മനാമ: ഒളിമ്പിക്‌സ് മെഡൽ ജേതാക്കളായ ഇന്ത്യൻ താരങ്ങളെ ഗൾഫിലെ പ്രമുഖ മെഡിക്കൽ ശൃംഖലയായ ഷിഫ അൽ ജസീറ ആദരിക്കും.

റിയോയിൽ ഇന്ത്യയുടെ അഭിമാന താരങ്ങളായി ബാഡ്മിന്റണിൽ വെള്ളിമെഡൽ നേടിയ പി.വി സിന്ധുവിനും ഗുസ്തിയിൽ വെങ്കലം കരസ്ഥമാക്കിയ സാക്ഷി മാലികിനുമാണ് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സ്വർണമെഡൽ സമ്മാനിക്കുകയെന്ന് ചെയർമാൻ ഡോ. കെ ടി റബീഉള്ള അറിയിച്ചു. ഇരുവർക്കും 10 പവൻ വീതമുള്ള സ്വർണമെഡലുകളാണ് സമ്മാനിക്കുക.

സ്വന്തം ഗ്രാമമായ മലപ്പുറം ജില്ലയിലെ കോഡൂരിൽ കായിക പ്രോത്സാഹനത്തിനായി നിരവധികാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് റബീഉള്ള പറഞ്ഞു. തായ്വാനിൽ നടക്കുന്ന ഏഷ്യൻ യൂനിവേഴ്‌സിറ്റി സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലയാളി താരം കോട്ടക്കൽ സ്വദേശിനി ഐഷയെ സ്‌പോൺസർ ചെയ്യുന്നത് റബീഉള്ളയാണ്. കോഡൂരിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫുട്ബാൾ ഗ്രൗണ്ടും നിർമ്മിച്ചിട്ടുണ്ട്.