- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടിൽ മുതൽ കൂളർ വരെ യാതൊരു മാന:ദണ്ഡവും പാലിക്കാതെ ഭരണകക്ഷിയും അവരുടെ യുവജന സംഘടനയുടെയും ആളുകൾ കൊടികെട്ടിയ വാഹനങ്ങളിൽ കൊണ്ടുപോയി! കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി; ചവറയിലെ മോഷണം ഷിബു ബേബി ജോൺ ചർച്ചയാക്കുമ്പോൾ
കൊല്ലം: കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പൂട്ടുമ്പോൾ കട്ടിൽ മുതൽ കൂളർ വരെയുള്ള സാധന സാമഗ്രികൾ യാതൊരു മാന:ദണ്ഡവും പാലിക്കാതെ ഭരണകക്ഷിയും, അവരുടെ യുവജന സംഘടനയുടെയും ആളുകൾ അവരുടെ കൊടികെട്ടിയ വാഹനങ്ങളിൽ കൊണ്ടുപോയി. ഈ മോഷണക്കഥ പറയുകയാണ് ചവറുടെ മുൻ എംഎൽഎയും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. ഫെയ്‌സ് ബുക്കിലൂടെയാണ് ആർ എസ് പി നേതാവ് ഈ രാഷ്ട്രീയ മോഷണ കഥ വിശദീകരിക്കുന്നത്.
ശങ്കരമംഗലത്തെ കോവിഡ് രണ്ടാംനിര ചികിത്സാകേന്ദ്രത്തിനു ചവറ കെഎംഎംഎൽ കോടികൾ ചെലവിട്ടു വാങ്ങി നൽകിയ കിടക്കകൾ, ഫ്രിജുകൾ, കൂളറുകൾ, വാഷിങ് മെഷീനുകൾ, ടിവികൾ, കസേരകൾ ഉൾപ്പെടെ ഇടത് അനുകൂല സംഘടനകൾക്കു നൽകിയതിനെച്ചൊല്ലിയുള്ള വിവാദം ഇതോടെ കൊഴുക്കുകയാണ്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ദേശീയ ആരോഗ്യദൗത്യം (എൻഎച്ച്എം) ജില്ലാ അധികൃതർ ഫർണിച്ചറും ഉപകരണങ്ങളും ഉൾപ്പെടെ വിതരണം ചെയ്തതാണു വിവാദമായത്. സർക്കാർ ആശുപത്രികൾക്കു മാത്രം നൽകാനാണു തീരുമാനമെങ്കിലും ഏറെയും കിട്ടിയത് ഇടത് അനുകൂല സംഘടനകൾക്ക് ! ഈ വിഷയമാണ് ഷിബു ബേബി ജോൺ അവതരിപ്പിക്കുന്നത്.
കോവിഡ് വ്യാപനം അതിരൂക്ഷമായ വേളയിൽ 5 കോടി രൂപ ചെലവിട്ടാണ് ഓക്‌സിജൻ സൗകര്യത്തോടെ 854 കിടക്കകൾ ശങ്കരമംഗലം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലും സ്‌കൂൾ ഗ്രൗണ്ടിലുമായി കെഎംഎംഎൽ ഒരുക്കിയത്. ചെലവാക്കിയ തുക കെഎംഎംഎല്ലിനു തിരിച്ചു കൊടുക്കുമെന്നു നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. ഫലത്തിൽ കിടക്കകൾ ഉൾപ്പെടെ വാങ്ങിയത് പൊതുഫണ്ട് ഉപയോഗിച്ചാണെന്നു വ്യക്തം. സ്‌കൂളിലെ 250 കിടക്കകളാണ് ആശുപത്രി സേവനത്തിനു വേണ്ടിവന്നത്. ഗ്രൗണ്ടിൽ ഒരുക്കിയ 604 കിടക്കകൾ ഉപയോഗിക്കേണ്ടി വന്നില്ല. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി മാറ്റാനും ഫർണിച്ചറും ഉപകരണങ്ങളും നീക്കാനും അടുത്തിടെ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
സാംസ്‌കാരിക സംഘടനകൾ, അഭയകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് ഫർണിച്ചറും ഉപകരണങ്ങളും എൻഎച്ച്എം കൈമാറിയതു രാഷ്ട്രീയ താൽപര്യത്തിനാണെന്നാണ് ആരോപണം. അപേക്ഷ ക്ഷണിച്ച ശേഷമാണു വിതരണം ചെയ്തതെന്നു പറയുന്നുണ്ടെങ്കിലും ഇതിനു സ്ഥിരീകരണമില്ല. 600 ഇരുമ്പു തടി കട്ടിലുകൾ, 600 കസേരകൾ, കസേരകൾ, ഫ്രിജുകൾ, കൂളറുകൾ, ഫാനുകൾ, വാഷിങ് മെഷീനുകൾ തുടങ്ങിയവയാണു കൈമാറിയത്. ലഭിച്ച ഉപകരണങ്ങൾ ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സംഘടനകൾ ചില പ്രദേശങ്ങളിൽ നൽകുന്നതിന്റെ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെയാണ് ഇവ കോവിഡ് ആശുപത്രിയിലേക്കു വാങ്ങിയവയാണെന്ന വിവരം വെളിച്ചത്തായത്.
