കൊച്ചി: സോളാർ കേസ് പ്രതി സരിത എസ് നായരെക്കൊണ്ടു തന്റെ പേരു പറയിച്ചതു കെ ബി ഗണേശ് കുമാറാണെന്നു ഷിബു ബേബി ജോൺ. സോളാർ കമ്മീഷനിൽ മൊഴി നൽകവെയാണു ഷിബുവിന്റെ പരാമർശം. ഗൂഢാലോചന വെളിപ്പെടുത്തുന്നത് കമ്മീഷനെ വിശ്വാസമുള്ളതുകൊണ്ടാണ്. തനിക്കെതിരെ സരിതയും ബിജുവും പുറത്തു പറയുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഗണേശ് കുമാർ സൂചന നൽകിയിരുന്നു. ഗണേശും സരിതയും തമ്മിൽ ഏറെക്കാലമായി വളരെ അടുത്ത ബന്ധമുണ്ട്. യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നം തീർക്കാനുള്ള ചർച്ചക്കിടെ സരിത വിഷയമായിരുന്നു. താനുമായി ഒരു ബന്ധവുമില്ലാത്ത സരിത തനിക്കെതിരെ രംഗത്ത് വരാൻ മറ്റൊരു കാരണവുമില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സരിത എഴുതിയ കത്ത് പോലും ആദ്യം കിട്ടിയത് ഗണേശിന്റെ പി.എ. പ്രദീപിനാണ്. സരിതയെ സഹായിക്കാൻ എല്ലാഘട്ടത്തിലും ഒപ്പമുണ്ടായിരുന്നതും പ്രദീപാണെന്നും ഷിബു ബേബി ജോൺ മൊഴിനൽകി.