റിയാദ്: പ്രവാസം മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കി മടങ്ങിയ മലപ്പുറം വാഴക്കാട് സ്വദേശി സൈതുക്ക എന്ന ടി.പി സൈതലവിക്ക് ബത്ഹയിലെ ശിഫ അൽജസീറ പോളിക്ലിനിക്ക് മാനേജ്‌മെന്റും സഹപ്രവർത്തകരും യാത്രയയപ്പ് നൽകി. ക്ലിനിക്ക് പേഷ്യന്റ് കെയർ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. 35 വർഷം മുമ്പ് ടൈലർ വിസയിൽ നജ്‌റാനിലാണ് എത്തിയത്.

15 വർഷം അവിടെ ജോലി ചെയ്ത ശേഷം സ്‌പോൺസർ മരിച്ചപ്പോൾ റിയാദിലുള്ള ബന്ധുക്കളുടെ അടുത്തെത്തുകയായിരുന്നു. ശിഫ അൽജസീറ പോളിക്ലിനിക്കിൽ 14 വർഷമായി ജോലി ചെയ്യുന്നു. പ്രവാസത്തിന്റെ വിരസതയകറ്റാൻ തന്റെ കരകൗശല വിരുത് ഉപയോഗിച്ച് പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും കൊണ്ട് വിവിധ അലങ്കാര വസ്തുക്കളും പൂക്കളും ഉണ്ടാക്കി വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.

ഗായകനും പാചക കലയിൽ വിദഗ്ധനുമാണ്. സ്വന്തം തീരുമാനപ്രകാരമാണ് പ്രവാസത്തിന് വിരാമമിടുന്നത്. സക്കീനയാണ് ഭാര്യ. മകൻ സർജൂൻ അലി റിയാദിലുണ്ട്. മകൾ സഫ സെയ്യിദ വിവാഹിതയാണ്. മരുമകൻ സജ്ജാദ് റഹ്മാൻ. ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. രാജ് ശേഖർ ഉപഹാരം സമ്മാനിച്ചു. മാനേജർ അശ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു.

മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് ഫിലിപ്പ്, ചീഫ് മെഡിക്കൽ ഓഫീസർ, ഡോ. സുരേഷ്, ഡോ. അലക്‌സാണ്ടർ ഈശോ, ഡോ. ശാഹുൽ ഹമീദ്, ഡോ. ഉവൈസ് ഖാൻ, അക്‌ബർ വേങ്ങാട്ട്, കെ.ടി മൊയ്തു, കുഞ്ഞു മുഹമ്മദ് (കുഞ്ഞാക്ക), അബ്ദുൽ അസീസ് പൊന്മുണ്ടം, ഉമർ വേങ്ങാട്ട്, ജെഫ്‌നാസ്, ജെയ്?മോൻ, ബഷീർ, ഫിറോസ്?, ജാഫർ ഷാലിമാർ, ബാവ താനൂർ, ഹംസ മധുരക്കുഴി, ഫിറോസ് ഖാൻ, നുസൈബ ഇസ്ഹാഖ്, റെജി സെബാസ്റ്റ്യൻ, മോളി, ബിന്ദു, മനിലിൻ തുടങ്ങിയവർ ആശംസ നേർന്നു.