കോഴിക്കോട്: പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെന്നതാണ് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ഇതിൽ വിവാദങ്ങൾ കണ്ടപ്പോൾ പറഞ്ഞത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം സ്ഥാപിക്കാനെന്നായിരുന്നു വിശദീകരണം. പൊലീസ് കീറിമുറിച്ച് പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല. ആഴ്ചകൾക്കുള്ളിൽ തന്നെ കേരള മനസാക്ഷിയെ ഞെട്ടിച്ച് കൊലപാതക വാർത്തയെത്തി. തുണേരി ഷിബിൻ വധക്കേസിലെ പ്രതി അസ്ലാമിനെ വെട്ടിക്കൊന്നു. പകൽ വെളിച്ചത്തെ കൊലയിൽ പങ്കില്ലെന്ന് സിപിഐ(എം) പറയുന്നു. ദൗർഭാഗ്യകരമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും വിശദീകരിച്ചത്. എന്നാൽ അണികളുടെ പ്രകടനം കണ്ടാൽ കൊലയ്ക്ക് പിന്നിൽ ആരെന്ന് വ്യക്തമാണ്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നതു പോലെ സോഷ്യൽ മീഡിയയിൽ പ്രചരണം തുടങ്ങി കഴിഞ്ഞു.

തെയ്യമ്പാടി ഇസ്മയിൽ ..സഖാവ് ഷിബുവിന്റെ ഘാതകരിൽ മുഖ്യൻ... ഘാതകരിൽ മൂന്നാം പ്രതിയായിരുന്ന മൂരി അസ്ലമിൻ വെട്ടേറ്റു മരിച്ചു..... ആ ഷോക്കിലാണ് ഈ പുന്നാരമോൻ.... ഇതൊരു തുടക്കം മാത്രം,,,,, ഇവനുള്ള മുൻകരുതൽ...... തുണേരിയിലെ അസ്ലമിനെ പട്ടാപ്പകൽ വെട്ടിക്കൊന്നതിന്റെ സന്തോഷ പ്രകടനത്തിന് സിപിഐ(എം) അനുകൂല ഗ്രൂപ്പുകളിൽ നടക്കുന്ന സന്തോഷ പ്രകടനാണ് ഇത്. കൊല്ലേണ്ടവനെ കൊല്ലുക തന്നെ ചെയ്യണം ലാൽ സലാം സഖാക്കളെ-എന്നാണ് ഈ പോസ്റ്റിനെ താഴെ വരുന്ന കമന്റുകളിൽ ഒന്ന്. പാടത്തെ പണിക്ക് വരമ്പത്തെ കൂലിയെന്ന പ്രഖ്യാപനത്തിന് സമാനമായി ഇതിനെ വിലയിരുത്തുകയാണ് സിപിഐ(എം) അണികൾ സോഷ്യൽ മീഡിയയിൽ. ആരേയും കൂസാക്കാതെ ഇത്തരം തുറന്നു പറച്ചിലുകൾ നടത്തുമ്പോഴാണ് തൂണേരിയിൽ അക്രമങ്ങളുടെ ഗൂഢാലോചനയുടെ സ്വഭാവം വ്യക്തമാകുന്നത്.

സ്വയം വെട്ടി മരിച്ച ഷിബിൻന്റെ പേര് പറഞ്ഞ് കള്ള കേസിൽ കുടുക്കിയ മൂന്നാം പ്രതി ആയ അസ്ലം സ്വയം വെട്ടി മരിച്ചുവെന്നാണ് മറ്റൊരു ക്രൂരമായ പരിഹാസം. ഷിബിന്റെ കൊലയാളിയെ കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെയിരിക്കില്ലെന്ന സൂചനയാണ് ഈ പോസ്റ്ററിലുള്ളത്. ഇവ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും അത്യുത്സാഹത്തോടെ സിപിഐ(എം) അണികൾ രംഗത്ത് വരുമ്പോൾ കൊലപാതക രാഷ്ട്രീയത്തിന് അറുതി വരുത്താനുള്ള സമൂഹ മനസാക്ഷിയുടെ ആഹ്വാനങ്ങളെയാണ് തള്ളിക്കളയുന്നത്. പുകൾ പെറ്റ കേരള മോദിന് പുതിയ അർത്ഥ തലങ്ങൾ സൃഷ്ടിക്കാനുള്ള ചർച്ചകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ആഹ്വാനങ്ങൾക്കും ആഹ്ലാദാരവങ്ങൾക്കും ഇടയിൽ ഓർമ്മപ്പെടുത്തലുമായി നിറയുന്നവരുമുണ്ട്. എന്നാൽ ഷിബിന്റെ കൊലയാളിയെ കൊന്നതിന്റെ ആവേശത്തിലാണ് സൈബർ ലോകത്തെ സിപിഐ(എം) അനുകൂലികളെന്നാണ് പോസ്റ്റുകളും കമന്റുകളും വ്യക്തമാക്കുന്നത്.

