കമ്പനിയുടെ ഉപസ്ഥാപനമായ യുഎഇ എക്സ്ചേഞ്ച് എല്ലാ ഇടപാടുകളും ഇപ്പോൾ റദ്ദ് ചെയ്തത് പ്രവാസി മലയാളികൾക്ക് തിരിച്ചടിയാണ്. കമ്പനിയുടെ അടച്ചുപൂട്ടൽ നിരവധി സ്വദേശികളും വിദേശികളുമായ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിന് കാരണമായേക്കും. എന്നാൽ 100 മില്യണിന്റെ ചെക്കുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ചെക്കുകളുമായി ബന്ധപ്പട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ കര്യങ്ങളിൽ ഇങ്ങനെയൊക്കെയാണ് വിലയിരുത്തപ്പെടുന്നത്
മറുനാടന് ഡെസ്ക്