തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ സ്വദേശിയായ ഷിബുവിനെ പട്ടാപ്പകൽ പൊലീസ് അർദ്ധനഗ്നനാക്കി വലിച്ചിഴച്ചുവെന്ന് പരാതി. ഉടുവസ്ത്രം പോലുമില്ലാതെ പാങ്ങോട് പൊലീസ് തന്നെ വലിച്ചിഴച്ചുവെന്നാണ് ഷിബുവിന്റെ പരാതി. വസ്തുഇടപാടുമായി ബന്ധപ്പെട്ട ചെക്ക് മടങ്ങിയതാണ് അറസ്റ്റിന് കാരണമെന്ന് ഷിബു മറുനാടൻ മലയാളിയോട് പറഞ്ഞു. പാങ്ങോട് എസ്‌ഐ നിയാസാണ് അറസ്റ്റ് ചെയ്തത്.

ഷിബുവിന്റെ വാക്കുകൾ ഇങ്ങനെ:

'ഇടുക്കിയിൽ വസ്തു ആവശ്യപ്പെട്ട ഒരാളിന് ഏലത്തോട്ടം നോക്കാൻ പോയി. തോട്ടം പരിചയപ്പെടുത്തി തന്ന ആളുടെ മൊബൈലിൽ എന്റെ നമ്പർ കിടന്ന കാരണത്താൽ, ഇടുക്കി ആളിയാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഒരു കൂട്ടക്കൊലപാതകം നടന്നു. കൃഷ്ണൻ എന്നുപറയുന്ന ആളുടെ കുടുംബം മരണപ്പെട്ടു. കൃഷ്ണനും ഈ ഭൂമി കാണിച്ചുതരാൻ വന്നയാളുമായി പരിചയക്കാരാണ്. കൃഷ്ണൻ മരിച്ച ദിവസം ഈ സ്ഥലം കാണിച്ചുതന്നയാൾ വിളിച്ചിട്ടുണ്ട്. ഭൂമി കാണിച്ചുതരാൻ വന്നയാളിന്റേതടക്കം മൊബൈൽ നമ്പറുകളെല്ലാം ശേഖരിച്ച് 400 പേരുടെ മൊഴി പൊലീസ് എടുക്കാൻ തീരുമാനിച്ചു. അതിൽ പെട്ട തിരുവനന്തപുരം ജില്ലയിലുള്ള മൂന്നുപേരിൽ ഒരാളാണ് ഞാൻ'

കാരേറ്റ് നിന്ന് കല്ലറ വഴിയാണ് പാങ്ങോട് സ്റ്റഷനിലേക്ക് തന്നെ എസ്‌ഐ നിയാസ് കൊണ്ടുവന്നത്. വഴിയിൽ നഭസ് ഓഡിറ്റോറിയത്തിൽ വിവാഹം നടക്കുന്നുണ്ടായിരുന്നു. ധാരാളം പേർ വിവാഹത്തിൽ പങ്കുകൊള്ളാൻ എത്തിയിരുന്നു. സ്ത്രീകളടക്കമുള്ളവരുടെ മുമ്പിൽ വച്ചാണ് എന്നെ അർദ്ധനഗ്നനാക്കി വലിച്ചിഴച്ചത്. അടിവസ്ത്രത്തിൽ തന്നെ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം നിർത്തിയെന്നും ഷിബു പറയുന്നു.

മാനക്കേട് മൂലം ഒമ്പതാം ക്ലാസിൽ പഠിച്ച മകളെ ഇന്ന് മറ്റൊരു സ്‌കൂളിലേക്ക മാറ്റി. കല്ലറ മദർ ഇന്ത്യ സ്‌കൂളിൽ നിന്ന് കല്ലറ സർക്കാർ സ്‌കൂളിലേക്കാണ് മാറ്റിയത്. മകൾക്ക് സ്‌കൂളിൽ പോകാത്ത സാഹചര്യത്തിൽ ഇന്ന് ആ സ്‌കൂളിൽ നിന്ന് മാറേണ്ടി വന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് ഷിബു. എസ്‌ഐയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയിന്റ്‌സ് അഥോറിറ്റിക്കും പരാതി നൽകി കാത്തിരിക്കുകയാണ് ഷിബു.