ഷിബു ബേബി ജോൺ എഴുതിയ കുറിപ്പ്
കാട്ടിലെ തടി തേവരുടെ ആന വലിയടാ വലി
കഴിഞ്ഞ ജൂൺ മാസത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ KMML ന്റെ ആറ് കോടി രൂപയോളം സഹായത്തോടെ ചവറ ശങ്കരമംഗലം ഗ്രൗണ്ടിൽ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (CSLTC) സജ്ജീകരിച്ചത്. KMML ന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു കസേര, കട്ടിൽ ,കൂളർ, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ തുടങ്ങി അവിടേയ്ക്ക് ആവശ്യമായിരുന്ന അടിസ്ഥാന ആവശ്യങ്ങളെല്ലാം ഒരുക്കിയത്. സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ CSLTC കളിൽ ഒന്നായ ഇത് ജില്ലയിലെ കോവിഡ് പ്രതിരോധരംഗത്തിന് വളരെയധികം കരുത്തേകിയ സംരംഭമായിരുന്നു.
എന്നാൽ ഈ കോവിഡ് ചികിൽസാകേന്ദ്രം ഏതാനും ദിവസങ്ങൾക്ക് മുൻപ് നിർത്തലാക്കി എന്നാണ് പത്രവാർത്തകളിലൂടെ അറിയാൻ കഴിഞ്ഞത്. ഇവിടത്തെ കട്ടിൽ മുതൽ കൂളർ വരെയുള്ള സാധന സാമഗ്രികൾ യാതൊരു മാന:ദണ്ഡവും പാലിക്കാതെ ഭരണകക്ഷിയും, അവരുടെ യുവജന സംഘടനയുടെയും ആളുകൾ അവരുടെ കൊടികെട്ടിയ വാഹനങ്ങളിൽ കൊണ്ടുപോയി അവർക്ക് ഇഷ്ടമുള്ള ആൾക്കാർക്ക് വിതരണം ചെയ്യുന്ന അത്ഭുത കാഴ്ചയാണ് കണ്ടത് . ഇത് പാലിയേറ്റിവ് രോഗികൾക്കാണ് വിതരണം ചെയ്യേണ്ടത് എങ്കിൽ അതിന് സംവിധാനമുള്ള പഞ്ചായത്ത് - ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഭരണസമിതികൾ പോലും ഇതറിഞ്ഞിട്ടില്ല.
CSLTC നിർത്തലാക്കിയതിനെ കുറിച്ചും KMML ന്റെ ഫണ്ട് കൊണ്ട് വാങ്ങിയ ഉപകരണങ്ങൾ എടുത്തു കൊണ്ടുപോയതിനെ കുറിച്ചും ഒന്നുമറിയില്ല എന്നാണ് MLA യും, ഇതിന്റെ പരിപാലന ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതിയും മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം അടക്കമുള്ള ജനപ്രതിനിധികൾക്കും ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പുകളും ലഭിച്ചിട്ടുമില്ല. ഇവിടത്തെ ജനങ്ങൾക്ക് ഉപകാരപ്പെടുന്നതിന് KMML ആറ് കോടി ചെലവഴിച്ച നാടിന്റെ പൊതുസ്വത്ത് ഭരണകക്ഷിയുടെ സ്വാധീനം ഉപയോഗിച്ച് പട്ടാപ്പകൽകൊള്ളയടിക്കുന്നത് ലജ്ജാവഹമാണ്.
ഇതൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് നോക്കിനിൽക്കുന്ന പാവയായി ഇവിടുത്തെ നിയമസഭാഗം മാറിയത് പരിഹാസ്യമാണ്. ഈ സംഭവം മാധ്യമങ്ങൾ വഴി അധികാരികളും പൊതുസമൂഹവും അറിഞ്ഞിട്ടും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ യാതൊരു നടപടിയും ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ഇതിനെതിരെ വിജിലൻസിൽ പരാതി നൽകാൻ ഞാൻ തീരുമാനിച്ചു .എന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ ഈ തീരുമാനം എടുത്ത ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ സമീപിക്കുന്നതായിരിക്കും.
#COVID19
മറുനാടന് മലയാളി ബ്യൂറോ