കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഷിഗെല്ലാ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ മായനാട് കോട്ടാംപറമ്പ് ഭാഗത്തെ രണ്ടു കിണറുകളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്ത് ഷിഗെല്ല ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം അഞ്ച് കിണറുകളിലെ വെള്ളം എടുത്ത് മലാപ്പറമ്പിലെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് ലഭിക്കാൻ നാല് ദിവസം കൂടി കഴിയും. സാംപിൾ എടുത്തതുൾപ്പെടെ നാനൂറോളം കിണറുകളിൽ ഇതിനകം സൂപ്പർ ക്ലോറിനേഷൻ നടത്തി.

കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 11 വയസ്സുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ലാ ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് ഷിഗല്ലാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ 9 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോട്ടാംപറമ്പ് പ്രദേശത്ത് ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേരാണ് വീടുകളിൽ ചികിത്സയിലുള്ളത്. ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടം അറിയാൻ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള ഡോ. എ.എൽ.സച്ചിൻ, ഡോ. നിഖിൽ മേനോൻ എന്നിവർ ഇന്നലെയും പ്രദേശത്ത് പരിശോധന നടത്തി.

കോർപറേഷനും എൻഎച്ച്എമ്മും ചേർന്ന് ഇന്നു രാവിലെ 10ന് കോട്ടാംപറമ്പിൽ തുടർ മെഡിക്കൽ ക്യാംപ് നടത്തും. കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കാണപ്പെട്ടവർക്ക് മരുന്നു നൽകിയിരുന്നു. ഇവരോട് ഇന്നത്തെ ക്യാംപിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

എന്താണ് ഷിഗല്ല രോഗം

ഷിഗല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല.മലിനജലത്തിന്റെ ഉപയോഗമാണ് പ്രധാനകാരണം.വ്യക്തി തലത്തിൽ ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം.

രോഗലക്ഷണങ്ങൾ

വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.

ചികിത്സ

ചെറിയ രോഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടിയാൽ രോഗം അപകടകരമാകുന്നതും തടയാം. ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനേയും വൃക്കയേയും ബാധിക്കുന്നത് മരണത്തിന് ഇടയാക്കും. കുട്ടികളിലാണ് രോഗസാധ്യത കൂടുതൽ.വയറിളക്കത്തോടൊപ്പം നിർജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്‌നം ഗുരുതരമാക്കും.ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് തന്നെയാണ് ചികിത്സയിലെ പ്രാന മാർഗം.