- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്; കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്; എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്; ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത കോവൂർ കുഞ്ഞുമോന് മറുപടിയുമായി ഷിബു ബേബി ജോൺ
കൊല്ലം: ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത കൊവൂർ കുഞ്ഞുമോന് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി ഷിബു ബേബി ജോൺ. കുഞ്ഞുമോന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷിബു ബേബി ജോൺ മറുപടി നൽകിയത്.
'ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്' എന്ന് ഷിബു ബേബി ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആർഎസ്പി പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു.
കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോൺ പങ്കെടുത്തില്ല. യുഡിഎഫിലെ ഐക്യമില്ലായ്മയാണ് ചവറയിലടക്കം ആർഎസ്പിയുടെ മത്സരിച്ച അഞ്ചു സീറ്റിലും പരാജയപ്പെടാൻ കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. യുഡിഎഫിനോടും പാർട്ടിയോടും ഒരേസമയം അതൃപ്തി പ്രകടിപ്പിക്കുകയാണ് ഷിബു.
ചവറയിൽ ഇത്തവണ വിജയം ഉറപ്പിച്ചതായിരുന്നു ആർഎസ്പിയും ഷിബു ബേബി ജോണും. കുന്നത്തൂരും ഇരവിപുരത്തും മികച്ച വിജയസാധ്യതയും പാർട്ടി കണക്കാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മത്സരിച്ച എല്ലാ സീറ്റിലും പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാൽ നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നത് അപക്വമാകുമെന്ന് വിലയിരുത്തലിൽ യോഗം പിരിഞ്ഞു.
ഇതിന് പിന്നാലെയാണ് ആർഎസ്പിയെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂർ കുഞ്ഞുമോൻ രംഗത്ത് എത്തിയത്. യുഡിഎഫിന്റെ സഖ്യകകക്ഷിയായ ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നതായാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞത്. ഷിബു ബേബി ജോണുമായി നേരിൽ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ ഘടക കക്ഷിയാണ് കോവൂർ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള ആർഎസ്പി ലെനിനിസ്റ്റ്. എഎ അസീസിന്റെയും ഷിബു ബേബി ജോണിന്റെയും നേതൃത്വത്തിലുള്ള ആർഎസ്പിക്ക് ഇനി യുഡിഎഫിൽ തുടർന്ന് പോകാൻ സാധിക്കില്ലെന്നും അതിനാൽ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കുഞ്ഞുമോൻ പറഞ്ഞു.
നിലവിൽ ആർഎസ്പിക്ക് നിയമസഭയിൽ അംഗങ്ങളില്ല. എൽഡിഎഫിന്റെയും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിയുടെയും പേരിലാണ് കോവൂർ കുഞ്ഞുമോൻ ആർഎസ്പിയോട് മുന്നണി മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്. ആർഎസ്പി ശക്തമായ പാർട്ടിയായി നിലനിൽക്കേണ്ടതുണ്ടെന്നും കുഞ്ഞുമോൻ പ്രതികരിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ആർഎസ്പിയെ കോവൂർ കുഞ്ഞുമോൻ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തതായി വാർത്ത കണ്ടു. ഇപ്പോഴും വരാന്തയിൽ തന്നെയല്ലേ നിൽക്കുന്നത്. കുഞ്ഞുമോൻ ആദ്യമൊന്ന് അകത്ത് കേറ്. എന്നിട്ടാവാം മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് എംഎൽഎയാണ്...എൽഡിഎഫ് ഒറ്റക്കെട്ടായി നിന്ന് ജയിപ്പിച്ച് രണ്ടാം തവണയും നിയമസഭയിലെത്തിച്ച എംഎൽഎ.. അതിനും വേണം ഒരു യോഗം.. നിങ്ങൾ അകത്തുണ്ടായിട്ടും പുറത്തിരുന്ന് കരയാൻ മാത്രമല്ലേ വിധി എന്നതടക്കം ഒട്ടേറെ കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് വരുന്നത്.
ന്യൂസ് ഡെസ്ക്