മസ്‌കത്ത്: എറണാകുളം പെരുമ്പാവൂരിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ നിരാലംബയായ അമ്മക്ക് കൈതാങ്ങായി ഷിഫാ അൽ ജസീറ ഗ്രൂപ്പ്. ജിഷയുടെ അമ്മക്ക് വീടുവെക്കാൻ അഞ്ച് സെന്റ് സ്ഥലവും മൂന്ന് ലക്ഷം രൂപയും നൽകുമെന്ന് ഗ്രൂപ്പ് ചെയർമാൻ കെ.ടി റബിഉല്ല പത്രകുറിപ്പിൽ അറിയിച്ചു.

കനാൽ പുറമ്പോക്കിലെ തകര ഷീറ്റിട്ട ഒറ്റമുറി വീട്ടിൽ ദാരിദ്രത്തോട് പടവെട്ടിയാണ് ജിഷ നിയമ ബിരുദം വരെ പഠിച്ചത്. സ്വന്തമായി സുരക്ഷിതത്വമുള്ള വീടെന്ന സ്വപ്നം പൂവണിയിക്കാനാകാതെയാണ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പ് ഈ ഉദ്യമം ഏറ്റെടുക്കുന്നത്.

സഹായം കൈമാറുന്നതിന് ഷിഫാ അൽ ജസീറ റിയാദ് പോളികൽനിക്ക് സിഇഒ അഷ്റഫ് വേങ്ങാട്ട്, റൂവി ഹോസ്പിറ്റൽ ജനറൽ മാനേജർ ഷാക്കിർ, മീഡിയ വൈസ് പ്രസിഡന്റ് സതീഷ് എരിയാളത്ത് എന്നിവരെ ചുമതലപ്പെടുത്തിയതായും ഡോ.റബിഉല്ല പറഞ്ഞു.

പരവൂർ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അമ്പതിനായിരം രൂപ വീതം ഷിഫാ അൽ ജസീറ സഹായം നൽകിയിരുന്നു. പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ ഉപയോഗശൂന്യമായത് കണക്കിലെടുത്ത് നൂറ് കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ള വിതരണവും നടത്തിയിരുന്നു.