- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരിയമ്മ സംസാരിക്കാൻ എഴുന്നേൽക്കുമ്പോൾ സ്പീക്കറായിരുന്ന വക്കം ഡയസിൽ നിന്നും പോകുന്നതെന്തിന്; സ്വകാര്യ സംഭാഷണത്തിലായിരുന്നു വക്കം അതിന് മറുപടി തന്നത്; ഇരുപത് വർഷത്തിന് ശേഷം ഷിബു ബേബി ജോൺ പറയുന്നു
തിരുവനന്തപുരം: 2001 ലെ എകെ ആന്റണി മന്ത്രിസഭയിൽ കെ.ആർ ഗൗരിയമ്മ കൃഷിമന്ത്രിയും വക്കം പുരുഷോത്തമൻ സർവപ്രതാപിയായിരുന്ന സ്പീക്കറുമായിരുന്ന സർക്കാരിന്റെ സമയത്ത് കന്നിക്കാരനായിരുന്നു പിന്നീട് മന്ത്രിയായ ഷിബു ബേബി ജോൺ. സമയകൃത്യതയിൽ കണിശക്കാരനായിരുന്ന വക്കം കൃത്യസമയത്ത് തന്നെ സഭ ആരംഭിക്കുകയും കൃത്യ സമയത്ത് സഭ പിരിയുകയും ചെയ്യും. പ്രഭാഷണം ആരംഭിച്ചാൽ നിർത്താൻ പ്രയാസമുള്ള വാഗ്മികളെയെല്ലാം വടിയെടുക്കുന്ന ഹെഡ്‌മാസ്റ്ററെ പോലെ കൃത്യമായി നിയന്ത്രിച്ച് സമയക്രമം പാലിക്കാൻ വക്കത്തിന് കഴിഞ്ഞിരുന്നു. എല്ലാ എംഎൽഎമാരും ഒരു മിനിട്ട് പോലും അധികരിക്കാതെ ഉള്ള സമയത്തിൽ പ്രസംഗിച്ചു തീർക്കണം. മന്ത്രിമാർക്ക് മറുപടി നൽകാൻ നിഷ്‌കർഷിച്ചിരിക്കുന്ന സമയം കഴിഞ്ഞു പോകരുത്, സമയമാകുമ്പോൾ സ്പീക്കർ ഇടപെടും.
എന്നാൽ ഗൗരിയമ്മയുടെ മറുപടി പ്രസംഗമുള്ള ദിവസങ്ങളിലൊന്നും സ്പീക്കറെ ഡയസിൽ കാണാറില്ല. ഡെപ്യൂട്ടി സ്പീക്കറായിരുന്ന സുന്ദരൻ നാടാരെ ചുമതലയേൽപ്പിച്ചിട്ട് അദ്ദേഹം ഡയസിൽ നിന്നും മാറും. ഇത് ശ്രദ്ധിച്ചിരുന്ന ഷിബു ബേബി ജോൺ ഒരു സ്വകാര്യ സംഭാഷണത്തിനിടെ വക്കത്തോടെ ഇക്കാര്യം ചോദിച്ചു. അതിനദ്ദേഹം നൽകിയ രസകരമായ മറുപടി ഇരുപത് വർഷത്തിന് ശേഷം തുറന്നു പറയുകയാണ് ഷിബു ബേബി ജോൺ.
'' ഗൗരിയമ്മയെ പോലൊരു സീനിയർ നേതാവിനെ നിയന്ത്രിക്കാൻ എനിക്ക് പറ്റില്ല. എന്നാൽ ഡയസിലിരിക്കുമ്പോൾ ഞാൻ അവരെ നിയന്ത്രിക്കാതിരുന്നാൽ അത് തെറ്റായൊരു മാതൃകയുമാകും. അതു കൊണ്ടാണ് അവർ മറുപടി പറയുമ്പോൾ ഞാൻ ചേംബറിലേക്ക് മടങ്ങുന്നത്.'' എന്നായിരുന്നു വക്കത്തിന്റെ മറുപടി.
സഭാധ്യക്ഷന് പോലും നിയന്ത്രിച്ചാൽ തെറ്റായിപ്പോകുമോ എന്ന് ശങ്ക തോന്നുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഗൗരിയമ്മയെന്നും പറഞ്ഞുനിർത്തുന്നു ഷിബു ബേബി ജോൺ.
