കൊല്ലം: എൽ ഡി എഫ് സർക്കാരിന്റെ മദ്യനയത്തെച്ചൊല്ലി യു ഡി എഫിൽ ഭിന്നത.സർക്കാരിന്റെ മദ്യനയത്തെ പിന്തുണച്ച്  യു ഡി എഫ് ഘടകകക്ഷി കൂടിയായ ആർ എസ് പിയുടെ നേതാവ് ഷിബു ബേബി ജോൺ രംഗത്ത് വന്നതോടെയാണ് ഇക്കാര്യത്തിൽ യു ഡി എഫിലുള്ള ആശയക്കുഴപ്പം പ്രകടമായത്.കഴിഞ്ഞ ദിവസം ഫേസ്‌ബുക് പോസ്റ്റിലൂടെയാണ് ഷിബു മദ്യനയത്തിലെ തന്റെ വേറിട്ട നിലപാട് വ്യക്തമാക്കുന്നത്.

'കഴിഞ്ഞ സർക്കാരിന്റെ ബാർ പൂട്ടൽ നയംതികച്ചും വൈകാരികമായ,അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായ യു ഡി എഫ് തുടർഭരണം ഇല്ലാതായത്.തെറ്റുതിരുത്തി ബാറുകൾ തുറക്കാനുള്ള എൽ ഡി എഫ് നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാർഹവുമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട് '.ഷിബു വ്യക്തമാക്കുന്നു.

സർക്കാരിന്റെ മദ്യനയത്തിനെതിരെ ഇന്ന് പ്രതിഷേധ പരിപാടികൾ നടത്താൻ യു ഡി എഫ് തീരുമാനിച്ചിരിക്കെയാണ് ഷിബു ബേബി ജോൺ വ്യത്യസ്ത നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്.മദ്യനയം ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് യു ഡി എഫ് യോഗം ചേരുന്നുമുണ്ട്.മുൻ സർക്കാരിന്റെ മദ്യനയം രൂപീകരിച്ച മന്ത്രിസഭയിലെ അംഗമായിരുന്നു ഷിബു ബേബി ജോൺ.അതുകൊണ്ട് തന്റെ അദ്ദേഹത്തിന്റെ നിലപാടുമാറ്റം യു ഡി എഫ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടെ ഷിബുവിന്റെ വാദത്തെ തള്ളി ആർ എസ് പി നേതൃത്വം രംഗത്തെത്തി.ഷിബുവിന്റേത് പാർട്ടിയുടെ നയമല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും യു ഡി എഫിന്റെ പൊതുനയത്തോടൊപ്പമാണ് ആർ എസ് പിയെന്നും അവർ അറിയിച്ചു.

എന്തായാലും മദ്യനയത്തിനെതിരെ സമുദായ സംഘടനകളുടേതടക്കം വ്യാപകമായ വിമർശനമുയരുമ്പോൾ സർക്കാരിന് കിട്ടിയ അപ്രതീക്ഷിത പിടിവള്ളിയാവുകയാണ് പ്രതിപക്ഷനിരയിലെ ഈ പിന്തുണ.അതേസമയം സമരം ചെയ്യാനൊരുങ്ങുന്ന യു ഡി എഫ് ഷിബുവിന്റെ നിലപാടുകളെ വിശദീകരിക്കാൻ ഏറെ ബുദ്ധിമുട്ടുമെന്നും ഉറപ്പാണ്. 

ഷിബു ബേബി ജോണിന്റെ പോസ്റ്റിന്റെ പൂർണ രൂപം

LDF മദ്യനയം: സ്വാഗതാർഹവും അനിവാര്യതയുമാണ്.
കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവൺമെന്റുമായിരുന്നു, ശ്രി. ഉമ്മൻ ചാണ്ടി
യുടെതെന്ന് ഇന്ന് LDFനു പോലും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസന-ക്ഷേമ ജീവകാരുണ്യ പദ്ധതികൾ എണ്ണമില്ലാതെ നടപ്പിലാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താൻ ഇന്നത്തെ LDF ഗവൺമെന്റും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകൾ ജനം കണ്ടു കൊണ്ടിരിക്കയാണ്.'ബാർ പൂട്ടൽ'നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന UDF തുടർ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകൾ തുറക്കാനുള്ള LDF നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാർഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്.