- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഫ്രഞ്ച് ചാരക്കേസിന്റെ പേരിൽ സിപിഎം തോമസ് മാഷിനെ വേട്ടയാടിയപ്പോൾ ബേബി ജോണായിരുന്നു തുണ; കോൺഗ്രസ് ബേബി ജോണിനെ നേരെ നിന്ന് എതിർത്തപ്പോൾ പിന്നിൽ നിന്നും കുത്തിയത് സിപിഎമ്മും സിപിഐയും; പഴയ ഓർമകൾ പങ്കുവച്ച് ഷിബു ബേബി ജോൺ
തിരുവനന്തപുരം: കെ.വി തോമസ് പാർട്ടിയെ ധിക്കരിച്ച് സിപിഎം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കുന്നതാണ് രാഷ്ട്രീയവൃത്തങ്ങളിലെ ചർച്ചാവിഷയം. ഈ പശ്ചാത്തലത്തിൽ, ആർ.എസ്‌പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ തോമസ് മാഷുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവയ്ക്കുകയാണ് ഫേസ്‌ബുക്ക് കുറിപ്പിൽ. ഫ്രഞ്ച് ചാരക്കേസിന്റെ പേരിൽ സിപിഎം കെ.വി തോമസിനെ വേട്ടയാടിയതും മാഷിന്റെ മകന്റെ കല്യാണത്തിന് ഇടത് സർക്കാറിലെ മന്ത്രിയായിരുന്ന ബേബി ജോൺ രണ്ടും ദിവസം പങ്കെടുത്തതുമായ ഓർമകളാണ് ഷിബു ബേബി ജോൺ ഫേസ്‌ബുക്കിൽ കുറിച്ചത്.
മകന്റെ വിവാഹ ദിവസം തന്നെ കെ.വി തോമസിനെ അറസ്റ്റ് ചെയ്യാൻ നീക്കമുള്ള സാഹചര്യത്തിലാണ് ബേബി ജോൺ രണ്ട് ദിവസത്തെ ചടങ്ങുകളിൽ പൂർണമായി പങ്കെടുത്തത്. ഈ വിഷയത്തിൽ ബേബി ജോണിനെയും ആർ.എസ്‌പി പ്രവർത്തകരെയും വേട്ടയാടിയത് അന്നത്തെ പ്രതിപക്ഷം മാത്രമായിരുന്നില്ല. കോൺഗ്രസ് പിതാവിനെ നേരെ നിന്ന് എതിർത്തപ്പോൾ പിന്നിൽ നിന്ന് കുത്തിയത് സിപിഎമ്മും സിപിഐയുമായിരുന്നുവെന്നും ഷിബു ബേബി ജോൺ പറയുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് കെ.വി തോമസ് മാഷ് കണ്ണൂരിലെ സിപിഎം സെമിനാറിൽ പങ്കെടുക്കുകയാണല്ലോ. ഞാനുമായി അന്നും ഇന്നും നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ് അദ്ദേഹം. ഞാൻ ആദ്യമായി 2001ൽ എംഎൽഎയായി ജയിച്ചു വന്നപ്പോൾ മുതൽ എന്നോട് അങ്ങേയറ്റം വാൽസല്യവും സ്നേഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എന്റെ പിതാവിനോടുള്ള സ്നേഹമാണ് എന്നോടുള്ളതെന്ന് അദ്ദേഹം പലവട്ടം എന്നെ ഓർമിപ്പിച്ചിട്ടുണ്ട്. അതിന്റെ കഥ അദ്ദേഹം പറഞ്ഞതിങ്ങനെ; ഫ്രഞ്ച് ചാരക്കേസ് എന്ന കെട്ടിച്ചമച്ച കേസിന്റെ പേരിൽ സിപിഎം മാഷിനെ വേട്ടയാടിയ കാലം. അന്ന് ഇടതുമുന്നണിയാണ് ഭരിക്കുന്നത്. എന്റെ പിതാവ് ആ സർക്കാറിൽ മന്ത്രിയാണ്. അക്കാലത്ത് നടന്ന മാഷിന്റെ മകന്റെ വിവാഹത്തിന് രണ്ട് ദിവസവും പൂർണ സമയം എന്റെ പിതാവ് ചടങ്ങുകളിൽ പങ്കാളിയായിരുന്നു.
സർക്കാറിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ നിർദ്ദേശപ്രകാരം വിവാഹം നടക്കുന്ന ദിവസങ്ങളിൽ തന്നെ മാഷിനെ അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്ന് ശ്രുതി ഉണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ് പതിവില്ലാതെ ഒരു വിവാഹത്തിന് രണ്ട് ദിവസവും പങ്കാളിയായ സ. ബേബി ജോണിന്റെ സാന്നിധ്യം തനിക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് എന്നോട് പറഞ്ഞത് തോമസ് മാഷ് തന്നെയാണ്. ഈ സംഭവങ്ങളൊക്കെ മാഷ് ചിലപ്പോൾ മറന്നുപോയിട്ടുണ്ടാകാം, കാലം കുറേയായില്ലേ. എന്നാൽ ഇപ്പോൾ ഇത് ഓർമിപ്പിക്കേണ്ടത് എന്റെ കടമയാണെന്ന് തോന്നി. അതിന് വേണ്ടിയാണ് ഇത്രയും കുറിച്ചത്.
അനുബന്ധം: ഈ പോസ്റ്റിന് ക്യാപ്സ്യൂളായി സരസൻ സംഭവം പൊക്കിക്കൊണ്ട് ചിലർ വരുമെന്ന് എനിക്കറിയാം. എന്നാൽ വാട്സാപ്പ് - ഫേസ് ബുക്ക് ഗ്രൂപ്പുകളിൽ കിട്ടുന്ന ക്യാപ്സ്യൂളുകൾക്കപ്പുറം ചരിത്രം അറിയാത്തവർക്കായി ഒരു വാക്ക്: സരസൻ സംഭവത്തിന്റെ പേരിൽ സ. ബേബി ജോണിനെയും ആർ.എസ്‌പി പ്രവർത്തകരെയും വേട്ടയാടിയത് അന്നത്തെ പ്രതിപക്ഷം മാത്രമായിരുന്നില്ല. കോൺഗ്രസിനൊപ്പം സിപിഎമ്മും സിപിഐയും കൂടി ചേർന്നാണ് ബേബി ജോണിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതും ബേബി ജോണിനെ 'കൊലയാളി' എന്ന് വിളിച്ചതും.
കോൺഗ്രസ് എന്റെ പിതാവിനെ നേരെ എതിരെ നിന്ന് എതിർത്തപ്പോൾ കൂടെ നിന്ന് പിന്നിൽ നിന്നും കുത്തിയത് സിപിഎമ്മും സിപിഐയുമായിരുന്നു. അന്നത്തെ ഇടതുമുന്നണി സർക്കാറിൽ ടി.കെ രാമകൃഷ്ണൻ മന്ത്രിയായിരുന്ന അഭ്യന്തര വകുപ്പിന് കീഴിലെ പൊലീസായിരുന്നു ഇടതുമുന്നണിയിലെ ഘടകകക്ഷിയായിരുന്ന ആർ.എസ്‌പിയുടെ പ്രവർത്തകരെയെല്ലാം കൊലയാളികളായി മുദ്രകുത്തി മൂന്നാം മുറകൾക്ക് ഇരയാക്കിയതെന്നുമുള്ള ചരിത്രം നിങ്ങളെ ഓർമിപ്പിക്കട്ടെ.
മറുനാടന് മലയാളി ബ്യൂറോ