പ്രിയ സഖാവേ ഷിബിൻ.... നാദാപുരത്തിന്റ്റെ മണ്ണിൽ ചിന്തിയ നിന്റ്റെ ചുടുചോരയ്ക്ക് പകരമായ് ഒരുനാൾ തെയ്യമ്പാടിയും വാനമ്പാടിയുമൊക്കെ ചിറകറ്റുവീഴും....സഖാക്കളുടെ കാൽക്കീഴിൽ ജീവനുവേണ്ടി കേഴും....നിനക്കായ് നിന്റ്റെ അമ്മ ഒഴുക്കിയ കണ്ണുനീർ വെറുതെയല്ലെന്ന് കാലം തെളിയിക്കും.....പോർന്നിലത്തൊന് നിച്ചു പാടിയുണർന്നവർ,പോരാട്ടഭൂമിക്ക് ചോരകൊടുത്തവർ ആരെന്നുമെന്തെന്നും ഓർമയുണ്ടാവണം ഓർമകളുണ്ടായിരിക്കണം.... എന്ന കമന്റുകളും വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ വൈരാഗ്യത്തിമിരം ബാധിച്ചവരുടെ അക്രമവാസനയെ തന്നെയാണ്. സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്കെതിരെ പ്രതികരിക്കുന്നവർക്കും സഖാവ് എന്ന അഭിസംബോധനയോടെ മറുപടി നൽകുന്നവരുമുണ്ട്. കൊലപാതകത്തിൽ ആഹ്ലാദം കണ്ടെത്തുന്ന അത് അനിവാര്യമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു കൂട്ടം ആളുകളാണവർ.

പാർട്ടി ശത്രുക്കൾക്ക് നേരെ എവിടെ നിന്ന് അക്രമമുണ്ടായാലും പാടത്ത് പണി വരമ്പത്ത് കൂലി ..ഞങ്ങള് കൊല്ലും ഞങ്ങള് കത്തിക്കും എന്ന നിലയിലുള്ള സൈബർ വിപ്ലവങ്ങൾ നാമോരോരുത്തരും ഒഴിവാക്കണം...എന്ന ഓർമ്മപ്പെടുത്തലിനോടുള്ള പ്രതികരണങ്ങൾ ഇങ്ങനെയാണ്. സഖാവ് പറഞ്ഞതും ശരിയാണ് ,, പക്ഷേ ഒന്നുണ്ട് ഞാൻ അടക്കമുള്ള പലരും പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ കാരണം സഖാവ് ഷിബിൻ നെ പോലുള്ള നിരപരാധികളായ രക്തസാക്ഷികളും കൂടിയാണ്.. വരമ്പത്ത് കൂലി കൊടുത്തിലെങ്കിൽ ഇത് ഇനിയും ആവർത്തിക്കപ്പെടും, അതുകൊണ്ട് ആ മൂരികൾ അറിയണം .. രാഷ്ട്രീയ കൊലപാതകം ഒരു പുതിയ വാർത്തയല്ല', പക്ഷേ ഇത് നമുക്ക് അഭിമാനിക്കാവുന്നത് തന്നെയാണ് ..-എന്നാണ് സമാധാനകാംഷികളോട് ഒരു കൂട്ടം തീവ്ര ചിന്തകർക്ക് പറയാനുള്ളത്.

തുണേരി സഖാവ് ഷിബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് അസ്ലം എന്ന ലീഗ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു...നാദാപുരത്ത് വച്ചാണ് ഇവന് വെട്ടേറ്റത്. തെളിവില്ല എന്നു പറഞ്ഞ് ഇവനേയും കൂട്ടാളികളേയും കോടതി വെറുതെ വിട്ടിരുന്നു....ഈ വാർത്ത കാണുന്ന തെയ്യമ്പാടി ഇസ്മായിൽ എന്ന മുഖ്യപ്രതി കാണുമ്പോൾ അവന്റെ മാനസികാവസ്ഥ എന്തായിരിക്കും...ഊഹിക്കുക സഖാക്കളേ..-എന്ന വാചകങ്ങളും സിപിഐ(എം) അനുകൂല ഗ്രൂപ്പുകളിൽ നിറയുകയാണ്. ഷിബിൻ വെട്ടേറ്റുകിടക്കുന്ന ചിത്രം സഹിതം ഇത് മറക്കാനും പൊറുക്കാനും ഞങ്ങൾക്കാകില്ലെന്ന് വ്യക്തമാക്കുന്നവരുമുണ്ട്. അങ്ങനെ സോഷ്യൽ മീഡിയിയിൽ രാഷ്ട്രീയ പ്രതികാരത്തിന്റെ വിജയകഥയായി അസ്ലമിന്റെ കൊലയെ മാറ്റുകയാണ് സിപിഐ(എം) അണികൾ. പാടത്തെ പണിക്ക വരമ്പത്ത് കൂലിയെന്ന കോടിയേരിയുടെ പ്രസ്താവനയും കമന്റുകളിൽ ആവേശമുയർത്താനായെത്തുന്നു.