ഷിബു ബേബി ജോണിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
ഗൗരിയമ്മ കൃഷി മന്ത്രിയും സാക്ഷാൽ വക്കം പുരുഷോത്തമൻ നിയമസഭാ സ്പീക്കറുമായിരുന്ന 2001 കാലഘട്ടത്തിലാണ് ഞാൻ ആദ്യമായി എംഎൽഎ ആയി എത്തുന്നത്. ആ നിയമസഭയിലെ ഏറ്റവും സീനിയർ അംഗവും അന്ന് ഗൗരിയമ്മയായിരുന്നു.
ഏറ്റവും കർക്കശക്കാരനായ സ്പീക്കറായിരുന്നു ശ്രീ. വക്കം പുരുഷോത്തമൻ. സമയകൃത്യത അദ്ദേഹത്തിന് നിർബന്ധമായിരുന്നു. കൃത്യസമയത്ത് തന്നെ സഭ ആരംഭിക്കുകയും കൃത്യ സമയത്ത് സഭ പിരിയുകയും ചെയ്യും. ഒന്നരയ്ക്ക് സഭ പിരിയണമെന്നാണ് സമയപരിധിയെങ്കിൽ കൃത്യം 1.20 ആകുമ്പോൾ നടപടി ക്രമങ്ങളൊക്കെ അവസാനിച്ച് സഭ പിരിയും.
പ്രഭാഷണം ആരംഭിച്ചാൽ നിർത്താൻ പ്രയാസമുള്ള വാഗ്മികളെയെല്ലാം വടിയെടുക്കുന്ന ഹെഡ്‌മാസ്റ്ററെ പോലെ കൃത്യമായി നിയന്ത്രിച്ച് സമയക്രമം പാലിക്കാൻ വക്കത്തിന് കഴിഞ്ഞിരുന്നു. എല്ലാ എംഎൽഎമാരും ഒരു മിനിട്ട് പോലും അധികരിക്കാതെ ഉള്ള സമയത്തിൽ പ്രസംഗിച്ചു തീർക്കണം. മന്ത്രിമാർക്ക് മറുപടി നൽകാൻ നിഷ്‌കർഷിച്ചിരിക്കുന്ന സമയം കഴിഞ്ഞു പോകരുത്, സമയമാകുമ്പോൾ സ്പീക്കർ ഇടപെടും. (നിയമസഭാ പ്രവർത്തനങ്ങളിലെ അന്നത്തെ ആ ചിട്ട ഞാൻ ഇന്നും ബഹുമാനത്തോടെയാണ് കാണുന്നത്.)
പക്ഷെ ഗൗരിയമ്മയുടെ മറുപടി പ്രസംഗമുള്ള ദിവസങ്ങളിലൊന്നും സ്പീക്കറെ ഡയസിൽ കാണാറില്ല. ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ. സുന്ദരൻ നാടാരെ ചുമതലയേൽപ്പിച്ചിട്ട് അദ്ദേഹം ഡയസിൽ നിന്നും മാറും. ഇത് പലവട്ടം ശ്രദ്ധിച്ചപ്പോൾ ഞാനാരിക്കൽ സ്വകാര്യ സംഭാഷണത്തിനിടെ ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചു. അതിനദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു.
'' ഗൗരിയമ്മയെ പോലൊരു സീനിയർ നേതാവിനെ നിയന്ത്രിക്കാൻ എനിക്ക് പറ്റില്ല. എന്നാൽ ഡയസിലിരിക്കുമ്പോൾ ഞാൻ അവരെ നിയന്ത്രിക്കാതിരുന്നാൽ അത് തെറ്റായൊരു മാതൃകയുമാകും. അതു കൊണ്ടാണ് അവർ മറുപടി പറയുമ്പോൾ ഞാൻ ചേംബറിലേക്ക് മടങ്ങുന്നത്.''
രാഷ്ട്രീയ ഭേദമന്യേ ഏവരും ബഹുമാനിച്ചിരുന്ന നേതാവായിരുന്നു ഗൗരിയമ്മ. സഭാധ്യക്ഷന് പോലും നിയന്ത്രിച്ചാൽ തെറ്റായിപ്പോകുമോ എന്ന് ശങ്ക തോന്നുന്ന വ്യക്തിത്വത്തിനുടമ. കേരള ചരിത്രത്തിൽ അങ്ങനെയൊരു ഗൗരിയമ്മ ഒന്നേയുള്ളു.
പ്രണാമം.
മറുനാടന് മലയാളി ബ്യൂറോ