നാദപുരത്ത് വർഷങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലനമാണ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ വെള്ളൂരിലെ ഷിബിനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്. ഒരു നാടിന്റെ മുഴുവൻ സമാധാനം നശിപ്പിക്കുന്ന വിധത്തിലേക്ക് ഈ സംഭവം മാറുകയും ചെയ്തുവെങ്കിലും കുറ്റവാളികളെ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി വെറുതേ വിടുകയാണ് ഉണ്ടായത്. 2015 ജനുവരി 22ന് രാത്രി പത്തരയോടെ കണ്ണങ്കൈ റോഡിൽ വച്ച് ഭാസ്‌കരന്റെ മകൻ ഷിബിൻ എന്ന ചെറുപ്പക്കാരൻ വെട്ടേറ്റ് മരിച്ചത്. മുസ്‌ലിം ലീഗ് പ്രവർത്തകരായിരുന്നു പ്രധാന പ്രതികളുടെ സ്ഥാവനത്ത്. ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന തൂണേരി സ്വദേശി ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മുസ്‌ലിം ലീഗ് പ്രവർത്തകർ രാഷ്ട്രീയ വിരോധം തീർക്കാൻ ഷിബിനെ കൊന്നുവെന്നായിരുന്നു കുറ്റപത്രം. വാഹനം തടഞ്ഞു നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലേക്ക് കലാശിച്ചു എന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

തെയ്യമ്പാടി ഇസ്മയിലും സംഘവും ബൈക്കോടിച്ച് അതിവേഗം പാഞ്ഞപ്പോൾ ഇതിന്റെ പേരിൽ ഷിബിന്റെ നേതൃത്വത്തിലുള്ള സുഹൃദ് സംഘവുമായി വഴക്കിട്ടു. പ്രതികരിക്കാതെ ഒഴിവാക്കിക്കളയാവുന്ന പ്രശ്‌നമായിരുന്നു ഇത്. എന്നാൽ പൂർവ്വ വൈരാഗ്യത്തോടെ ഇസ്മായിലും സംഘവും വിഷയത്തിൽ പെരുമാറിയെന്നും കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഷിബിനെ കൊലപ്പെടുത്തിയ കേസിൽ എന്നാൽ, ഷിബിനൊപ്പം പരുക്കേറ്റ അഞ്ചു പേർ വിവിധ രാഷ്ട്രീയ കക്ഷികൾപ്പെട്ട ആളുകളാണെന്ന് പ്രോസിക്യൂഷൻ ഉന്നയിച്ചു. രാഷ്ട്രീയ വിരോധത്തിനും അപ്പുറം വർഗീയമായ ആക്രമണമായിരുന്നു കൊലപാതകത്തിനു പിന്നിലെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 66 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം കുറ്റപ്പെടുത്തി. ഈ വാദം ശരിവച്ചാണ് തെയ്യമ്പാട്ടിൽ ഇസ്മയിൽ, മുനീർ തുടങ്ങിയവരെ കോടതി വെറുതേ വിട്ടത്. എന്നാൽ, പ്രതികളെ വെറുതേ വിട്ടതോടെ പിന്നെ കൊന്നതാരെന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്. ലീഗിന്റെ സ്വാധീനത്തിൽ കേസ് തേച്ച്മാച്ചു കളഞ്ഞുവെന്ന ആരോപണമാണ് സിപിഐ(എം) ശക്തമായി ഉന്നയിച്ചിരിന്നത്. അതുകൊണ്ട് കൂടിയാണ് കേസിലെ മൂന്നാംപ്രതിയുടെ മരണത്തിൽ സിപിഐ(എം) അനുകൂല ഗ്രൂപ്പുകളിലെ ആഘോഷം ശ്രദ്ധിക്കപ്പെടുന്നതും.

കേസിൽ കോടതി വെറുതെ വിട്ട 17 പേരും സുരക്ഷിതരല്ലെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു. കനത്ത ജാഗ്രതിക്കിടെയായിരുന്നു ഇന്നലെ അസ്ലമിനെ കൊന്നത്. പ്രതികളാരും സുരക്ഷിതരല്ലെന്ന സൂചനകളുമായി പരസ്യമായി തന്നെ സോഷ്യൽ മീഡിയയിൽ ചർച്ച മുറുകുമ്പോൾ തെളിയുന്നത് സംസ്‌കാരമില്ലായ്മയുടെ രാഷ്ട്രീയ മുഖമാണ്.